എം എ ഉസ്താദിനെ ഓര്‍ക്കുമ്പോള്‍

Posted on: January 28, 2017 6:00 am | Last updated: January 28, 2017 at 1:00 pm

വലിയ പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനും നേതാവുമായിരുന്ന നൂറുല്‍ ഉലമയുടെ വേര്‍പാട് സമൂഹം അനുഭവിച്ച രണ്ട് വര്‍ഷമാണ് കഴിഞ്ഞുപോയത്. സുന്നീ കൈരളിക്ക് പുതിയ ദിശാബോധം നല്‍കിയ മദ്‌റസാ പ്രസ്ഥാനവും യുവജന കൂട്ടായ്മയുമെല്ലാം അവിടുത്തെ ചിന്തയില്‍ നിന്നു മൊട്ടിട്ടതാണ്. സമൂഹത്തില്‍ സമന്വയ വിദ്യാഭ്യാസത്തിന്റെ മാതൃകയായി സഅദിയ്യ പ്രകാശം പരത്തുമ്പോള്‍ വലിയ കടപ്പാടുകള്‍ സുന്നീ സമൂഹത്തിന് നൂറുല്‍ ഉലമയോട് ഉണ്ട്.
മനസില്‍ പ്രതിഫലിച്ചുവരുന്ന ആശയങ്ങള്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ധീരവക്താവായിരുന്നു എം എ ഉസ്താദ്. 1951 ല്‍ രൂപം കൊണ്ട മദ്‌റസാ പ്രസ്ഥാനത്തിന് പിന്നില്‍ ഉസ്താദിന്റെ തൂലിക ആയിരുന്നു. ചെറിയ ചിന്തയില്‍ നിന്നും ഉത്ഭവിച്ച വലിയ ആശയം മനസ്സിലാക്കിയ അന്നത്തെ പണ്ഡിതന്മാര്‍ നൂറുല്‍ ഉലമക്ക് നല്‍കിയ അംഗീകാരമാണ് വിദ്യാഭ്യാസ ബോര്‍ഡിലെ അംഗത്വം. ആശയം എഴുതിക്കൊടുത്തു മാത്രം തന്റെ പ്രവര്‍ത്തനം ഒതുക്കാതെ അതിനു വേണ്ടി ഇറങ്ങി പ്രവര്‍ത്തിച്ച് മാതൃകയാവുകയായിരുന്നു മൗലാന എം എ. ആശയ സാക്ഷാത്കാരത്തിന് വേണ്ടി ഉസ്താദ് നടത്തിയ യാത്രകള്‍ വൈതരണികള്‍ നിറഞ്ഞതായിരുന്നുവെന്ന് ആ ജീവചരിത്രം വായിച്ച ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
തബ്‌ലീഗ് ജമാഅത്തിന്റെ ആശയവൈകല്യങ്ങള്‍ തുറന്നുകാട്ടുന്നതില്‍ ഉസ്താദിന്റെ ഇടപെടല്‍ ചരിത്രപരമായിരുന്നു. സമൂഹത്തിന്റെ വൈജ്ഞാനികവും ആത്മീയവും ബൗദ്ധികവുമായ വളര്‍ച്ചക്ക് നിരന്തരം പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും എഴുതുകയും ചെയ്ത കര്‍മയോഗിയും ക്രാന്തദര്‍ശിയുമായിരുന്നു നൂറുല്‍ ഉലമ.

എം എ ഉസ്താദ് എന്നുകേള്‍ക്കുമ്പോള്‍ മനസില്‍ ആദ്യമെത്തുന്നത് ജാമിഅ സഅദിയ്യയാണ്. വെള്ളവും വളവും നല്‍കി ഉസ്താദ് വളര്‍ത്തിയ സ്ഥാപനം. സഅദിയ്യയുടെ ഉത്ഭവം മുതല്‍ അവസാനം അന്തിയുറങ്ങാന്‍ വരെ ആ സ്ഥാപനത്തെ ഉസ്താദ് തിരഞ്ഞെടുത്തു.
പ്രസ്ഥാനത്തിനും സ്ഥാപനത്തിനും വേണ്ടി ഓടിനടക്കുമ്പോഴും അധ്യാപനം മുടങ്ങാതിരിക്കാന്‍ ഉത്സാഹിച്ചു ഉസ്താദ്. വിയോഗത്തിന്റെ നാളുകള്‍ക്ക് മുമ്പ് വരെ സഅദിയ്യയില്‍ ഉസ്താദ് നടത്തിയ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ആനന്ദം പകരുന്നതായിരുന്നു. ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, തര്‍ക്കശാസ്ത്രം, തസവ്വുഫ്, ഗോളശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ഉസ്താദിന്റെ പ്രാവീണ്യവും പാണ്ഡിത്യവും അനുപമമായിരുന്നു.
ആത്മീയ രംഗത്ത് ഉസ്താദിന്റെ ജീവിതം പുതുതലമുറക്ക് പാഠമാണ്. പ്രാസ്ഥാനിക തിരക്കുകള്‍ക്കിടയില്‍ ഉസ്താദ് ചെയ്തുതീര്‍ക്കുന്ന നിത്യ ഔറാദുകളും ഗ്രന്ഥ രചനകളും മാതൃകാപരമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഉസ്താദിന്റെ ദിശാബോധവും ആര്‍ജവവും വലിയ താങ്ങാണ് സമുദായത്തിന് നല്‍കിയത്.
സമസ്തയോടും അതിന്റെ ആദര്‍ശത്തോടും ഉസ്താദ് കാണിച്ച ആത്മാര്‍ഥതയുടെ ഫലമാണ് പണ്ഡിത സഭയുടെ പ്രസിഡന്റ് പദവിയിലിരിക്കെ വേര്‍പിരിയാനുണ്ടായ സൗഭാഗ്യം.