അബൂദബി കിരീടാവകാശിയെത്തി; 16 കരാറുകളില്‍ ഒപ്പുവെക്കും

Posted on: January 25, 2017 6:58 am | Last updated: January 25, 2017 at 1:22 pm
അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേന ഉപമേധാവിയുമായ
ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സഈദ് ആല്‍ നഹ്‌യാനെ ഡല്‍ഹി വിമാനത്താവളത്തില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ആഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ ഇന്ത്യയിലെത്തി. ഇന്നലെ ന്യൂഡല്‍ഹിയിലെത്തിയ ശൈഖ് മുഹമ്മദിനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തിയത്. ഇന്ത്യ- യു എ ഇ ഉഭയകക്ഷി ബന്ധത്തില്‍ പുതിയ സാധ്യതകള്‍ തേടിയാണ് ശൈഖ് മുഹമ്മദിന്റെ മൂന്ന് ദിവസത്തെ സന്ദര്‍ശനം.

ഇന്ന് രാവിലെ പത്തിന് രാഷ്ട്രപതിഭവനില്‍ ശൈഖ് മുഹമ്മദിന് ഔദ്യോഗിക സീകരണം നല്‍കും. തുടര്‍ന്ന് രാജ്ഘട്ടിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കുന്ന അദ്ദേഹം, 12.15ന് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ നിര്‍ണായകമായ 16 കരാറുകളില്‍ ഒപ്പുവെക്കും. വൈകുന്നേരം ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഒരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കും.

റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം വൈകീട്ട് യു എ ഇയിലേക്ക് മടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ചര്‍ച്ചക്ക് ശേഷം പ്രതിരോധ, സുരക്ഷാ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചുള്ള സംയുക്ത പ്രഖ്യാപനം നടത്തിയേക്കും. പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജം, തൊഴിലാളി ക്ഷേമം തുടങ്ങിയ മേഖലകളിലായിരിക്കും ധാരണയിലെത്തുക. ശൈഖ് മുഹമ്മദിനോടൊപ്പമെത്തുന്ന യു എ ഇ സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ സഈദ് അല്‍ മന്‍സൂറിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വിശാഖപട്ടണത്ത് ബിസിനസ് കോണ്‍ഫറന്‍സും സംഘടിപ്പിച്ചിട്ടുണ്ട്.
മൂന്നര പതിറ്റാണ്ട് കാലത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി യു എ ഇ സന്ദര്‍ശിക്കുന്നുവെന്ന പ്രത്യേകതയോടെയായിരുന്നു 2015ലെ മോദിയുടെ സന്ദര്‍ശനം. ഇരു രാജ്യങ്ങളും തന്ത്രപ്രധാന മേഖലകളില്‍ പരസ്പരം സഹകരിച്ച് നീങ്ങാന്‍ ഇതോടെ അവസരമൊരുങ്ങുകയായിരുന്നു.
അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായി 7,500 കോടി ഡോളറിന്റെ സംയുക്ത നിധി രൂപവത്കരിക്കാന്‍ യു എ ഇ തീരുമാനിച്ചതും ഇന്ത്യക്ക് നേട്ടമായി. ഇരു രാജ്യങ്ങളും നിലവിലുള്ള കരാര്‍ പ്രകാരം പ്രതിരോധം, വ്യോമയാനം, മാനവ വിഭവശേഷി തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്.