Connect with us

International

ട്രംപ് മാധ്യമങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന്‌

Published

|

Last Updated

വാഷിംഗ്ടണ്‍: മാധ്യമങ്ങളുമായി ആരോഗ്യകരമായ ബന്ധമാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. മാധ്യമങ്ങള്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ അനാവശ്യമായ പ്രചാരണം നടത്തുകയാണെന്നും ഇങ്ങനെ പോയാല്‍ അവരുമായുള്ള ബന്ധം പുനഃപരിശോധിക്കേണ്ടി വരുമെന്നും കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് ഭീഷണി മുഴക്കിയിരുന്നു. ട്രംപ് നേരിട്ടും മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഈ നീക്കങ്ങള്‍ പാളിയതോടെയാണ് പരിഹാര പ്രസ്താവനയുമായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യകരമായ ബന്ധം ഉറപ്പ് വരുത്തി മാത്രമേ ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും മുന്നോട്ട് പോകാനാകൂ എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിങ്ങള്‍ വിശ്വാസ്യതയെക്കുറിച്ചും സത്യം പറയുന്നതിനെക്കുറിച്ചുമാണ് പറയുന്നത്. അത് അവഹേളനപരമാകുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. അല്ലെങ്കില്‍ ഞാന്‍ പറയില്ല. പക്ഷേ, എല്ലാത്തിനും മീതെ സത്യം എന്നൊന്നുണ്ട്- സ്‌പൈസര്‍ പറഞ്ഞു. ഈ രാജ്യത്തെ ഒന്നിച്ച് നിര്‍ത്തുന്നതിന് താന്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് മാധ്യമങ്ങളോടും അമേരിക്കന്‍ ജനതയോടും സംസാരിക്കാന്‍ പ്രസിഡന്റ് ആഗ്രഹിക്കുന്നു. അതിന് മാധ്യമങ്ങളുമായി ആരോഗ്യകരമായ ബന്ധം അനിവാര്യമാണ്. എന്നാല്‍ പ്രസിഡന്റ് നടത്തുന്ന ഏത് പ്രതികരണത്തെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ നെറികെട്ടവരാണെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അധിക്ഷേപിച്ചിരുന്നു. ബരാക് ഒബാമ 2009ല്‍ അധികാരത്തിലേറുമ്പോഴുള്ള സത്യപ്രതിജ്ഞാ ചടങ്ങിന്റെയും കഴിഞ്ഞ ദിവസം നടന്ന ട്രംപിന്റെ ഉദ്ഘാടന ചടങ്ങിലെ ചിത്രവും ഒരുമിച്ച് പ്രസിദ്ധീകരിച്ചതാണ് നെറികെട്ടവരും നന്ദിയില്ലാത്തവരുമാണെന്ന പരാമര്‍ശത്തിലേക്ക് ട്രംപിനെ നയിച്ചത്. പത്ത് ലക്ഷത്തോളം പേര്‍ ചടങ്ങില്‍ സംബന്ധിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ പറയുന്നത് പച്ചക്കള്ളമാണെന്നും ട്രംപ് പറഞ്ഞിരുന്നു.

 

Latest