സിറിയന്‍ വെടിനിര്‍ത്തലിനായി റഷ്യയും തുര്‍ക്കിയും ഇറാനും : സമാധാനം അസ്ഥാനത്താകില്ല

Posted on: January 25, 2017 7:32 am | Last updated: January 24, 2017 at 11:34 pm
SHARE
കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടന്ന സമാധാന ചര്‍ച്ച

അസ്താന: സിറിയന്‍ പ്രശ്‌നപരിഹാരം ലക്ഷ്യംവെച്ച് കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടന്ന സമാധാന ചര്‍ച്ച അവസാനിച്ചു. സിറിയയില്‍ ആയുധ ഇടപെടല്‍ നടത്തേണ്ടെന്ന് റഷ്യ, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ തീരുമാനിച്ചു. വെടിനിര്‍ത്തല്‍ വ്യാപിപ്പിക്കാനും ലംഘനം നടക്കുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കാനും മൂന്ന് രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ തീരുമാനിച്ചു. സിറിയന്‍ സര്‍ക്കാറിനെ പിന്തുണക്കുന്ന റഷ്യയും ഇറാനും വിമതര്‍ക്ക് സഹായം നല്‍കുന്ന തുര്‍ക്കിയും സമാധാനത്തിനായി ഒരുമിക്കുന്നതോടെ സിറിയയില്‍ സംഘര്‍ഷം അവസാനിപ്പിക്കാനാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ചര്‍ച്ചക്ക് മധ്യസ്ഥം വഹിച്ച രാജ്യങ്ങള്‍ സമാധാനത്തിനായി ഒന്നിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ സിറിയന്‍ സര്‍ക്കാറിന്റെയും വിമതരുടെയും നിലപാടെന്താണെന്ന് വ്യക്തമായിട്ടില്ല. അസ്താന ചര്‍ച്ചക്ക് മുന്നോടിയായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തുടരാനും ഇത് കൂടുതല്‍ ചിട്ടയോടെ നടപ്പാക്കാനുമാണ് സിറിയയില്‍ നേരിട്ട് ഇടപെടല്‍ നടത്തുന്ന രാജ്യങ്ങള്‍ ശ്രമിക്കുന്നത്.
അതേസമയം, വിമതര്‍ക്ക് ആയുധ സഹായം നല്‍കുന്ന അമേരിക്ക യോഗത്തില്‍ നിന്ന് വിട്ടുനിന്നത് ആശങ്കക്കിടയാക്കുന്നു. സിറിയന്‍ വിഷയത്തില്‍ ഇടപെടുമെന്ന് പ്രഖ്യാപിച്ച ട്രംപ്, റഷ്യയുടെ നേതൃത്വത്തിലുള്ള സിറിയന്‍ സമാധാന ശ്രമം അംഗീകരിക്കുമോയെന്ന് വ്യക്തമല്ല. വിമതര്‍ക്കുള്ള സഹായം അമേരിക്ക അവസാനിപ്പിക്കാത്തിടത്തോളം കാലം സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനാകില്ല.
സിറിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ സൈനിക ഇടപെടലിന് സാധിക്കില്ലെന്നും ചര്‍ച്ചകളിലൂടെ മാത്രമേ സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനാകുകയുള്ളൂവെന്നും സംയുക്ത പ്രസ്താവനയില്‍ മൂന്ന് രാജ്യങ്ങളിലെയും വക്താക്കള്‍ അറിയിച്ചു.
ആറ് വര്‍ഷത്തിനിടെ മൂന്ന് ലക്ഷം പേര്‍ കൊല്ലപ്പെട്ട സിറിയന്‍ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാറും മുഴുവന്‍ വിമത കക്ഷികളും രംഗത്തെത്തണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. സാധാരണക്കാര്‍ കൊല്ലപ്പെടുന്ന അവസ്ഥ ഇല്ലാതാക്കണമെന്ന് സര്‍ക്കാര്‍, വിമതപക്ഷങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും ഇതിന്റെ സാധ്യതകളാണ് ഇരുവിഭാഗവും പങ്കുവെച്ചത്.
കഴിഞ്ഞ മാസം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്നും ആക്രമണം ഉണ്ടാക്കിയെന്നും ഇരുകൂട്ടരും പരസ്പരം ആരോപിച്ചു. വെടിനിര്‍ത്തല്‍ അട്ടിമറിക്കാന്‍ തീവ്രവാദി വിഭാഗങ്ങള്‍ക്കൊപ്പം വിമതര്‍ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് സര്‍ക്കാര്‍ വക്താവ് ബശര്‍ അല്‍ ജഅ്ഫരി ഉന്നയിച്ചത്. എന്നാല്‍ സര്‍ക്കാറിനെതിരെ യുദ്ധക്കുറ്റമടക്കമുള്ള ആരോപണങ്ങളുമായി വിമത വക്താവ് യഹ്‌യ അല്‍ അരീദി രംഗത്തെത്തി.
വിമത പ്രക്ഷോഭത്തിന് പിന്നാലെ രാജ്യത്ത് സ്വാധീനം ശക്തമാക്കിയ ഇസില്‍ തീവ്രവാദികളെ നേരിടാനാണ് ഐക്യശ്രമം സജീവമായത്. ഇസിലിനെതിരെ ഒറ്റക്കെട്ടായ സൈനിക മുന്നേറ്റം നടത്താനുള്ള ശ്രമവും ശക്തമായി നടക്കുന്നുണ്ട്.