കുരുന്നുകളുടെ ഭാവിക്കു വേണ്ടി

Posted on: January 26, 2017 6:00 am | Last updated: January 25, 2017 at 10:02 pm
SHARE

വിദ്യാഭ്യാസമെന്നത് അറിവ് ആര്‍ജിക്കല്‍ മാത്രമല്ല എന്നും വിദ്യാര്‍ഥിയെ വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ പ്രാപ്തമാക്കാന്‍ കൂടിയാണെന്നും മാര്‍ട്ടിന്‍ ലൂഥര്‍ കിംങ് പറഞ്ഞിട്ടുണ്ട്. അറിവിന്റെ പുതിയ ആകാശങ്ങള്‍ കീഴടക്കാന്‍ ചിറകുകള്‍ നല്‍കുന്നതിനൊപ്പം ജാതി-മത-വര്‍ണ ഭേദങ്ങള്‍ക്കതീതമായി മാനവികതയുടെ നന്‍മകളിലേക്ക് പുതിയ തലമുറയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൂടി വിദ്യാഭ്യാസത്തിന് കഴിയേണ്ടതുണ്ട്. എക്കാലവും ലോകത്തിന് മാതൃകയായ കേരളം ഈ ഉദ്ദേശ്യത്തോടെ ഈ രംഗത്ത് പുതിയ ഒരു കാല്‍വെപ്പ് നടത്തുകയാണ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ. ലോകത്തെവിടെയുമുള്ള സമപ്രായക്കാരുമായി അറിവിന്റെയും കഴിവിന്റെയും കാര്യത്തില്‍ തുല്യശേഷിയുള്ളവരായി നമ്മുടെ കുട്ടികളെ മാറ്റാന്‍ ഈ യജ്ഞത്തിലൂടെ സാധിക്കും.
ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളീയ സമൂഹത്തിന്റെ സമഗ്രപുരോഗതിയും ഗുണമേന്‍മയുള്ള ജീവിതവും ലക്ഷ്യം വെച്ച് നാല് മിഷനുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അവയിലൊന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. 1957ലെ ഇ എം എസ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ആധുനിക കേരളം കെട്ടിപ്പടുക്കാന്‍ അടിത്തറയിട്ടത്. നവോത്ഥാനപ്രസ്ഥാനത്തിന്റെ കളമൊരുക്കല്‍ അത്തരം നടപടികള്‍ക്ക് പിന്‍ബലം നല്‍കി. ഭൂപരിഷ്‌കരണം, ആരോഗ്യം, വിദ്യാഭ്യാസം, തുല്യനീതി, തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ലോകത്തെ അതിശയിപ്പിച്ച വികസനമാതൃക സൃഷ്ടിച്ചു. അടിസ്ഥാനപരമായ ജീവിതപ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരമുണ്ടാക്കാനായെങ്കിലും പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ശാസ്ത്ര സാങ്കേതിക വ്യാവസായിക സാമ്പത്തിക മേഖലകളിലുണ്ടായ മാറ്റങ്ങള്‍ക്കനുസൃതമായി കേരള മാതൃക പരിഷ്‌കരിച്ച് വികസിപ്പിക്കേണ്ടതുണ്ടെന്ന് നാം മനസ്സിലാക്കി. വികസനത്തിന്റെ രണ്ടാം തലമുറപ്രശ്‌നങ്ങള്‍ക്കൊപ്പം ആഗോളവത്കരണ നയങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക വിടവുകളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കേണ്ടതായും വന്നു. ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണവും ജനാധിപത്യപരമായ ആവിഷ്‌കാരവുമാണ് ഇതിനുള്ള പ്രതിവിധി എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ നാം നവകേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യവുമായി മുന്നിട്ടിറങ്ങുകയാണ്.
പൊതുവിദ്യാഭ്യാസരംഗം അഭൂതപൂര്‍വമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. സമഗ്രവും ബൃഹത്തുമായ ജനകീയ യജ്ഞമാണ് ലക്ഷ്യമിടുന്നത്. ഇത് അല്‍പകാലത്തേക്കുള്ള താത്കാലിക പദ്ധതിയല്ല. മറിച്ച് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഏറ്റവും ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുന്ന മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയാണ്. സംസ്ഥാനതലത്തില്‍ പൊതുവായ ചില മാനദണ്ഡങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും. ഓരോ വിദ്യാലയത്തിനും അതിന്റേതായ പ്രത്യേകതകള്‍ക്കനുസരിച്ച് വിശദമായ വികസനരൂപരേഖ തയ്യാറാക്കാനും വ്യത്യസ്തമായ സാമ്പത്തിക ഉറവിടങ്ങളെ ഉപയോഗപ്പെടുത്തി അത് യാഥാര്‍ഥ്യമാക്കാനുമാണ് ഉദ്ദേശിക്കുന്നത്. അധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ഥികള്‍, തദ്ദേശഭരണപ്രതിനിധികള്‍, വിദ്യാഭ്യാസ തത്പരരായ വ്യക്തികള്‍ എന്നിവരുടെയെല്ലാം നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വികസനരേഖ തയ്യാറാക്കുന്നത് സ്‌കൂള്‍തല കണ്‍വീനര്‍മാരുടെ ചുമതലയാണ്. സര്‍വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ എന്നിവയുടെ സഹായം ലഭിക്കും.
യജ്ഞം നടപ്പാക്കുന്നതിന് സംസ്ഥാനതലത്തില്‍ നാല് ഉപഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിരിക്കുന്നു. ആയിരം സ്‌കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്തുക, ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററിതലത്തില്‍ എല്ലാ ക്ലാസ്മുറികളും ഹൈടെക് ക്ലാസ്മുറികളാക്കി പഠനപ്രക്രിയയെ കൂടുതല്‍ ഫലപ്രദമാക്കുക, അധ്യാപക രക്ഷാകര്‍തൃസംഘടനകള്‍, പൂര്‍വ വിദ്യാര്‍ഥിസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ കാലോചിതമായ വികസനം ഉറപ്പാക്കുക, ശതാബ്ദി, സുവര്‍ണജൂബിലി നിറവിലെത്തിയ വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പാക്കേജില്‍ സഹായം നല്‍കുക എന്നിവയാണവ. അടുത്ത രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ നാല്‍പതിനായിരം ക്ലാസ് മുറികള്‍ ഹൈടെക് ആക്കുകയും ഒരു ജില്ലയില്‍ കുറഞ്ഞത് അഞ്ച് സ്‌കൂളുകളെയെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയും ചെയ്യും. ഐ ടി@സ്‌കൂളിന്റെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
പശ്ചാത്തല സൗകര്യങ്ങള്‍ ഈ നിലയില്‍ മെച്ചപ്പെടുത്തുന്നത് അക്കാദമിക് നിലവാരം ഏറ്റവും ഉന്നതമാക്കി മാറ്റുന്നതിനുവേണ്ടിയാണ്. അതില്‍ അധ്യാപകസമൂഹം നിര്‍ണായകമായ പങ്ക് നിര്‍വഹിക്കേണ്ടതുണ്ട്. പരമ്പരാഗതമായ അധ്യാപകപരിശീലനപരിപാടികള്‍ പരിഷ്‌കരിച്ച് വിപുലപ്പെടുത്തി അധ്യാപകരെ ശാക്തീകരിക്കും. എസ് സി ഇ ആര്‍ ടിയിലെയും ഡയറ്റുകളിലെയും ഫാക്കല്‍ട്ടി അംഗങ്ങളുടെ പ്രവര്‍ത്തനനിലവാരം വിലയിരുത്തും. ഓരോ ക്ലാസിലും കുട്ടികള്‍ ആര്‍ജിക്കേണ്ട അറിവും നൈപുണികളും കൈവരിച്ചു എന്ന് ഉറപ്പുവരുത്തും. ഇതുവരെ അത്രമേല്‍ ശ്രദ്ധയാര്‍ജിക്കാത്ത ഒരു മേഖലയാണ് പ്രീസ്‌കൂള്‍ രംഗം. അംഗനവാടികളുടെയും പ്രീ പ്രൈമറി സ്‌കൂളുകളുടെയും ശാസ്ത്രീയമായ വികസനവും പരിപാലനവും അനിവാര്യമാണ്. പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസ ധാരയിലേക്ക് കണ്ണിചേര്‍ക്കുകയും ശിശുകേന്ദ്രീകൃതമായ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കുകയും ചെയ്യും. ആദിവാസിമേഖലയിലടക്കം പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കണം.
സ്‌കൂളുകളെ ഹൈടെക് ആക്കുമ്പോള്‍ മെച്ചപ്പെട്ട ഡിജിറ്റല്‍ ഉള്ളടക്കം കൂടി വേണ്ടതുണ്ട്. സ്മാര്‍ട്ട് ക്ലാസുകള്‍ മാത്രം പോരാ, അവിടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ വികസിപ്പിച്ചെടുക്കണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷനല്‍ ടെക്‌നോളജി ഡിജിറ്റല്‍ പാഠഭാഗങ്ങള്‍ നിര്‍മിക്കും.
ക്യാമ്പസ് തന്നെ പാഠപുസ്തകം എന്ന ആശയം നാം മുന്നോട്ടുവെക്കുന്നു. ക്യാമ്പസിനെ ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റുന്നതിലൂടെ സ്‌കൂള്‍ പരിസരം പരിസ്ഥിതി പാഠശാലയായി തീരും. പ്രകൃതിയെ അറിയുന്ന തലമുറ നാളെയുടെ അനിവാര്യതയാണെന്ന തിരിച്ചറിവോടെ കുറഞ്ഞത് പതിനായിരം ഇടങ്ങളെങ്കിലും ഇങ്ങനെ മാറ്റിതീര്‍ക്കും. കൃഷിയെയും കൃഷിയിടങ്ങളെയും അറിയുക എന്നതും വളരെ പ്രധാനമാണ്. മാലിന്യസംസ്‌കരണത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കണം. ഒന്നാം ക്ലാസ് മുതല്‍ വായനാസംസ്‌കാരം വളര്‍ത്തുന്നതിനായി സ്‌കൂള്‍ വായനശാലകള്‍ നവീകരിച്ച് പരിശീലനം ലഭിച്ചവരെ നടത്തിപ്പിന് ചുമതലപ്പെടുത്തും. സ്‌കൂള്‍ ലൈബ്രറികളും ലബോറട്ടറിയും നോക്കുകുത്തികളായി തീരുന്ന അവസ്ഥ വിദ്യാലയത്തില്‍ ഉണ്ടായിക്കൂടാ. പഠനത്തിനൊപ്പം തൊഴില്‍ ചെയ്യാനുള്ള കഴിവും കുട്ടിക്കുണ്ടാകണം. ഇതിനായാണ് സമഗ്രനൈപുണി വികസനപരിപാടി (സ്‌കില്‍ ഡെവലപ്‌മെന്റ്) പൊതുവിദ്യാഭ്യാസ യജ്ഞത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വിദ്യാര്‍ഥികളുടെ സര്‍ഗപരമായ കഴിവുകള്‍ വികസിപ്പിക്കുക, കായികക്ഷമത വര്‍ധിപ്പിക്കുക, പഠനപിന്നാക്കാവസ്ഥയുള്ളവരെ പ്രത്യേകമായി പരിഗണിക്കുക, ജനാധിപത്യശീലങ്ങളും ലഹരിവിരുദ്ധ ജീവിതവീക്ഷണവും കാര്‍ഷിക മേഖലയോടുള്ള ആഭിമുഖ്യവും വളര്‍ത്തുക എന്നിവയെല്ലാം ലക്ഷ്യം വെച്ചുകൊണ്ടുള്ള കര്‍മപദ്ധതി ആവിഷ്‌കരിച്ചു കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ജനകീയ സംവിധാനങ്ങളുണ്ടാകും. ജനപങ്കാളിത്തത്തോടെ തയ്യാറാക്കുന്ന വികസനപദ്ധതികള്‍ വിദ്യാലയവുമായി ബന്ധപ്പെട്ട സമൂഹം വിലയിരുത്തട്ടെ. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാകുന്നതോടെ കാര്യക്ഷമത ഉറപ്പാക്കുന്നതില്‍ ജാഗ്രത ഉണ്ടാകുമെന്ന് ഉറപ്പുണ്ട്.
കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കെല്ലാം അതീതമായി ഒരു മനസ്സോടെ കേരളം ഒരുമിച്ചുനിന്ന് ഈ യജ്ഞം വിജയിപ്പിക്കണം. ഇത് നമ്മുടെ ഭാവിതലമുറയ്ക്കു വേണ്ടി നാം നിറവേറ്റേണ്ടുന്ന ഉത്തരവാദിത്വമാണ്. ഓരോ കുരുന്നും ഭാവിയുടെ വാഗ്ദാനമാണ്. അവരെ അറിവിന്റെ ഔന്നത്യങ്ങളിലേക്കും തിരിച്ചറിവിന്റെ വിശാലതകളിലേക്കും നന്മയുടെ നൈര്‍മല്യത്തിലേക്കും നയിക്കാന്‍ സാധിക്കണം. ഓരോ പൊതുവിദ്യാലയവും ഓരോ സാംസ്‌കാരിക കേന്ദ്രമാവണം. നാടിന്റെ അഭിമാനമായി തീരണം. നമ്മുടെ കുട്ടികള്‍ നമ്മുടെ പൊതുവിദ്യാലയങ്ങള്‍ക്കുള്ളിലിരുന്ന് അര്‍ഥപൂര്‍ണമായ ജീവിതം കെട്ടിപ്പടുക്കാന്‍ പ്രാപ്തരായി തീരട്ടെ. അതിന് അവരെ ഒരുക്കുന്ന വിദ്യാലയങ്ങളെ പരസ്പരം കൈകള്‍ കോര്‍ത്ത് നമുക്ക് സംരക്ഷിക്കാം.