Connect with us

Sports

കേരള പ്രീമിയര്‍ ലീഗ് ഏപ്രിലില്‍

Published

|

Last Updated

കൊച്ചി: കേരള പ്രീമിയര്‍ ലീഗിന്റെ നാലാമത് എഡിഷന് ഏപ്രില്‍ ആദ്യവാരം തുടക്കമാകും. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കെ പി എല്‍ മത്സരങ്ങള്‍ പുതിയ ഫോര്‍മാറ്റിലാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുക. ഹോം, എവേ അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍. കഴിഞ്ഞ സീസണ്‍ വരെ ഒരേയൊരു വേദി മാത്രമാണുണ്ടായിരുന്നത്. ഒമ്പതു ടീമുകളുടെ പങ്കാളിത്തം ഇതുവരെ കെ എഫ് എ ഉറപ്പാക്കിയിട്ടുണ്ട്. വിവിധ ടീമുകളും ഹോം ഗ്രൗണ്ടും ഇങ്ങനെ: ക്വാര്‍ട്ട്‌സ് എഫ് സി കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം കോഴിക്കോട്, കേരള പൊലീസ്‌കോട്ടപ്പടി മൈതാനം മലപ്പുറം, സാറ്റ് തിരൂര്‍മുനിസിപ്പല്‍ സ്‌റ്റേഡിയം തിരൂര്‍, ഗോകുലം എഫ് സി മഞ്ചേരി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയം, എഫ് സി കേരള, എഫ് സി തൃശൂര്‍കോര്‍പറേഷന്‍ സ്‌റ്റേഡിയം തൃശൂര്‍, സെന്‍ട്രല്‍ എക്‌സൈസ്അംബേദ്ക്കര്‍ സ്റ്റേഡിയം കൊച്ചി, എസ് ബി ടി ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം തിരുവനന്തപുരം, കെ എസ് ഇ ബി ശ്രീപാദം മിനി സ്‌റ്റേഡിയം ആറ്റിങ്ങല്‍.
ഏപ്രില്‍ രണ്ടിന് മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ കേരള പൊലീസും ഗോകുലം എഫ്.സിയും തമ്മിലായിരിക്കും ഉദ്ഘാടന മത്സരം. രണ്ടു മാസം നീളുന്ന ലീഗില്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും മത്സരങ്ങള്‍. ഒരു ദിവസം രണ്ടു വേദികളിലായി ഓരോ മത്സരങ്ങള്‍ വീതം നടക്കും. ആകെ 56 മത്സരങ്ങളാണുണ്ടാവുക. വിജയികള്‍ക്ക് രണ്ടു ലക്ഷം രൂപയും റണ്ണേഴ്‌സ് അപിന് ഒരു ലക്ഷം രൂപയുമാണ് പ്രൈസ്മണി. ഇതാദ്യമായി തുടങ്ങിയ കേരള അക്കാദമി ലീഗില്‍ അണ്ടര്‍10, അണ്ടര്‍12 വിഭാഗങ്ങളിലെ ജില്ലാ തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അടുത്ത മാസം മേഖല മത്സരങ്ങള്‍ തുടങ്ങും. അണ്ടര്‍14, അണ്ടര്‍16 വിഭാഗങ്ങളുടെ ജില്ലാ തല മത്സരങ്ങളും ഇതോടൊപ്പം ആരംഭിക്കും. എല്ലാ വിഭാഗങ്ങളുടെയും ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍മെയ് മാസങ്ങളില്‍ നടക്കും.

കേരള ഫുട്‌ബോളിന് മൊബൈല്‍
ആപ്ലിക്കേഷന്‍
കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ വികസന പരിപാടികളുടെ ഭാഗമായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. സംസ്ഥാനത്തുടനീളമുള്ള ഫുട്‌ബോള്‍ അക്കാദമികളെ കുറിച്ചും താരങ്ങളെ കുറിച്ചുമുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കെ എഫ് എ അക്കാദമി എന്ന ടൈറ്റില്‍ സെര്‍ച്ച് ചെയ്താല്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം.
ഉടന്‍ തന്നെ വിന്‍ഡോസ് ഫോണുകളിലും ഇത് ലഭ്യമാക്കും. ഫുട്‌ബോള്‍ അക്കാദമികളില്‍ ചേരാന്‍ ഉദ്ദേശിക്കുന്നവ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആപ്ലിക്കേഷന്‍ വഴി സംസ്ഥാനത്തെ അംഗീകൃത അക്കാദമികളെ കുറിച്ചുള്ള സമഗ്ര വിവരം ലഭിക്കുമെന്ന് കെ എഫ് എ പ്രസിഡന്റ് കെ എം ഐ മേത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ ആഡ്‌റഷ് എന്ന സ്ഥാപനമാണ് ആപ് രൂപകല്‍പന ചെയ്തത്. നിലവില്‍ സംസ്ഥാനത്തെ 75 അക്കാദമികളുടെയും അയ്യായിരം താരങ്ങളുടെയും മുഴുവന്‍ വിവരങ്ങളും ആപില്‍ ലഭ്യമാണ്. 172 അക്കാദമികളും എണ്ണായിരം താരങ്ങളുമാണ് കെ.എഫ്.എയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Latest