Connect with us

Palakkad

വേനലേ കത്തിക്കോളൂ, ശിവദാസനെ തോല്‍പ്പിക്കാനാവില്ല

Published

|

Last Updated

വടക്കഞ്ചേരി: വരള്‍ച്ചയെയും കൃഷിഉണക്കത്തെയും വിള ഇന്‍ഷ്വറന്‍സിനെയും കുറിച്ച് കര്‍ഷകരെല്ലാം ആശങ്കപ്പെടുമ്പോള്‍ ആലത്തൂര്‍ വെങ്ങന്നിയൂര്‍ എടാമ്പറമ്പിലെ ശിവദാസ് രണ്ടാംവിള കൊയ്‌തെടുക്കുകയാണ്. പാരമ്പര്യ കര്‍ഷകനായ ഇദ്ദേഹം എന്നും കൃഷിയില്‍ നവീന രീതികളുടെ പരീക്ഷകനാണ്.
ഇത്തവണ വരള്‍ച്ചയെ തോല്‍പ്പിച്ച് കൃഷി രക്ഷിച്ചെടുക്കുന്നതിനുള്ള വഴിയാണ് നോക്കിയത്. അതില്‍ വിജയിക്കുകയും ചെയ്തു. സെപ്തംബര്‍ 20നാണ് ശിവദാസ് ഒന്നാം വിള കൊയ്തത്. പത്ത് ദിവസംകൊണ്ട് നിലം പരുവപ്പെടുത്തി രണ്ടാം വിളക്ക് ചേറ്റു വിത നടത്തി. മഴ കിട്ടുമെന്ന കണക്കു കൂട്ടല്‍ തെറ്റി. ഗായത്രി പുഴയോരത്താണ് വയല്‍.
പുഴയില്‍ നിന്ന് കൃഷിക്ക് വെള്ളം പമ്പ് ചെയ്യാന്‍ അംഗീകൃത വൈദ്യുതി കണക്ഷന്‍ ഉപയോഗിച്ച് വയലില്‍ വെള്ളം നിറച്ചു. കുടിവെള്ളത്തിനല്ലാതെ പുഴയില്‍ നിന്ന് പമ്പിങ് നടത്തുന്നത് നിരോധിച്ച് കലക്ടറുടെ ഉത്തരവ് വന്നത് ഈ ഘട്ടത്തിലാണ്. നവംബര്‍ 23ന് കെ എസ് ഇ ബി കണക്ഷന്‍ വിഛേദിച്ചു. കതിര് വന്ന് തുടങ്ങിയപ്പോള്‍ പ്രകൃതിയുടെ അനുഗ്രഹ വര്‍ഷം പോലെ ഒരു മഴകിട്ടി. പിന്നെയും വെള്ള ക്ഷാമം അലട്ടിത്തുടങ്ങിയപ്പോഴേക്കും മലമ്പുഴ കനാല്‍ വെള്ളം എത്തി.
രണ്ടാം തവണയും കനാല്‍ വെള്ളം എത്തിയപ്പൊഴേക്കും ഇനി വെള്ളം കിട്ടിയില്ലെങ്കിലും കൊയ്‌തെടുക്കാം എന്ന നിലയിലെത്തി. 110 ദിവസം കൊണ്ട് വിളവെത്തുന്ന ജ്യോതി നെല്ലാണ് നാല് ഏക്കറില്‍ വിതച്ചത്. പ്രതികൂല കാലാവസഥയില്‍ കൊയ്ത്തിന് പാകമാകാന്‍ 130 ദിവസം വരെ വേണ്ടി വന്നു. മൊത്തത്തില്‍ വിളവ് മോശമാണെങ്കിലും പ്രതികൂലമായ പ്രകൃതിയോട് പടവെട്ടി ഇറക്കിയ കൃഷി കൊയ്‌തെടുത്തതിന്റെ ആവേശത്തിലാണ് ശിവദാസ്. ഏക്കറിന് 40 ചാക്ക് നെല്ല് കിട്ടേണ്ടിടത്ത് 25 ചാക്ക് വിളവേ കിട്ടിയുള്ളൂ.എങ്കിലും മുടക്ക് മുതല്‍ നഷ്ടമായില്ലെന്ന് അദ്ദേഹം പറയുന്നു.
നെല്ലറയില്‍ പുതുമയായ സൂഷ്മ മാവ് കൃഷിയും ഇടവിളയായി പച്ചക്കറിയും കീട നിയന്ത്രണത്തിന് ചെണ്ടുമല്‌ലിയും കൃഷി ചെയ്യുന്ന ശിവദാസന്‍ വേനലിനോട് പറയുന്നത് കത്തിക്കാളിക്കോളൂ,പക്ഷേ തോല്‍പ്പിക്കാനാകില്ല എന്നാണ്.

 

Latest