Connect with us

Gulf

കുവൈത്ത് നാറ്റോ സഹകരണം കൂടുതല്‍ ശക്തമാക്കും

Published

|

Last Updated

കുവൈത്ത് സിറ്റി: ഭീകരതക്കും അതിന്റെ സ്രോതസ്സിനുമെതിരെ പോരാടാന്‍ നാറ്റോ സഖ്യവുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് കുവൈത്ത് ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാ അല്‍ ഖാലിദ് അലസബാ പ്രസ്താവിച്ചു. നാറ്റോയുടെ ഇസ്താംബൂള്‍ കോര്‍പ്പറേഷന്‍ ഇനിഷ്യേറ്റിറ്റീവ് (കഇക ) മേഖലാ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഇസ്‌ലാമിക രാജ്യങ്ങളുമായി പ്രതിരോധ സുരക്ഷാ കാര്യങ്ങളില്‍ നാറ്റോയുടെ സഹകരണം കൂടുതല്‍ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ ഈ മേഖലാ കേന്ദ്രം കൊണ്ട് സാധ്യമാവണം, മേഖലയുടെയും ലോകത്തിന്റെയും സമാധാനത്തിനും സുരക്ഷക്കും കുവൈത്ത് നല്‍കുന്ന പ്രാധാന്യമാണീ സെന്റര്‍, 2004 മുതല്‍ ഐ സി ഐയുടെ ഭാഗമായികൊണ്ട് കുവൈത്ത് നാറ്റോയുമായി സഹകരിക്കുന്നു. അത് കൂടുതല്‍ സുദൃഢമാക്കാനും ഈ കേന്ദ്രം വഴി സാധ്യമാവണം .അദ്ദേഹം പറഞ്ഞു.

സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിച്ച നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോട്ടന്‍ബെര്‍ഗ് , ഇസ്‌ലാമിക രാജ്യങ്ങളുമായി ദീര്‍ഘകാല സഹകരണത്തിനും , മേഖലയുടെ സുരക്ഷിതത്വത്തിനും സുസ്ഥിര വികസനത്തിനും ഈ കേന്ദ്രം വലിയ സംഭാവനകള്‍ നല്‍കുമെന്ന് പ്രത്യാശിച്ചു. നാറ്റോയുടെ ഗള്‍ഫിലെ ആദ്യ മേഖലാ കേന്ദ്രമാണിത് ,അതിനാല്‍ തന്നെ ഇത് ചരിത്രപരമായ ഒരു തുടക്കവുമാണിത്. ഇതിനു തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു . സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. കേവലം പ്രതിരോധ സഹകരണം എന്നതിലുപരി, അന്താരാഷ്ട്ര വിഷയങ്ങളിലുള്ള പഠനങ്ങള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും സെമിനാറുകള്‍ക്കും , ചര്‍ച്ചാ സമ്മേളനങ്ങള്‍ക്കുമെല്ലാം ഈ കേന്ദ്രം നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹ്‌റൈന്‍ വിദേശ കാര്യ മന്ത്രി ശൈഖ് ഖാലിദ അല്‍ ഖലീഫ , കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാ , കുവൈത്ത് നാഷണല്‍ സെക്യൂരിറ്റി ബ്യുറോ ചീഫ് ശൈഖ് താമിര്‍ അല്‍ സബാ , ജി സി സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍ സയാനി , സൗദി , ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു .