Connect with us

National

മോദിയെ വിമര്‍ശിച്ച് എസ് പിയുടെ പ്രചാരണത്തുടക്കം

Published

|

Last Updated

ലക്‌നോ: പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ഉടലെടുത്ത ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ അഖിലേഷ് യാദവ് തുടക്കമിട്ടു. സുല്‍ത്താന്‍പൂര്‍ മണ്ഡലത്തിലെ റാലിയില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശമാണ് അഖിലേഷ് ഉന്നയിച്ചത്. അച്ഛെ ദിന്‍ (നല്ല ദിനം) എന്ന മോദിയുടെ പ്രചാരണത്തെ പരിഹസിച്ചുകൊണ്ടാണ് അഖിലേഷ് റാലിയെ അഭിസംബോധന ചെയ്തത്. മോദി പറഞ്ഞത് ജനം വിശ്വസിച്ചെന്ന് കരുതുന്നില്ല. സംസ്ഥാനത്ത് എസ് പി സര്‍ക്കാര്‍ നടപ്പാക്കിയ നല്ല കാര്യങ്ങളെല്ലാം കേന്ദ്ര ബജറ്റില്‍ അദ്ദേഹം പരാമര്‍ശിക്കുമെന്ന് ഉറപ്പാണെന്നും അഖിലേഷ് പറഞ്ഞു.
നോട്ട് അസാധുവാക്കലിലൂടെ കര്‍ഷക സമൂഹത്തിന് ദ്രോഹം മാത്രമേ ഉണ്ടായിട്ടുള്ളൂ. ബി ജെ പി വിതച്ചത് അവര്‍ തന്നെ കൊയ്യും. ഇതിനകം മൂന്ന് ബജറ്റുകള്‍ അവതരിപ്പിച്ച മോദി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്ത് ചെയ്‌തെന്നും അഖിലേഷ് ചോദിച്ചു.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങളായ മെട്രോ, വളര്‍ത്തുമൃഗങ്ങള്‍ക്കായി വീടുകളില്‍ ഡോക്ടര്‍മാരുടെ സേവനം, പെന്‍ഷന്‍, യുവാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, വിവാഹിതരായ വീട്ടമ്മമാര്‍ക്ക് പ്രഷര്‍ കുക്കര്‍, മികച്ച റോഡ് തുടങ്ങിയവ പ്രസംഗത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തു അഖിലേഷ്.
കഴിഞ്ഞ നവംബറില്‍ തന്നെ അഖിലേഷ് യാദവ് റാലികള്‍ക്ക് തുടക്കമിട്ടിരുന്നു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ശേഷം നടക്കുന്ന പ്രചാരണങ്ങളില്‍ രാഹുല്‍, പ്രിയങ്ക തുടങ്ങിയ നേതാക്കള്‍ക്കൊപ്പമുള്ള പ്രചാരണവും ഇനിയുണ്ടാകും. ഇരു പാര്‍ട്ടികളും ചേര്‍ന്ന് 10 റാലികള്‍ സംഘടിപ്പിക്കുമെന്നാണ് വിവരം.