Connect with us

Kozhikode

നന്മയെ തകര്‍ക്കാനുള്ള നീക്കം അപഹാസ്യം: കാരാട്ട് റസാഖ് എം എല്‍ എ

Published

|

Last Updated

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി രൂപവത്കരിച്ച പദ്ധതിയാണ് “എന്റെ മണ്ഡലം നന്മയുടെ മണ്ഡലം” പദ്ധതിയെന്നും പദ്ധതിയെ തകര്‍ക്കാനുള്ള നീക്കം അപഹാസ്യമാണെന്നും കാരാട്ട് റസാഖ് എം എല്‍ എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മണ്ഡലത്തില്‍ നടപ്പാക്കുന്നതിന് ആവിഷ്‌കരിച്ച “ക്രിസ്റ്റല്‍” പദ്ധതിയും “എന്റെ മണ്ഡലം നന്മയുടെ മണ്ഡലം” പദ്ധതിയും സര്‍ക്കാര്‍ പദ്ധതികളല്ല. ഇവ നേരിട്ട് ഫണ്ടുകളൊന്നും കൈകാര്യം ചെയ്യുന്നുമില്ല. സംസ്ഥാന സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ലഭിക്കുന്ന തുക ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സര്‍ക്കാര്‍ അതിനായി നിയോഗിച്ച ഉദ്യോഗസ്ഥരാണ്. വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്ത വിഭാഗങ്ങളെ കൂട്ടിയിണക്കികൊണ്ട് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനും ഇവയുടെ മേല്‍നോട്ടം വഹിക്കുന്നതിനുമാണ് ക്രിസ്റ്റല്‍ രൂപവത്കരിച്ചിട്ടുള്ളത്.

കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള വികസന സംസ്‌കാരമാണ് കൊടുവള്ളിയില്‍ എം എല്‍ എ എന്ന നിലയില്‍ താന്‍ നടത്തിവരുന്നത്. പൊതുസമൂഹം കാണിക്കുന്ന താത്പര്യത്തില്‍ വിറളിപൂണ്ടാണ് യൂത്ത് ലീഗിലെ ചില തത്പരകക്ഷികള്‍ ഇപ്പോള്‍ എനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളതെന്നും എം എല്‍ എ പറഞ്ഞു.