Connect with us

Sports

സെനഗല്‍ തളച്ചു അള്‍ജീരിയയും പുറത്ത്‌

Published

|

Last Updated

ലെബ്രെവിലെ: കപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്പിക്കപ്പെട്ട അള്‍ജീരിയ ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ നിന്നും പുറത്ത്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ സെനഗലിനോട് 2-2ന് സമനിലയായതോടെയാണ് അള്‍ജീരിയയുടെ ചീട്ട് കീറിയത്. ഒരു മത്സരം പോലും ജയിക്കാനാകാതെയാണ് ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായ റിയാദ് മെഹ്‌റെസിന്റെ അള്‍ജീരിയന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മടങ്ങിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ടുണീഷ്യയോട് തോറ്റ് സിംബാബ് വെയും പുറത്തായി. 4-2നായിരുന്നു ടുണീഷ്യയുടെ ജയം.
ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റുമായി സെനഗല്‍ ഒന്നാംസ്ഥാനക്കാരായും ആറ് പോയിന്റുള്ള ടുണീഷ്യ രണ്ടാം സ്ഥാനക്കാരായും നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു.
ജയം അനിവാര്യമായ മത്സരത്തില്‍ ഇസ്ലം സ്ലിമാനിയുടെ ഇരട്ട ഗോളുകളില്‍ രണ്ട് തവണയാണ് അള്‍ജീരിയ മുന്നിട്ട് നിന്നത്. പത്താം മിനുട്ടിലായിരുന്നു സ്ലിമാനിയുടെ ആദ്യ ഗോള്‍. ആദ്യ പകുതിയില്‍ 42 മിനുട്ടും ലീഡ് നിലനിര്‍ത്തിയ അള്‍ജീരിയ തൊട്ടടുത്ത മിനുട്ടില്‍ സമനില വഴങ്ങി. പാപകോലി ഡിയൂപാണ് സെനഗലിനായി ലക്ഷ്യം കണ്ടത്.

അമ്പത്തിരണ്ടാം മിനുട്ടില്‍ സ്ലിമാനിയിലൂടെ അള്‍ജീരിയ 2-1ന് വീണ്ടും മുന്നില്‍ കയറി. കൃത്യം 90 സെക്കന്‍ഡ് തികയുമ്പോഴേക്കും സെനഗല്‍ അള്‍ജീരിയക്കാരുടെ ആഹ്ലാദം തല്ലിക്കെടുത്തിക്കൊണ്ട് സമനില ഗോള്‍ നേടി. തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു സെനഗലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.ആദ്യ മത്സരത്തില്‍ സിംബാബ് വെയോട് സമനിലയില്‍ കുരുങ്ങിയതാണ് അള്‍ജീരിയക്ക് ഏറ്റവും തിരിച്ചടിയായത്. ദുര്‍ബലരെന്ന് കരുതിയ സിംബാബ് വെ നല്‍കിയ ഷോക്കുമായാണ് രണ്ടാം മത്സരത്തില്‍ അയരാജ്യമായ ടുണീഷ്യയെ നേരിട്ടത്. അതില്‍ തോല്‍ക്കുകയും ചെയ്തു. ഇതോടെയാണ് സെനഗലിനെതിരായ മത്സരം നിര്‍ണായകമായത്.
ആദ്യ രണ്ട് കളിയും ജയിച്ചതോടെ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ സെനഗല്‍ അള്‍ജീരിയക്കെതിരെ റിസര്‍വ് താരങ്ങള്‍ക്കാണ് കൂടുതലായും അവസരം നല്‍കിയത്. ഇങ്ങനെ സെനഗലിന്റെ രണ്ടാം നിര ഉയര്‍ത്തിയ വെല്ലുവിളി പോലും അതിജീവിക്കാനാകാതെയാണ് ടൂര്‍ണമെന്റ് ഫേവറിറ്റുകളുടെ മടക്കം.

ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ സെനഗലിന് ഗ്രൂപ്പ് എ റണ്ണേഴ്‌സപ്പായ കാമറൂണാണ് എതിരാളി. ടുണീഷ്യ ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായ ബുര്‍കിന ഫാസോയെ നേരിടും.
ഗ്രൂപ്പ് ചാമ്പ്യന്‍മാരായതിനാല്‍ സെനഗലിന് ഗ്രൂപ്പ് ബി മത്സരങ്ങള്‍ അരങ്ങേറിയ ഫ്രാന്‍സെവിലെയില്‍ തന്നെ തങ്ങിയാല്‍ മതി എന്ന ആനുകൂല്യമുണ്ട്.
ഗ്രൂപ്പ് സിയിലെ നിര്‍ണായക പോരാട്ടങ്ങള്‍ ഇന്ന് നടക്കും. നാല് ടീമുകള്‍ക്കും ക്വാര്‍ട്ടര്‍ പ്രതീക്ഷയുണ്ട്.
നിലവിലെ ചാമ്പ്യന്‍മാരായ ഐവറി കോസ്റ്റ് രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. നാല് പോയിന്റുള്ള കോംഗോയാണ് മുന്നില്‍. മൂന്ന് പോയിന്റുമായി മൊറോക്കോ രണ്ടാം സ്ഥാനത്തും ഒരു പോയിന്റുമായി ടോഗോ നാലാം സ്ഥാനത്തും നില്‍ക്കുന്നു.

 

---- facebook comment plugin here -----

Latest