Connect with us

Articles

നെല്ലിക്കുത്ത് ഉസ്താദ് ബഹുമുഖ പ്രതിഭ

Published

|

Last Updated

ദീനും ദുനിയാവും അറിയുകയും ആദര്‍ശ പ്രതിയോഗികളെ വളരെ സൗമ്യമായി നേരിടുകയും ഇസ്‌ലാമിന്റെ പരമ്പരാഗത ആശയങ്ങളുടെ പ്രചാരണത്തിന് വേണ്ടി അധ്യാപനത്തിലൂടെയും ഗ്രന്ഥങ്ങളിലൂടെയും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്ത പണ്ഡിത നേതാവ് ശൈഖുനാ നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ യാത്ര ചോദിച്ചിട്ട് ആറു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍, 2017 ജനുവരി 26,27 തിയ്യതികളില്‍ മഞ്ചേരിക്കടുത്ത് നെല്ലിക്കുത്ത് മഹല്ലില്‍ അദ്ദേഹത്തിന്റെ കുടുംബവും സതീര്‍ഥ്യരും ശിഷ്യന്‍മാരും സമ്മേളിക്കുകയാണ്.
1964ല്‍ വടക്കേ ഇന്ത്യയിലെ ചിരപുരാതന ദീനീ വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് പണ്ഡിത ബിരുദവും ഗുരുവര്യന്‍മാരുടെ പൊരുത്തവും കരഗതമാക്കിയ ഉസ്താദ് ദീനിന് ഭാവിയില്‍ ഉപകരിക്കുന്ന എല്ലാ തലങ്ങളിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയുണ്ടായി. ഒരു മുസ്‌ലിം എന്തെല്ലാം ലക്ഷ്യമാക്കേണ്ടതുണ്ടോ, ഒരു പണ്ഡിതന്‍ ഏതെല്ലാം കാര്യങ്ങളില്‍ നേതൃത്വം നല്‍കേണ്ടതുണ്ടോ അതെല്ലാം ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഉസ്താദിന്റെ ചലനങ്ങളില്‍, ക്ലാസുകളില്‍, രചനകളില്‍ നിറഞ്ഞുനിന്നിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് വിവരണം, ഗോളശാസ്ത്രം, കര്‍മ്മശാസ്ത്രം, ജീവശാസ്ത്രം എന്നിങ്ങനെ പണ്ഡിതന്‍മാര്‍ക്കും ആധുനിക സമൂഹത്തിനും ആവശ്യമുള്ളതെല്ലാം അദ്ദേഹത്തിന്റെ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും ക്ലാസുകളിലും എപ്പോഴും നിറഞ്ഞുനിന്നു. മതപണ്ഡിതന്മാരുടെ വിഷയം ആത്മീയ കാര്യങ്ങള്‍ മാത്രമെന്ന് ധരിക്കുന്നത് തെറ്റാണ്. പണ്ഡിതന്മാര്‍ക്കു ഇടപെടാന്‍ പറ്റാത്ത വിഷയം സമൂഹത്തിലില്ല. എല്ലാമെല്ലാം മതപണ്ഡിതന്റെ ചര്‍ച്ചയില്‍ വരണം. ചില കാര്യങ്ങള്‍ വിശദമായും മറ്റു ചില കാര്യങ്ങള്‍ മൊത്തത്തിലും പഠിച്ചുവെക്കണം. സൂറതുല്‍ ബഖറയില്‍ മൂട്ടയെക്കുറിച്ചുള്ള പഠനത്തെ പ്രോത്സാഹിപ്പിച്ചപ്പോള്‍ അന്‍കബൂത്ത് എന്ന അധ്യായത്തില്‍ ചിലന്തിയാണ് ചര്‍ച്ചയില്‍ വന്നത്. ഒട്ടകവും മലകളും ആകാശങ്ങളും ഭൂമിയും പഠന വിഷയമാണ്. ജോലികള്‍ ചെയ്തും കൃഷി ചെയ്തും പ്രവാസ ജീവിതം നയിച്ചും ത്യാഗങ്ങള്‍ വരിച്ച ഉന്നതന്മാരായ പ്രവാചകരുടെ പിന്‍ഗാമികള്‍ അകത്തിരിക്കേണ്ടവരല്ല.
സമസ്തയുടെയും മര്‍കസിന്റെയും നെടുംതൂണായി ഉസ്താദ് മുന്നിലുണ്ടായിരുന്നു. പരിഷ്‌കരണവാദികളുടെയും യുക്തിവാദികളുടെയും വാദങ്ങള്‍ ഉസ്താദിന്റെ യുക്തവും കണിശവുമായ അവതരണത്തില്‍ നിലംപരിശായി. സുന്നത്ത് ജമാഅത്തിന് അഭിമാനിക്കാവുന്ന ആകാരവും ഗാംഭീര്യവും മുഖപ്രസന്നതയും സ്വഭാവമഹിമയും ശൈഖുനാ കാന്തപുരം ഉസ്താദ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന നേതാക്കളോടുള്ള വിനയവും നെല്ലിക്കുത്ത് ഉസ്താദിനെ കൂടുതല്‍ ശ്രദ്ധേയനാക്കി.
പഠിക്കുന്ന കാലത്തും പൊടിയാട്ടും നന്തിയിലും പിന്നീട് ദീര്‍ഘകാലം മര്‍കസിലും മുദര്‍രിസും വൈസ് പ്രിന്‍സിപ്പലുമായി സേവനം ചെയ്ത അദ്ദേഹത്തിന് പ്രത്യേകമായ ആഗ്രഹങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. തലയെടുപ്പുള്ള ധാരാളം പണ്ഡിതശിഷ്യന്‍മാര്‍ വേണം, കനപ്പെട്ട ഗ്രന്ഥങ്ങള്‍ എഴുതണം, ഒരു വലിയ ലൈബ്രറി സ്ഥാപിക്കണം… ഈ ആഗ്രഹങ്ങള്‍ പുലര്‍ന്നതില്‍ ആ ആത്മാവ് പരലോകത്ത് സംതൃപ്തിയടയുന്നു. ഉസ്താദിന്റെ മര്‍കസിലെ സാന്നിധ്യം ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഞാനടക്കമുള്ള അധ്യാപകരും ശിഷ്യന്‍മാരും ഉപയോഗപ്പെടുത്തി. ആ വലിയ മനുഷ്യനെ പരിചയപ്പെട്ടവരെല്ലാം ധന്യരായി. സാധാരണക്കാര്‍ക്കും പണ്ഡിതന്‍മാര്‍ക്കും വിരോധികള്‍ക്ക് പോലും എപ്പോഴും സമീപിക്കാവുന്ന ലാളിത്യം അസൂയാവഹമാണ്.
ഉസ്താദിന്റെ ജീവിതം പഠിക്കാന്‍ മുതഅല്ലിംകള്‍ ഉത്സാഹം കാണിക്കണം, വിദ്യാര്‍ഥി ജീവിതം മുതല്‍ അദ്ദേഹം കാണിച്ച ഉത്സാഹവും ത്യാഗവും മാതൃകയാക്കണം. ജനകീയത ലഭിക്കാന്‍ എല്ലാ വിദ്യാര്‍ഥികളെയും ഉപദേശിച്ച ആ വന്ദ്യഗുരുവില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഇഷ്ടം പോലെ ആസ്വദിച്ചെങ്കിലും ഇത്ര വേഗം ആ സൂര്യന്‍ അസ്തമിക്കുമെന്ന് കരുതിയില്ല. ഈ ലോകത്തെയും പരലോകത്തെയും കുറിച്ചുള്ള വിശാലമായ അറിവുകളുടെ നീരുറവകള്‍ അദ്ദേഹം പലര്‍ക്കും കൊടുത്തേല്‍പ്പിച്ചതുകൊണ്ട് മുതഅല്ലിംകള്‍ സങ്കടപ്പെടേണ്ടതില്ല. അല്ലാഹു കണക്കാക്കിയ സമയത്ത് പോകാതെ പറ്റില്ലല്ലോ. പ്രസംഗത്തില്‍ പോയിന്റുകള്‍ ഉള്‍പ്പെടുത്തുന്ന രീതി, ക്ലാസുകളില്‍ ആനുകാലിക വിഷയങ്ങള്‍ ഹദീസുകളുമായി സമന്വയിപ്പിക്കുന്ന പാടവം, തര്‍ക്കിക്കുന്നവരുടെ വാദമുനകള്‍ ഉടച്ചെറിയുന്ന സംവാദശൈലി, ഒരാളെയും ഒരിക്കലും വെറുപ്പിക്കാത്ത വിനയവും സ്വഭാവവും എല്ലാം നെല്ലിക്കുത്ത് ഉസ്താദില്‍ നിന്ന് നാം പഠിക്കണം. വിദ്യാര്‍ഥികളോടും സഹപ്രവര്‍ത്തകരോടും ദീന്‍പറയും. ദുന്‍യാവിന്റെ വിഷയങ്ങള്‍ ദീനിന് ഉപയോഗപ്പെടുത്തുന്നതില്‍ ഉലമാക്കള്‍ സജീവമാകണമെന്നും ആ രംഗത്ത് കാന്തപുരം ഉസ്താദിനെ എല്ലാ ഉലമാക്കളും മാതൃകയാക്കണമെന്നും പലപ്പോഴും പറഞ്ഞിട്ടുണ്ട്.
പണക്കാരുടെയും ഭൗതിക നേതാക്കളുടെയും കഴിവുകള്‍ ഉലമാക്കള്‍ ദീനിന് സഹായകമാക്കണം. അവര്‍ക്ക് ഉപദേശവും നേതൃത്വവും നല്‍കാന്‍ പണ്ഡിതന്‍മാര്‍ക്ക് കഴിയണം. പണ്ഡിത ബിരുദം ലഭിക്കുന്നതോടൊപ്പം ഏതെങ്കിലും ജോലി സമ്പാദിച്ചെടുത്താല്‍ സ്വന്തം കാലില്‍ ധൈര്യത്തോടെ നില്‍ക്കാം. അങ്ങനെ ശക്തി പ്രാപിച്ച ഉലമാക്കള്‍ എവിടെയും തല ഉയര്‍ത്തി നില്‍ക്കും. ഉസ്താദിന്റെ മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം ദീനീ സേവനത്തിന്റെ വഴികളില്‍ സജീവമാണ്. ഗുരുനാഥന്‍മാര്‍, ഇമാമുമാര്‍, നല്ല സംഘാടകര്‍ ഈ തലങ്ങളിലെല്ലാം മുസ്‌ലിം സമുദായത്തിന് ഇനിയും ആള്‍ വേണം. നെല്ലിക്കുത്തിലെ വീട്ടുപരിസരത്ത് തന്റെ മഖാമിന്റെ ചാരത്ത് ലൈബ്രറിയും, മകന്‍ ഉമറുല്‍ ഫാറൂഖ് സഖാഫിയുടെ നേതൃത്വത്തില്‍ ദഅ്‌വ പഠന സൗകര്യമുള്ള മഖ്ദൂമിയ്യ ദര്‍സും സജീവമായി പ്രവര്‍ത്തിച്ച് വരുന്നു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ

Latest