ഇത്തവണ മിനിയും ബാലനും രാഷ്ട്രപതിയുടെ അതിഥികള്‍

Posted on: January 25, 2017 1:15 pm | Last updated: January 25, 2017 at 1:12 pm
ചുണ്ടപ്പാടി കോളനിയിലെ മിനി- ബാലന്‍ ദമ്പതികള്‍ ലെയ്‌സണ്‍ കെ കൃഷ്ണനോടൊപ്പം

കല്‍പ്പറ്റ: ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ദിനാഘോഷത്തില്‍ രാഷ്ട്രപതിയുടെ അതിഥികളായി കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ നറുക്കു വീണത് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ചുണ്ടപ്പാടി കോളനിയിലെ മിനി- ബലന്‍ ദമ്പതികള്‍ക്ക്.

എല്ലാ വര്‍ഷവും ഓരോ സംസ്ഥാനത്തുനിന്നും ഒരു പട്ടികവര്‍ഗ്ഗ ദമ്പതികള്‍ വീതം രാഷ്ട്രപതിയുടെ അതിഥികളായി ക്ഷണിക്കപ്പെടാറുണ്ട്.
പട്ടികവര്‍ഗത്തിലെ അതീവദുര്‍ബലവിഭാഗമായ കാട്ടുനായ്ക്ക വിഭാഗക്കാരാണിവര്‍. ലെയ്‌സണ്‍ ഓഫീസറായ നിലമ്പൂര്‍ ഐ റ്റി ഡി പി പ്രൊജക്ട് ആഫീസര്‍ കെ.കൃഷ്ണനോടൊപ്പം ഇവര്‍ കരിപ്പൂരില്‍നിന്നും ഡല്‍ഹിക്ക് തിരിച്ചുകഴിഞ്ഞു. ന്യൂഡല്‍ഹി ചാണക്യപുരിയിലെ വിശ്വയുവകേന്ദ്രയിലാണ് ഇവര്‍ക്ക് താമസസൗകര്യമൊരുക്കിയിട്ടുള്ളത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ വകുപ്പു മന്ത്രി, പട്ടികഗോത്രകാര്യ വകുപ്പു മന്ത്രി തുടങ്ങിയവരുടെ വിരുന്നുസല്‍കാരങ്ങളില്‍ക്കൂടി പങ്കെടുത്തശേഷം ഫെബ്രുവരി മൂന്നിന് ഇവര്‍ ജില്ലയില്‍ തിരിച്ചെത്തും.