Connect with us

Malappuram

കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗില്‍ ചേരിപ്പോര്

Published

|

Last Updated

മലപ്പുറം: കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്‌ലിം ലീഗില്‍ ഒരിടവേളക്ക് ശേഷം ചേരിപ്പോര് ശക്തമായി. പാര്‍ട്ടി ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വിഭാഗീയതയും പടല പിണക്കവും മറനീക്കി പുറത്ത് വന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പി എ ജബ്ബാര്‍ ഹാജിയുടേയും മണ്ഡലം കമ്മിറ്റി ട്രഷററായി തിരഞ്ഞെടുത്ത പി കെ സി അബ്ദുര്‍റഹ്മാന്റെയും നേതൃത്വത്തിലുള്ള രണ്ട് വിഭാഗമാണ് രംഗത്തുള്ളത്.
മണ്ഡലത്തിലെ ഭൂരിപക്ഷ കൗണ്‍സിലര്‍മാരുടെ അഭിപ്രായം ആരായാതെ കൗണ്‍സില്‍ യോഗത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചതാണ് പി കെ സി വിഭാഗത്തെ ചൊടിപ്പിച്ചത്. നിയമാവലി പാലിക്കാതെ ഏക പക്ഷീയമായി ഭാരവാഹികളെ പ്രഖ്യാപിച്ചതിനെതിരെ ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 13 നാണ് കമ്മിറ്റി പ്രഖ്യാപനം നടന്നത്.
പിന്നീട് 19ന് വര്‍ക്കിംഗ് കമ്മിറ്റി വിളിച്ച് ചേര്‍ത്തെങ്കിലും ഒന്‍പത് ഭാരവാഹികളില്‍ അഞ്ച് പേരും വിട്ടു നിന്നു. കൂടാതെ വാഴയൂര്‍, ചെറുകാവ്, പുളിക്കല്‍, ചീക്കോട് പഞ്ചായത്തുകളിലെ ഭാരവാഹികളും കൊണ്ടോട്ടി നഗരസഭയിലെ ഭാരവാഹികളും യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയുണ്ടായി. അതേ സമയം കഴിഞ്ഞ ദിവസം വീണ്ടും ഭാരവാഹി യോഗം വിളിച്ച് ചേര്‍ത്തെങ്കിലും ട്രഷറര്‍ പി കെ സി അബ്ദുര്‍റഹ്മാന്‍, വൈസ് പ്രസിഡന്റുമാരായ സി പി കുഞ്ഞാന്‍, ഷൗക്കത്തലി ഹാജി ചീക്കോട്, നസീം പുളിക്കല്‍ എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നു.

ജോയിന്റ് സെക്രട്ടറിയായ രായിന്‍കുട്ടി നീറാട് രാജിക്കത്ത് നല്‍കി യോഗത്തില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. കൗണ്‍സില്‍ വിളിച്ച് ഭൂരിപക്ഷ അഭിപ്രായ പ്രകാരം ഭാരവാഹികളെ പ്രഖ്യാപിക്കണമെന്നും അല്ലെങ്കില്‍ കൗണ്‍സില്‍ അഭിപ്രായ സമവായത്തില്‍ കമ്മിറ്റി പുന:സംഘടിപ്പിക്കണമെന്നാണ് പി കെ സി വിഭാഗത്തിന്റെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ഒമ്പത് ഭാരവാഹികളില്‍ അഞ്ച് പേരും രാജി വെക്കുമെന്നാണ് സൂചന. തിരിച്ചടി മുന്നില്‍ കണ്ട് ജബ്ബാര്‍ഹാജി കൗണ്‍സില്‍ യോഗത്തിന്റെ രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം വിളിച്ചു ചേര്‍ത്ത് ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
ലീഗ് ജില്ലാ കമ്മിറ്റി നിയോഗിച്ച മുഖ്യനിരീക്ഷകന്‍ അഡ്വ. എം റഹ്മത്തുല്ല, ജബ്ബാര്‍ ഹാജി എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട് കൊണ്ടോട്ടി മണ്ഡലം മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് സി പി കുഞ്ഞാന്‍, ട്രഷറര്‍ പി കെ സി അബ്ദുര്‍റഹ്മാന്‍, സെക്രട്ടറി എ ശൗക്കത്തലി എന്നിവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ ശക്തമായ ആക്ഷേപമാണ് പരാതിയിലുള്ളത്.
സമവായ രൂപത്തില്‍ മാത്രമേ തിരഞ്ഞെടുപ്പ് നടത്തൂ എന്ന് പറഞ്ഞിട്ടും ഒരു മണിക്കൂര്‍ പോലും എടുക്കാതെ ഏകപക്ഷീയമായാണ് നിരീക്ഷകന്‍ തീരുമാനങ്ങളെടുത്തത്. രണ്ട് വിഭാഗമുണ്ടെന്ന് അറിഞ്ഞിട്ടും തുടര്‍ ചര്‍ച്ചകളോ അനുരഞ്ജന ശ്രമങ്ങളോടെ നടത്താന്‍ പോലും അദ്ദേഹം തയ്യാറായില്ല. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരെ നേരിട്ടും മറ്റു ഭാരവാഹികളെ ഒറ്റക്കൈമാറ്റ വോട്ട് രീതിയിലും തിരഞ്ഞെടുക്കാന്‍ മാര്‍ഗരേഖയില്‍ കൃത്യമായ നിര്‍ദേശമുണ്ടായിട്ടും ഇത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു.
ചെറുകാവ് പഞ്ചായത്തില്‍ നിന്നുള്ള മണ്ഡലം ഭാരവാഹി ആരാവണമെന്ന് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ ഏകകണ്ഠമായി നിര്‍ദേശിച്ചിട്ടും അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിക്കാതെ മാറ്റി വെച്ചതിലൂടെ മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി നിര്‍ദേശിച്ച വ്യക്തിയെ അപമാനിക്കുകയാണ് നിരീക്ഷകന്‍ ചെയതത്. ചെറുകാവ് പഞ്ചായത്തിലെ കൗണ്‍സിലര്‍മാരെല്ലാം സ്ഥലത്തുണ്ടായിട്ടും ഇവരോട് ആശയ വിനിമയം നടത്താന്‍ അദ്ദേഹം തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
ജബ്ബാര്‍ഹാജി ഗ്രൂപ്പ് യോഗം വിളിച്ചു ചേര്‍ത്ത് ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചത് അന്വേഷിക്കുകയും ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. യോഗത്തില്‍ പങ്കെടുത്തവരുടെ പേര് വിവരങ്ങള്‍ വേണമെങ്കില്‍ നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. തന്റെ കൂടെ നില്‍ക്കാത്തവരെ വെട്ടിനിരത്തുന്ന സമീപനമാണ് ജബ്ബാര്‍ഹാജിയുടേതെന്നും അവര്‍ ആരോപിച്ചു. കൊണ്ടോട്ടിയില്‍ പാര്‍ട്ടിയുടെ ശക്തി നാള്‍ക്കുനാള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് തെളിവ് സഹിതം പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുഹമ്മദുണ്ണിഹാജിക്ക് 28000 വോട്ടിന്റെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന് 33000 വോട്ടിന്റെയും ഭൂരിപക്ഷമുണ്ടായിരുന്ന കൊണ്ടോട്ടിയില്‍ ഇത്തവണ ടി വി ഇബ്‌റീഹിമിന് 10800 വോട്ടിന്റെ ഭൂരിപക്ഷമായി ചുരുങ്ങിയതും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എട്ട് പഞ്ചായത്തുകളും ലീഗ് ഭരിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ നാലായി ചുരുങ്ങിയത് ഗൗരവമായി നേതൃത്വം കാണണമെന്നാണ് ആവശ്യം.
ഈ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശയുണ്ടാക്കുന്ന തരത്തില്‍ കമ്മിറ്റി രൂപവത്കരിച്ചത് ലീഗിന് തിരിച്ചടിയാകും. ഇതുകൊണ്ട് തന്നെ പുതുതായി പ്രഖ്യാപിക്കപ്പെട്ട മണ്ഡലം കമ്മിറ്റിക്ക് അംഗീകാരം നല്‍കരുതെന്നും വീണ്ടും കൗണ്‍സില്‍ വിളിച്ച് അംഗങ്ങളുടെ ഹിതം മനസിലാക്കി മറ്റൊരു കമ്മിറ്റിക്ക് രൂപം നല്‍കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

 

Latest