Connect with us

Kerala

ജിഷ്ണുവിന്റെ ശരീരത്തില്‍ കൂടുതല്‍ മുറിവുകളുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

Published

|

Last Updated

വടക്കാഞ്ചേരി: പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിവുകളുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു. മൃതദേഹത്തില്‍ പോലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി എടുത്ത ഫോട്ടോകളിലാണ് മര്‍ദനമേറ്റതിന്റെ പാടുകളുള്ളത്. എന്നാല്‍ ഈ മുറിവുകള്‍ സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നില്ല. ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ പഴയന്നൂര്‍ പോലീസ് എടുത്ത ചിത്രങ്ങളിലാണ് തോളിനു താഴെയും അരക്കെട്ടിലും മറ്റും മര്‍ദനമേറ്റതിന്റെ പാടുകളുള്ളത്. ഇത് വെളിപ്പെട്ടതോടെ മരണത്തിലെ ദുരൂഹത കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കാനുള്ള ഒരുക്കത്തിലാണ് അവര്‍.

അതേസമയം, ഇന്‍ക്വസ്റ്റ് സമയത്ത് എടുത്ത ചിത്രങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ലെന്നാണ് അറിയുന്നത്. സംഭവം നടന്ന് ഇരുപത് ദിവസം പിന്നിട്ടിട്ടും തെളിവെടുപ്പും മൊഴിയെടുക്കലുമല്ലാതെ സത്യാവസ്ഥയിലേക്ക് വെളിച്ചം വീശാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. പ്രിന്‍സിപ്പല്‍, വിദ്യാര്‍ഥികള്‍, കോളജിലെ ജോലിക്കാര്‍, വാര്‍ഡന്മാര്‍ തുടങ്ങി 250ല്‍ പരം പേരില്‍ നിന്ന് മൊഴിയെടുക്കുകയും നിരവധി തെളിവുകള്‍ പുറത്തുവരികയും ചെയ്തിട്ടും മാനേജ്‌മെന്റിനെ പ്രതിയാക്കാന്‍ പോലീസ് തുനിയാത്തത് ഉന്നത രാഷ്ട്രീയ-വ്യക്തി സ്വാധീനം കാരണമാണെന്ന സംശയം ജിഷ്ണുവിന്റെ ബന്ധുക്കള്‍ തുടര്‍ച്ചയായി പ്രകടിപ്പിക്കുന്നുണ്ട്. ഇത്രയൊക്കെയായിട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ അപാകതകളെ കുറിച്ച് വിശകലനം നടത്തുന്നതിന് ഫോറന്‍സിക് വിഭാഗവുമായി കൂടിക്കാഴ്ച നടത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. മൂക്കിന്റെ പാലത്തിലും വലതുഭാഗത്തുമായി ചെറിയ മുറിവുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. മേല്‍ച്ചുണ്ടിന്റെയും കീഴ്ച്ചുണ്ടിന്റെയും ഇടതുവശത്തും മുറിവുകളുണ്ട്. കഴുത്തിന്റെ മുന്‍വശത്തും വശങ്ങളിലും പോറലേറ്റ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരമര്‍ശിച്ചിരുന്നു.

 

Latest