അഞ്ച് ദിവസത്തിനുള്ളില്‍ പരാതികള്‍ക്ക് തീര്‍പ്പ്; നൂതന സംവിധാനവുമായി ട്രാ

Posted on: January 25, 2017 6:36 pm | Last updated: January 25, 2017 at 6:36 pm
SHARE

അബുദാബി: പരമാവധി അഞ്ചു ദിവസത്തിനകം പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്ന നൂതന സംവിധാനം ട്രാ (ടെലി കമ്മ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി) ആവിഷ്‌കരിച്ചു. ഇരു കമ്പനികളുടെയും ഉപയോക്താക്കള്‍ക്ക് നേരിട്ട് പരാതി സമര്‍പിക്കാന്‍ കഴിയുന്ന സംവിധാനമാണ് നടപ്പാക്കിയതെന്ന് ട്രായിലെ ടെലിക്കമ്യൂണിക്കേഷന്‍ വകുപ്പ് ഉപ മേധാവി മാജിദ് സുല്‍ത്താന്‍ അല്‍ മിസ്മാര്‍ പറഞ്ഞു.
ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ പരാതികള്‍ റെക്കോര്‍ഡ് ചെയ്ത് അതോറിറ്റിക്ക് കൈമാറുന്ന രീതി പ്രശ്‌ന പരിഹാരത്തിനു കാലതാമസം വരുത്തിയിരുന്നു. പരാതികള്‍ ദ്രുതവേഗത്തില്‍ പരിഹരിക്കുന്ന സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ പരാതികള്‍ കൂടുകയാണ് ചെയ്തത്. പരാതി പരിഹരിക്കുന്നതിന് ട്രാ ഇടപെടല്‍ ഉണ്ടായതിലൂടെ സമഗ്ര പ്രശ്‌ന പരിഹാരമാണ് സാധ്യമായതെന്ന് അല്‍മിസ്മാര്‍ അഭിപ്രായപ്പെട്ടു.
പരാതികള്‍ പരിഹരിക്കുന്നതിന് ഇത്തിസാലാത്ത്, ഡു കമ്പനികളുടെ സഹായത്തോടെ ട്രാക്ക് കീഴില്‍ പ്രത്യക പരാതി പരിഹൃത വകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചത് നടപടികള്‍ വേഗത്തിലാക്കി. ഒരു പരാതിയും അഞ്ചു ദിവസത്തില്‍ അധികം കടക്കാതെയാണ് തീര്‍പ്പാക്കുന്നത്. ട്രാ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടിയുണ്ടാകും.
ഇ മെയില്‍, ഇ സംവിധാനങ്ങള്‍, ഓഫീസ് ടെലിഫോണ്‍ സമൂഹമാധ്യമങ്ങളിലെ ട്രാ സംവിധാനങ്ങള്‍ എന്നിവയെല്ലാം പരാതി സ്വീകരിക്കാന്‍ അവലംബിക്കുണ്ട്. വെബ്‌സൈറ്റ് വഴിയുള്ള പരാതികള്‍ക്ക് പാസ് വേര്‍ഡ്, രഹസ്യനമ്പര്‍ എന്നിവ നല്‍കുന്നുണ്ട്. ഏത് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിക്കെതിരെയാണ് പരാതി എന്നത് അടയാളപ്പെടുത്തിയായിരിക്കണം അപേക്ഷകള്‍ അയക്കേണ്ടത്. അപാകതകള്‍ ആവര്‍ത്തിക്കരുതെന്ന നിര്‍ദേശത്തോടെയാണ് പരാതികളില്‍ വേഗത്തില്‍ പരിഹാരമുണ്ടാക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് വിശദാംശങ്ങള്‍ കൈമാറുന്നതെന്നും അല്‍ മിസ്മാര്‍ സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here