വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒരു നടപടിയും സര്‍ക്കാരില്‍ നിന്നുണ്ടാവുകയില്ല: മുഖ്യമന്ത്രി

Posted on: January 25, 2017 2:30 pm | Last updated: January 25, 2017 at 2:30 pm
SHARE

തിരുവനന്തപുരം: വിവരാവകാശ നിയമത്തില്‍ ഏതെങ്കിലും തരത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒരു നടപടിയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരില്‍ നിന്നുണ്ടാവുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ചു സൂചനകള്‍ നല്‍കുന്ന വിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കു ഒരടിസ്ഥാനവുമില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

വിവരാവകാശ നിയമത്തില്‍ ഏതെങ്കിലും തരത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒരു നടപടിയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരില്‍ നിന്നുണ്ടാവുകയില്ല. മറിച്ചു സൂചനകള്‍ നല്‍കുന്ന വിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കു ഒരടിസ്ഥാനവുമില്ല. ‘അറിയുവാനുള്ള അവകാശം സംരക്ഷിക്കാന്‍ ഇന്ത്യയിലുണ്ടായ സുപ്രധാനമായ നിയമ നിര്‍മ്മാണ നാഴികക്കല്ലാണ് 2005 ലെ വിവരാവകാശ നിയമം. ഭരണതലത്തില്‍ ജനങ്ങള്‍ക്കു ഫലപ്രദമായ ഒരു ഇടപെടലിനാണു ഇതു അവസരമൊരുക്കിയത്’ ഈ വാക്കുകളോടെയാണു വിവരാവകാശ സെമിനാറില്‍ ഉദ്ഘാടന പ്രസംഗം തുടങ്ങിയതു തന്നെ. ഈ പറഞ്ഞതിനര്‍ത്ഥം വിവരാവകാശ നിയമത്തിനു എതിരാണു സര്‍ക്കാര്‍ എന്നാണോ?
സര്‍ക്കാരിന്റെ പൊതു അധികാര സ്ഥാനങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ജനങ്ങളുമായി ബന്ധപ്പെട്ടതോ ജനങ്ങള്‍ക്കു അവകാശപ്പെട്ടതോ ആയ വിവരങ്ങളാണെന്നും ഭരണ സംവിധാനം നിലനില്‍ക്കുന്നതു തന്നെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നും ജനങ്ങള്‍ നല്‍കിയ നികുതിപ്പണത്തിന്റെ വിനിയോഗത്തെക്കുറിച്ചു ജനങ്ങള്‍ക്കറിയാന്‍ അവകാശമുണ്ടെന്നും പറഞ്ഞു. ഇന്നലെകളില്‍ വളരെ രഹസ്യമായി ചെയ്തിരുന്ന പല കാര്യങ്ങളും വെളിച്ചത്തുകൊണ്ടുവരാനും അതു വഴി അഴിമതിക്കാരെ പൊതുജനമധ്യത്തില്‍ തുറന്നു കാട്ടാനും ശിക്ഷിപ്പിക്കാനും ഈ നിയമത്തിലൂടെ ജനങ്ങള്‍ക്കു കഴിഞ്ഞു എന്നും പ്രസംഗത്തില്‍ പറഞ്ഞു. നിയമത്തില്‍ വെള്ളം ചേര്‍ക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ഇതാണോ പറയുക.
ഭരണ രംഗം ശുദ്ധീകരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണെന്നും ഈ പശ്ചാത്തലത്തില്‍ അഴിമതി രഹിതമായ ഒരു ഭരണ സംവിധാനം നാട്ടില്‍ നിലനിര്‍ത്തുന്നതിന് ഈ നിയമത്തിന് കാര്യമായ തോതില്‍ സഹായിക്കാനാവുമെന്നും പറഞ്ഞു. ഇത് നിയമത്തിനെതിരായ പ്രസ്താവനയായി ഏതുകാടുകയറിയ ഭാവനയ്ക്കും ചിത്രീകരിക്കാനാവില്ല. വിവരാവകാശ നിയമപ്രകാരം നിശ്ചിത ഫീസടച്ച് സര്‍ക്കാര്‍ ഓഫീസുകളിലെ ബന്ധപ്പെട്ട പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കപ്പെടുന്ന അപേക്ഷകളില്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥന്‍ മറുപടി നല്‍കാന്‍ ബാധ്യസ്ഥനാണെന്ന് കര്‍ശനമായ വിധത്തില്‍ ആ പ്രസംഗത്തില്‍ ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു. ഇത് നിയമത്തിന്റെ നടത്തിപ്പിന് ഉദ്യോഗസ്ഥ തലത്തില്‍ ഒരുതടസ്സവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താനാണ് എന്നത് ആര്‍ക്കാണ് മനസ്സിലാകാത്തത്.
രേഖകള്‍ ഇരുമ്പുമറയ്ക്കകത്താവേണ്ട കാര്യമില്ലാ എന്നും പൊതു ജീവിതത്തിലെ ശുദ്ധിനിലനിര്‍ത്താനുള്ള സുതാര്യതയാണ് വിവരാവകാശ നിയമം കൊണ്ട് ഉദ്ദേശിച്ചത് എന്നും പറഞ്ഞ പ്രസംഗത്തില്‍ ഈ നിയമം ദുരുദ്ദേശങ്ങള്‍ക്കായി ദുരുപയോഗിക്കുന്നവരുണ്ടെന്ന് ചൂണ്ടിക്കാട്ടി. അങ്ങനെയുള്ളവരില്ലായെന്ന് ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ക്ക് പറയാന്‍ പറ്റുമോ? അതു ചൂണ്ടിക്കാട്ടുമ്പോഴും സര്‍ക്കാര്‍ അതില്‍ ഇടപെടുമെന്നല്ല പറഞ്ഞത്. വിവരാവകാശ കമ്മിഷനു അത് തിരിച്ചറിയാന്‍ കഴിയണമെന്ന് പറയുകയാണ് ചെയ്തത്. അതായത് കമ്മിഷനുള്ള അധികാരത്തെക്കുറിച്ച് കമ്മിഷനെത്തന്നെ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്. കമ്മിഷനുള്ള പരമാധികാരത്തെക്കുറിച്ച് പറയുന്നത് കമ്മിഷന്റെ അധികാരം കുറയ്ക്കലാണോ? എന്നുമാത്രമല്ല, ചിലര്‍ ദുരുപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നത് മറയാക്കി വിവരങ്ങള്‍ പൗരന് നിഷേധിക്കുന്നത് ആശാസ്യമായിരിക്കില്ല എന്നുകൂടി ആ പ്രസംഗത്തില്‍ പറഞ്ഞു. ഇതൊക്കെ സൗകര്യപൂര്‍വ്വം കണ്ണടച്ചിരുട്ടാക്കിക്കൊണ്ടാണ് വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് ചിലര്‍ ആരോപിക്കുന്നത്. ചിലര്‍ ഇതു ദുരുപയോഗിക്കുന്നു എന്നതുപോലും വിവര വിനിമയത്തിന് തടസ്സമായികൂടാ എന്നാണ് പറഞ്ഞത് എന്നിരിക്കെ എത്രയോ വ്യക്തമാണ് സര്‍ക്കാര്‍ നിലപാട്.
ഇതിനൊപ്പം മറ്റൊരുകാര്യം ചൂണ്ടിക്കാട്ടി. അത് കേരളത്തിന്റെ കാര്യമല്ല, കേന്ദ്ര മന്ത്രിസഭായോഗ തീരുമാനവുമായി ബന്ധപ്പെട്ട കാര്യമാണത്. രാജ്യരക്ഷാവിഷയവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്തുപോയാല്‍ ആ നിമിഷം രാജ്യത്തിന്റെ പ്രതിരോധ ശക്തി ദുര്‍ബലമാകുമെന്നും ശത്രുക്കള്‍ക്കതുകൊണ്ട് ഗുണമുണ്ടാകുമെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നത് സാമ്രാജ്യത്വം ഉപയോഗിക്കുമെന്നുമുള്ള സൂചനയാണ് നല്‍കിയത്. വിമര്‍ശിക്കുന്നവര്‍ക്ക് മറിച്ചാണോ അഭിപ്രായം? വിവരാവകാശനിയമം രാജ്യരക്ഷാകാര്യത്തില്‍ വിവേചനരഹിതമായി ഉപയോഗിക്കട്ടെ, സാമ്രാജ്യത്വം അത് പ്രയോജനപ്പെടുത്തി ഇന്ത്യയെ അസ്ഥിരപ്പെടുത്തട്ടെ എന്നൊക്കെയാണോ അഭിപ്രായം. ഏതായാലും ആ നിയമം വിഭാവനം ചെയ്തവര്‍ക്കാര്‍ക്കും ആ അഭിപ്രായമില്ല. അതുകൊണ്ടുതന്നെയാണ് വിവരാവകാശ നിയമം എവിടെ ബാധകമാകാം, എവിടെ അരുത് എന്ന് അവര്‍ കൃത്യമായി വേര്‍തിരിച്ചുവെച്ചത്. ഈ വേര്‍തിരിവ് വേണമെന്ന ചര്‍ച്ച ഈ നിയമം പരിഗണനയ്ക്കുവന്നപ്പോള്‍ പാര്‍ലമെന്റിലും വന്നു. അത് നിയമത്തില്‍ പ്രതിഫലിച്ചിട്ടുമുണ്ട്. അക്കാര്യം ശ്രദ്ധയില്‍ വയ്ക്കണമെന്ന് വിവരാവകാശ കമ്മിഷനെ ഓര്‍മിപ്പിക്കുന്നത് എങ്ങനെ വിവരവാകാശ നിയമത്തിന് വിരുദ്ധമാകും?
ഇതിനര്‍ത്ഥം സര്‍ക്കാര്‍ രേഖകള്‍ ഇരുമ്പുമറയ്ക്കപ്പുറം വെച്ചുപൂട്ടണമെന്നല്ല. അഴിമതികള്‍ പുറത്തുപോകാത്ത വിധം രേഖകള്‍ പൂഴ്ത്തിവയ്ക്കണമെന്നല്ല. ചില സംഭാവ്യതകള്‍ സൂചിപ്പിച്ചുവെന്നേയുള്ളു. കേരള മന്ത്രിസഭായോഗ കാര്യത്തിലേയ്ക്ക് പ്രസംഗത്തില്‍ കടന്നിട്ടേയില്ല എന്നതാണ് സത്യം.
വിവരാവകാശ കമ്മിഷനെ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികളെടുക്കുമെന്ന് പ്രഖ്യാപിച്ചു. ആ നിയമം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നകാര്യം പരിശോധിക്കാമെന്നും ആ നിയമത്തെക്കുറിച്ച് കൂടുതല്‍ പേരെ ബോധവല്‍ക്കരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് പ്രസംഗം ഉപസംഹരിച്ചത്. ഇപ്പറഞ്ഞകാര്യങ്ങളൊന്നും കാണാതെ, നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ആരോ ശ്രമിക്കുന്നു എന്ന് വ്യാഖ്യാനിക്കപ്പെട്ടത് നിര്‍ഭാഗ്യകരം മാത്രമല്ല സത്യവിരുദ്ധം കൂടിയാണ്. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമം വഴി ചോദിച്ചിട്ടും കൊടുക്കാതിരുന്ന മുന്‍ സര്‍ക്കാരിനെപ്പോലെയാണ് ഈ സര്‍ക്കാരും എന്നുവരുത്തി തീര്‍ത്ത് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങളുടെ താല്‍പര്യത്തിലല്ല. ആ നിയമത്തിനുവേണ്ടി ദീര്‍ഘകാലം പൊരുതിയ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുന്ന വ്യക്തിയില്‍ നിന്ന് മറിച്ച് ഒരു സമീപനം ഉണ്ടാവുമെന്നു കരുതുന്നതില്‍ അര്‍ത്ഥമില്ല. വിവരാവകാശം സംബന്ധിച്ച നിലപാടില്‍ തെറ്റിദ്ധാരണപടര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ടാകാം. എന്നാല്‍ തെറ്റിദ്ധാരണ പരത്തുന്നവരെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ചുമതലയുള്ളവര്‍ മറിച്ചൊരു നിലപാടെടുത്താലോ?

LEAVE A REPLY

Please enter your comment!
Please enter your name here