നാട്ടിലേക്കു മടങ്ങുന്ന പ്രവാസി രോഗികള്‍ക്കായി എച്ച് എം സിയുടെ ‘ബൈത്ത് അമാന്‍’

Posted on: January 25, 2017 6:20 pm | Last updated: January 25, 2017 at 6:20 pm
SHARE

ദോഹ: ചികിത്സയുടെ അന്തിമഘട്ടത്തിലെത്തി നാട്ടിലേക്കു മടങ്ങാനൊരുങ്ങുന്ന പ്രവാസി തൊഴിലാളികളുടെ പരിചരണത്തിനായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എം സി) സജ്ജീകരിച്ച പ്രത്യേക കേന്ദ്രമായ ബൈത്ത് അമാന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി പോലിസ്, ഹ്യൂമന്‍ റൈറ്റ്‌സ് ഡിപാര്‍ട്ട്‌മെന്റ്, ആഭ്യന്തര മന്ത്രാലയം പ്രതിനിധികളുടെ സാന്നിധ്യത്തില്‍ എച്ച് എം സി ചീഫ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ അലി ഖാത്തിറാണ് ബൈത്ത് അമാന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
തുമാമയിലെ ഒരു വില്ലയില്‍ പ്രവര്‍ത്തിക്കുന്ന ബൈത്ത് അമാനില്‍ ഒരു സമയത്ത് 12 പേരെ ഉള്‍ക്കൊള്ളാനാകും. ഇവിടെ 24 മണിക്കൂറും ഒരു നഴ്‌സിന്റെയും രോഗീ പരിചരണത്തിനുള്ള അറ്റന്റര്‍മാരുടെയും സേവനം ലഭിക്കും. ഡോക്ടര്‍മാരുടെ മേല്‍നോട്ടം ആവശ്യമില്ലാത്ത രോഗികളെയാണ് ബൈത്ത് അമാനില്‍ പ്രവേശിപ്പിക്കുന്നത്.
ചികിത്‌സ പൂര്‍ത്തിയാവുകയും നാട്ടിലേക്കു മടങ്ങാന്‍ കാത്തു നില്‍ക്കുകയും ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്ക് നിത്യജീവിതത്തിലേക്കു മടങ്ങിവരാനുള്ള സുരക്ഷിത അന്തരീക്ഷമാണ് ബൈത്ത് അമാന്‍ നല്‍കുന്നതെന്ന് എച്ച് എം സി കണ്ടിന്യുയിംഗ് കെയര്‍ വിഭാഗം മേധാവി മഹ്മൂദ് അല്‍ റഈസി പറഞ്ഞു.
ഖത്വര്‍ ബില്‍ഡിംഗ് കമ്പനിയാണ് ബൈത്ത് അമാന്‍ വില്ല എച്ച് എം സിക്ക് സംഭാവന ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി സഹകരണത്തോട് കൂടി പ്രവര്‍ത്തിക്കുന്ന ബൈത്ത് അമാന്‍ ഏഴ് മാസം മുമ്പാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനകം 13 പേര്‍ക്ക് ഇതിന്റെ സേവനം ലഭിച്ചു. മസ്തിഷ്‌ക മുറിവ് സംഭവിച്ച നേപ്പാള്‍ സ്വദേശി ജെര്‍മന്‍ മുഖിയ ചികിത്‌സയ്ക്ക് ശേഷം കഴിഞ്ഞ ആറര മാസമായി ഇവിടെ കഴിയുകയാണ്. സുരക്ഷിതമായ അന്തരീക്ഷത്തില്‍ തന്റെ പരിക്കുകളില്‍ നിന്ന് പൂര്‍ണമായി മോചിതനാകാന്‍ ബൈത്ത് അമാന്‍ സഹായിച്ചതായി ഉടന്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന മുഖിയ പറഞ്ഞു. പാചകം, ശുചീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്ത് നിത്യജീവിതത്തിലേക്ക് മടങ്ങി വരാന്‍ ഇവിടെ നിന്നു കിട്ടിയ പരിചരണം സഹായിച്ചതായും അദ്ദേഹം പറഞ്ഞു.