രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കേരളത്തിന് ലഭിക്കാതെ പോകുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ച: രമേശ് ചെന്നിത്തല

Posted on: January 25, 2017 1:19 pm | Last updated: January 25, 2017 at 7:56 pm

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കേരളത്തിന് ലഭിക്കാതെ പോകുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൃത്യസമയത്ത് ഫയല്‍ സമര്‍പ്പിക്കാത്തതാണ് പൊലീസ് മെഡല്‍ നഷ്ടമാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഫയല്‍ രണ്ടാഴ്ചയോളം ആഭ്യന്തരവകുപ്പില്‍ കെട്ടിക്കിടന്നു. ഐഎഎസ്-ഐപിഎസ് ചേരിപ്പോരാണ് ഫയല്‍ നീങ്ങാത്തതിന് കാരണമായത്. ഇത് കേരളത്തിന് തന്നെ നാണക്കേടാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കൃത്യസമയത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെ ഫയല്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കേരളത്തിന് ലഭിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ഈ വാര്‍ത്ത ആഭ്യന്തരവകുപ്പ് നിഷേധിച്ചിരുന്നു. ഡിസംബര്‍ അവസാനം തന്നെ ഫയല്‍ സമര്‍പ്പിച്ചുവെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്.