യു പി: ആര്‍ക്കും അത്ര എളുപ്പമാകില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗത്തിലൂടെ 80ല്‍ 71 സീറ്റുകളും പിടിച്ചെടുത്ത ബി ജെ പിക്ക് പക്ഷേ, ഇപ്പോള്‍ സമയം അത്ര നല്ലതല്ല. 71 ലോക്‌സഭാ സീറ്റിന് തുല്യമായ 337 നിയമസഭാ സീറ്റുകള്‍ പിടിച്ചടക്കാനുള്ള രാഷ്ട്രീയ ആയുധം ബി ജെ പിയുടെ കൈയിലില്ലെന്നതാണ് പ്രധാന പോരായ്മ. കോണ്‍ഗ്രസ് കൂടെയുണ്ടെന്ന ആത്മവിശ്വാസത്തില്‍ ജനവിധി തേടുന്ന സമാജ് വാദി പാര്‍ട്ടി ഭരണ തുടര്‍ച്ചക്കായി സര്‍വ തന്ത്രങ്ങളും പയറ്റുന്നുണ്ട്. പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ അഖിലേഷ് വരുത്തിയ തലമുറ മാറ്റത്തെ ജനം അംഗീകരിക്കുമെന്നാണ് കരുതുന്നത്.
Posted on: January 28, 2017 6:00 am | Last updated: January 28, 2017 at 12:58 pm

സമകാലിക സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമേറിയ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് സംസ്ഥാന രാഷ്ട്രീയം പറയുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും വ്യക്തമായ മുന്നേറ്റം അവകാശപ്പെടാന്‍ ഒരു പാര്‍ട്ടിയും മുന്നോട്ട് വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി നാലിന് 403ല്‍ 73 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍ പ്രദേശ് ആര്‍ക്കും മനസ്സ് തുറന്നു കൊടുത്തിട്ടില്ല. ദേശീയ രാഷ്ട്രീയത്തെ അത്രമേല്‍ സ്വാധീനിക്കാവുന്ന യു പി നിയമസഭാ തിരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബി ജെ പിക്ക് ഏറെ നിര്‍ണായകമാണ്.

ഉത്തര്‍ പ്രദേശിലെ പ്രാദേശിക രാഷ്ട്രീയം ഏത് ദിശയിലേക്ക് നീങ്ങിയാലും തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ ബി ജെ പി സര്‍ക്കാറിനെ സ്വാധീനിക്കുമെന്നതില്‍ തര്‍ക്കമില്ല. ഈ സാഹചര്യം കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഭരണത്തിനിടെ ഏകാധിപത്യ നടപടികളിലൂടെ ഏറെ വിമര്‍ശിക്കപ്പെട്ട നരേന്ദ്രമോദിയെയും ബി ജെ പി സര്‍ക്കാറിനെയും സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഇതിനാല്‍ ഉത്തര്‍പ്രദേശിലെ വിജയം തങ്ങളുടെ ജീവല്‍പ്രശ്‌നമായി കാണുന്ന മോദി ഇതിനായി ഏത് വഴിയും സ്വീകരിച്ചേക്കും. ആശയങ്ങള്‍ക്കും ആദര്‍ശത്തിനുമപ്പുറം വര്‍ഗീയതയും ഫാസിസവുമാണ് പാര്‍ലിമെന്ററി രാഷ്ട്രീയത്തിലുടനീളം പ്രധാന ആയുധമായി ഉപയോഗിച്ച് വരാറുള്ളത്. മതവിദ്വേഷവും കലാപങ്ങളും വ്യാജപ്രചാരണങ്ങളും തരാതരം ഉപയോഗിക്കാറുള്ള ബി ജെ പിക്ക് പക്ഷേ, ഇത്തവണ ഈ നീക്കം അത്ര വിജയം കാണാനിടയില്ലെന്നാണ് ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തെളിയിക്കുന്നത്.

സമാജ്‌വാദി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാനാകാതെ വലയുന്ന കോണ്‍ഗ്രസും ബി എസ് പിയും, നിലവിലെ സമയം അത്ര ശരിയല്ലാത്ത ബി ജെ പിയും- അങ്ങനെ കുഴഞ്ഞ് മറഞ്ഞ് കിടക്കുന്ന ഉത്തര്‍പ്രദേശിന്റെ മണ്ണില്‍ നിന്ന് ആര് വിള കൊയ്യുമെന്നത് കണ്ടറിയേണ്ടതാണ്. ഇതോടൊപ്പം രാജ്യത്തെ ജന്മി-ജാതി വ്യവസ്ഥകളില്‍ രൂപപ്പെടുന്ന സമവാക്യങ്ങളും, സഖ്യസാധ്യതകളും നിര്‍ണായകമാകുന്ന ഉത്തര്‍ പ്രദേശ് അവസരത്തിനൊത്ത് ഉയരാന്‍ കഴിയുന്നവരെ കാത്തിരിക്കുകയാണ്. ഈ പോര്‍ക്കളത്തില്‍ അരയും തലയും മുറുക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായി തന്നെ രംഗത്തുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗത്തിലൂടെ 80ല്‍ 71 സീറ്റുകളും പിടിച്ചെടുത്ത ബി ജെ പിക്ക് പക്ഷേ, ഇപ്പോള്‍ സമയം അത്ര നല്ലതല്ലെന്നാണ് ഉത്തര്‍പ്രദേശുകാരുടെ അടക്കംപറച്ചില്‍. എന്നാല്‍, ലോക്‌സഭ – നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വ്യത്യാസവും, പ്രാദേശിക കാഴ്ചപ്പാടുകളും പരിഗണിക്കുമ്പോള്‍ ബി ജെ പിക്ക് ഇത് നിലനിര്‍ത്താന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍. 14.22 കോടി വോട്ടര്‍മാരുടെ മനസ്സമ്മതം നേടി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ ഭരണം പിടിച്ച് അതുവഴി കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന ബി ജെ പി അതിനുള്ള കരുനീക്കങ്ങള്‍ നടത്തി വരുന്നുണ്ട്. എന്നാല്‍, 71 ലോക്‌സഭാ സീറ്റിന് തുല്യമായ 337 നിയമസഭാ സീറ്റുകള്‍ പിടിച്ചടക്കാനുള്ള രാഷ്ട്രീയ ആയുധം ബി ജെ പിയുടെ കൈയിലില്ലെന്നതാണ് പ്രധാന പോരായ്മ. ജനസമ്മതരായ നേതാക്കള്‍ അധികമില്ലാത്ത ബി ജെ പിക്ക് ഇവിടെ അത്ര ശോഭയില്ലാത്ത മോദി പ്രഭാവത്തെ തന്നെ ഈ തിരഞ്ഞെടുപ്പിനും ആശ്രയിക്കേണ്ടി വരുമെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ നോട്ടുനിരോധമുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകള്‍ വിളിച്ചുവരുത്തിയ അതൃപ്തി നിലനില്‍ക്കെ നിലവിലെ മോദി പ്രഭാവത്തില്‍ ഒരിക്കല്‍ കൂടി ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പോലും പ്രഖ്യാപിക്കാനാകാത്ത ബി ജെ പി അമിത്ഷായുടെ തന്ത്രങ്ങളും, മോദിയുടെ പ്രചാരണവും മാത്രമാണ് യു പിയില്‍ ആശ്രയിക്കുന്നത്.

തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബി ജെ പി പയറ്റുന്ന പതിവ് പരിപാടിയായ ‘ചാടിക്കലി’ലൂടെ യു പിയിലെ പ്രമുഖ പാര്‍ട്ടികളിലെ എം എല്‍ എമാരുള്‍പ്പെടെ നിരവധി നേതാക്കളെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനായിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാന്‍ അതൊന്നും മതിയാകില്ലെന്നതാണ് അവസ്ഥ. അതോടൊപ്പം ഖാപ്പ് പഞ്ചായത്തുകളുടെയും ജാട്ട് സമുദായത്തിന്റെയും പരസ്യമായ എതിര്‍പ്പും മുസ്‌ലിംകളുടെ ഏകീകരണവും ബ്രാഹ്മണ രജപുത്ര, ബനിയ, നിഷാദ് തുടങ്ങിയ സവര്‍ണരുടെയും മറ്റു യാദവേതര വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കാന്‍ 2014ലെ പോലെ കഴിയില്ലെന്നതും ബി ജെ പിയുടെ സാധ്യതകളെ സ്വാധീനിക്കുമെന്നാണ് യു പി ഗ്രാമങ്ങള്‍ പറയുന്നത്. മുന്‍ പി സി സി അധ്യക്ഷ റീത്ത ബഹുഗുണ ജോഷി, ബി എസ് പി നേതാവ് സ്വാമി പ്രസാദ് മൗര്യ, എസ് പി നേതാവും എം പിയുമായ നരേഷ് അഗര്‍വാളിന്റെ മകന്‍ അഖിലേഷ് വര്‍മ തുടങ്ങി ഒമ്പത് എം എല്‍ എമാരെയാണ് ബി ജെ പി ചാടിച്ചത്. ഇതിന് പുറമെ പ്രതിദിനം 150 രൂപ ശരാശരി ശമ്പളമുള്ള ഉത്തര്‍ പ്രദേശിലെ സാധരണക്കാര്‍ക്ക് നോട്ട് അസാധുവാക്കല്‍ വരുത്തിവെച്ച ദുരിതങ്ങളും ബി ജെ പിയെ പ്രതിക്കൂട്ടിലാക്കും.
അതേസമയം, വന്‍ ഭൂരിപക്ഷത്തോടെ ബി എസ് പിയില്‍ നിന്ന് സംസ്ഥാന ഭരണം തിരിച്ചുപിടിച്ച സമാജ്‌വാദി പാര്‍ട്ടിക്ക് പക്ഷേ, അഞ്ചു വര്‍ഷത്തിനിപ്പുറം തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അത്ര നല്ല പ്രതിച്ഛായയല്ല ഉള്ളത്. പാര്‍ട്ടിയിലെ ആഭ്യന്തര കലാപങ്ങള്‍ പിളര്‍പ്പിലേക്ക് വഴി വെച്ചതോടെ അവസാനം കലമുടച്ച പാര്‍ട്ടി ഇപ്പോള്‍ ഏച്ചുകെട്ടിയ ഐക്യവുമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് കൂടെയുണ്ടെന്ന ആത്മവിശ്വാസത്തില്‍ ജനവിധി തേടുന്ന പാര്‍ട്ടി ഭരണ തുടര്‍ച്ചക്കായി സര്‍വ തന്ത്രങ്ങളും പയറ്റുന്നുണ്ട്. യാദവ കുടുംബാംഗങ്ങളുടെ അതിപ്രസരം മൂലം രാഷ്ട്രീയം കുടുംബത്തിലേക്ക് ചുരുങ്ങിയ സമാജ്‌വാദി പാര്‍ട്ടിക്ക് ഭരണം നിലനിര്‍ത്താന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. നിലവില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിലൂടെ പാര്‍ട്ടി പിടിച്ചടക്കാന്‍ കഴിഞ്ഞത് കൊണ്ട് മാത്രം നിശ്ശബ്ദരായ ശിവ്പാല്‍ യാദവും അമര്‍ സിംഗും മുലായത്തിന്റെ മൗനത്തിനപ്പുറത്ത് പുറത്തെടുക്കുന്ന തന്ത്രങ്ങള്‍ എസ് പിയുടെ വിജയത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് തിരഞ്ഞെടുപ്പിന് ശേഷമേ ആറിയാനാകൂ.
എന്നാല്‍, വിഭാഗീയതക്കിടയിലും തന്ത്രങ്ങളിലൂടെ പാര്‍ട്ടിയെ പിളര്‍പ്പില്‍ നിന്ന് വഴിതിരിച്ചുവിടാന്‍ കഴിഞ്ഞ അഖിലേഷിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശുകാര്‍ക്ക് വിശ്വാസമുണ്ടെന്ന് വ്യക്തമാണ്. ഇതിന് പുറമെ പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ അഖിലേഷ് വരുത്തിയ തലമുറ മാറ്റത്തെ ജനം അംഗീകരിക്കുമെന്നാണ് കരുതുന്നത്. പതിവ് മുഖങ്ങളും അഴിമതിയും ജാതി മനോഭാവവും വിരസമാക്കിയ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയത്തില്‍ ഒരു പരിധി വരെയെങ്കിലും മാറ്റം കൊണ്ടുവരാന്‍ അഖിലേഷിന് കഴിയുമെന്നാണ് പുതുതലമുറയോടൊപ്പം ഉത്തര്‍പ്രദേശുകാര്‍ വിശ്വസിക്കുന്നത്. ഈ വിശ്വാസം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ യു പിയില്‍ ഭരണത്തുടര്‍ച്ച സാധ്യമാകുമെന്നാണ് വാസ്തവം. ഈ സാഹചര്യത്തില്‍ അഖിലേഷിന് മെച്ചപ്പെട്ട ഭരണം നല്‍കാനാകുമെന്ന് യാദവരും മുസ്‌ലിംകളുമടങ്ങുന്ന എട്ടു കോടിയിലേറെ വരുന്ന ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഒരു വിശ്വാസം വളര്‍ന്നുവന്നിട്ടുണ്ട്. ഇതോടൊപ്പം, കോണ്‍ഗ്രസുമായുള്ള സഖ്യം കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ ഈ മുന്നണിക്ക് അനുകൂലമാകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അഖിലേഷ്, രാഹുല്‍, പ്രിയങ്ക, ഡിംപിള്‍ തുടങ്ങിയ പുതുതലമുറയുടെ രാഷ്ട്രീയത്തെ ഉത്തര്‍പ്രദേശ് അംഗീകരിച്ചാല്‍ ഭരണത്തുടര്‍ച്ചയോടൊപ്പം പാര്‍ട്ടിയും പൂര്‍ണമായും അഖിലേഷിന്റെ വരുതിയിലാകും.

അതേസമയം, അഖിലേഷിന്റെ ഭരണ കാലത്ത് നടന്ന മുസാഫര്‍ നഗര്‍ കലാപവും, ദാദ്രി സംഭവവും ഉയര്‍ത്തിക്കാട്ടി പതിവ് രീതിയില്‍ ന്യൂനപക്ഷ ദളിത് വോട്ടുകള്‍ ലക്ഷ്യമിടുന്ന ബി എസ് പിക്ക് പക്ഷേ അത്ര സാധ്യത യു പിയില്‍ രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നില്ല. എന്നാല്‍, ന്യൂനപക്ഷ-ദളിത് ധ്വംസനങ്ങളെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലെ മുഖ്യ വിഷയമാക്കുന്ന ബി എസ് പി എക്കാലത്തും തങ്ങളെ തുണക്കുന്ന മുസ്‌ലിം – ദളിത് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വോട്ടുകളില്‍ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയിലെ പിളര്‍പ്പും, ബി ജെ പി വിരുദ്ധതയും വോട്ടായി പെട്ടിയില്‍ വീഴുമെന്ന പ്രതീക്ഷയില്‍ മായാവതി പ്രചാരണം ഏറെ നേരത്തെ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ബാബരി തകര്‍ച്ചക്ക് ശേഷം ചിതറിയ മുസ്‌ലിം വോട്ടുകള്‍ എസ് പി- കോണ്‍ഗ്രസ് സഖ്യത്തോടെ ഏകീകരിക്കുന്നത് ബി എസ് പിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. യു പിയിലെ പല മുസ്‌ലിം സംഘടനകളും എസ് പി-കോണ്‍ഗ്രസ് സഖ്യത്തിന് നല്‍കുന്ന പരസ്യപിന്തുണ ഇതാണ് സൂചിപ്പിക്കുന്നത്. അതേസമയം, മുസ്‌ലിം, ദളിത് ന്യൂനപക്ഷ മതേതര വോട്ടുകള്‍ എസ് പി-കോണ്‍ഗ്രസ് മുന്നണിയും, ബി എസ് പിയും പങ്കിട്ടെടുക്കുമ്പോള്‍ ഹിന്ദുവോട്ടുകളുടെ ഏകീകരണം സാധ്യമാക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞാല്‍ അത് തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.