പോലീസ് പറയുന്നത് എല്ലാം വിശ്വസിക്കേണ്ട: എം എം മണി

Posted on: January 25, 2017 10:59 am | Last updated: January 25, 2017 at 10:54 am

മലപ്പുറം: കണ്ണൂര്‍ അണ്ടലൂരിലെ സന്തോഷ് കൊല്ലപ്പെട്ടതിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരെല്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. ബി ജെ പി വിടാന്‍ നീക്കം നടത്തുന്നതിനിടെയാണ് സന്തോഷ് കൊല്ലപ്പെട്ടത്. ഇത് മുന്‍കൂട്ടിക്കണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഇയാളെ ഇല്ലാതാക്കിയതാകണം.
സി പി എമ്മുകാരാണ് കൊല നടത്തിയതെന്നത് പോലീസിന്റെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണ്. പോലീസ് പലതും പറയുമെന്നും അതെല്ലാം വിശ്വസിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അക്രമരാഷ്ട്രീയം നിരുത്സാഹപ്പെടുത്താന്‍ എല്ലാ കക്ഷികള്‍ക്കും ബാധ്യതയുണ്ട്. സി പി എമ്മിനെ ആക്രമിച്ച് ദേശീയ തലത്തില്‍ പ്രചാരവേല നടത്തുകയാണ് സംഘപരിവാര്‍. കേന്ദ്ര സര്‍ക്കാറിനെ സംഭവത്തില്‍ ഇടപെടീക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. കേന്ദ്രത്തിന്റെ ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തേണ്ട. രാജ്യത്ത് മാംസം കഴിച്ചതിന് ജനങ്ങളെ തല്ലിക്കൊല്ലുന്ന പാര്‍ട്ടിയുടെ നേതാവായ കുമ്മനം രാജശേഖരന്‍ സമാധാനത്തിന്റെ അപ്പോസ്തലന്‍മാരാകാന്‍ ശ്രമിക്കരുത്- മന്ത്രി പറഞ്ഞു.