വിമാനത്താവളത്തിലെ ഇ ഗേറ്റ്: കാത്തിരിപ്പ് ആശങ്കയൊഴിഞ്ഞ് യാത്രക്കാര്‍

Posted on: January 25, 2017 6:34 pm | Last updated: January 25, 2017 at 6:34 pm
SHARE

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ആഗമന- നിര്‍ഗമന ടെര്‍മിനലുകളില്‍ ആരംഭിച്ച ഇ ഗേറ്റ് സേവനം ഉപയോഗപ്പെടുത്തുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു. ആഭ്യന്തര മന്ത്രാലയം ഡിസംബറില്‍ സേവനം പ്രവര്‍ത്തനക്ഷമമാക്കിയിരുന്നെങ്കിലും രണ്ടാഴ്ച മുമ്പാണ് ഇ ഗേറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ബയോമെട്രിക് ഡാറ്റ ആക്ടിവേഷന്‍ സെന്റര്‍ സജ്ജമാക്കിയത്. പ്രവാസികള്‍ക്ക് സൗജന്യമായി ആരംഭിച്ച ഇ ഗേറ്റ് സേവനത്തിലൂടെ നന്നായി സമയം ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്ന് നിരവധി പ്രവാസികള്‍ പറഞ്ഞതായി ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുണ്ട്. സാധാരണനിലക്ക് വിവരങ്ങള്‍ പരിശോധിക്കാനും പാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാനും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വരിനില്‍ക്കേണ്ട ആവശ്യമില്ല. പതിനെട്ട് വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്ക് ഐ ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് ഇ ഗേറ്റ് സേവനം ഉപയോഗിക്കാം. റീഡറില്‍ ഐ ഡി കാര്‍ഡ് സ്‌കാന്‍ ചെയ്തതിന് ശേഷം ഫിംഗര്‍ പ്രിന്റ്/ കണ്ണ് സ്‌കാന്‍ ചെയ്താല്‍ ഗേറ്റ് തുറക്കും. ഐ ഡി കാര്‍ഡ്, ബയോമെട്രിക് വിവരങ്ങള്‍ യോജിക്കുന്നതാണെങ്കില്‍ മാത്രമെ ഗേറ്റ് തുറക്കുകയുള്ളൂ. ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. യാത്ര പുറപ്പെടാന്‍ വൈകി വിമാനത്താവളത്തിലെത്തുന്നവര്‍ക്കാണ് ഇത് കൂടുതല്‍ അനുഗ്രഹമായി തീരുക. ഹമദ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ സേവനങ്ങളില്‍ കാര്യക്ഷമമായതാണ് ഇ ഗേറ്റെന്നാണ് അധികപേരുടെയും അഭിപ്രായം. തിരക്കേറിയ സമയങ്ങളില്‍ ഇമിഗ്രേഷന് ദീര്‍ഘനേരം വരി നില്‍ക്കേണ്ടി വരാറുണ്ടായിരുന്നു. സുദീര്‍ഘമായ യാത്ര നടത്തി വരുന്നവര്‍ക്ക് ഇത് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്.
നിലവില്‍ ഡിപാര്‍ച്ചര്‍ ടെര്‍മിനലില്‍ 19ഉം അറൈവല്‍ ടെര്‍മിനലില്‍ 16ഉം ഇ ഗേറ്റുകളാണ് സ്ഥാപിച്ചത്. നേരത്തെ ഖത്വരി സ്മാര്‍ട്ട് ഐ ഡി കാര്‍ഡ് ഉള്ളവര്‍ക്കായിരുന്നു ഇ ഗേറ്റ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. അതിന് വര്‍ഷം അധിക തുക അടക്കേണ്ടിയും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സൗജന്യമായി സാധാരണ ഐ ഡി കാര്‍ഡുപയോഗിച്ച് ഇ ഗേറ്റ് ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here