കെ എസ് ആര്‍ ടി സിയെ മൂന്ന് വര്‍ഷത്തിനുള്ളില്‍ ലാഭകരമാക്കും: മന്ത്രി തോമസ് ഐസക്

Posted on: January 25, 2017 11:10 am | Last updated: January 25, 2017 at 11:02 am

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയെ മൂന്ന് വര്‍ഷത്തിനുള്ളില്‍ ലാഭകരമാക്കാന്‍ പുനരുദ്ധാരണ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ സഹായമില്ലാതെയും കടംവാങ്ങാതെയും വിതരണം ചെയ്യുന്ന തരത്തില്‍ കെ എസ് ആര്‍ ടി സിയെ സ്വയംപര്യാപ്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഓരോ വര്‍ഷവും 1000 സി എന്‍ ജി ബസുകള്‍ എന്ന കണക്കില്‍ മൂന്ന് വര്‍ഷം കൊണ്ട് 3000 ബസുകള്‍ കിഫ്ബി വഴി വാങ്ങിനല്‍കും. ബസുകളുടെ എണ്ണം 50 ശതമാനം കൂടി വര്‍ധിപ്പിക്കും.

മൂന്ന് മാസത്തിനുള്ളില്‍ മാനേജ്‌മെന്റ് പൂര്‍ണമായും പുനഃസംഘടിപ്പിക്കും. ഡബിള്‍ ഡ്യൂട്ടി, ത്രിബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക പുനഃക്രമീകരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കെ എസ് ആര്‍ ടി ഇ എ (സി ഐ ടി യു) എ കെ ജി ഹാളില്‍ സംഘടിപ്പിച്ച സ്‌പെഷ്യല്‍ കണ്‍വെന്‍ഷനിലാണ് മന്ത്രി പുനരുദ്ധാരണ നടപടികള്‍ അവതരിപ്പിച്ചത്.
തൊഴിലാളികളുടെ കൂടി പങ്കാളിത്തത്തോടെയും കൂലി, പെന്‍ഷന്‍ എന്നിവ സംരക്ഷിച്ചുമാണ് നടപടികള്‍ നടപ്പാക്കുക. നിലവില്‍ പലിശ ഇനത്തില്‍ മാത്രം 250 കോടി രൂപ പ്രതിമാസം വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അടക്കണം. പലിശ ബാധ്യത ഒഴിവാക്കിയാലേ കെ എസ് ആര്‍ ടി സിയെ സാമ്പത്തിക പ്രതിബന്ധങ്ങളില്‍ നിന്ന് കരകയറ്റാനാകൂ- മന്ത്രി പറഞ്ഞു.