Connect with us

Kerala

കേരളത്തിന് ഇത്തവണ പോലീസ് മെഡലില്ല

Published

|

Last Updated

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെ തുടര്‍ന്ന് രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡല്‍ പട്ടികയില്‍ നിന്നും കേരളം പുറത്തായി. കൃത്യസമയത്ത് പട്ടിക സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പിന് കഴിയാതിരുന്നതിനെ തുടര്‍ന്ന് കേരളം തള്ളപ്പെട്ടുവെന്ന ആക്ഷേപമാണ് ഉയരുന്നത്. എന്നാല്‍ മെഡലിന് പരിഗണിക്കേണ്ടവരുടെ പട്ടിക കൃത്യസമയത്തു തന്നെ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് അയച്ചുവെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്. ഡിസംബര്‍ 31 ന് മുന്‍പായി ആയിരുന്നു പട്ടിക കൈമാറേണ്ടിയിരുന്നതെന്നും ഡിസംബര്‍ 30ന് ഉന്നതതല സമിതി യോഗം ചേര്‍ന്ന് പട്ടിക തയ്യാറാക്കി പട്ടിക ഓണ്‍ലൈനായി അയച്ചിരുന്നുവെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ വാദം. സര്‍ക്കാരിന്റെ പക്ഷത്തു നിന്നും ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്ന പശ്ചാതലത്തില്‍ സംഭവം പരിശോധിക്കേണ്ടതാണെങ്കില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഡി ജി പി നല്‍കിയ 50 പേരുടെ പട്ടികയില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. അതുകൊണ്ടു തന്നെ അര്‍ഹരായവര്‍ക്ക് മുന്‍ വര്‍ഷത്തെപ്പോലെ ഇക്കൊല്ലവും റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് ആഭ്യന്തരവകുപ്പ് പുലര്‍ത്തുന്നത്. അതേസമയം അതിനുള്ള സാധ്യത വിരളമാണെന്നാണ് വകുപ്പിനുള്ളില്‍ നിന്നു തന്നെയറിയുന്നത്. ഡിസംബര്‍ 30ന് ഓണ്‍ലൈനില്‍ പട്ടിക സമര്‍പ്പിച്ചതായി സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും. ജനുവരി മൂന്നിന് ഇതു സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിരുന്നു. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചുവെന്ന് കേരളം വാദിച്ചെങ്കിലും സമയം കഴിഞ്ഞുവെന്നായിരുന്നു കേന്ദ്രത്തില്‍ നിന്നുള്ള പ്രതികരണം.

ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുടെ സമിതിയാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി അയക്കേണ്ടത്. എന്നാല്‍, ഐ പി എസ്-ഐ എ എസ് ചേരിപ്പോരിനെ തുടര്‍ന്ന് ഇക്കുറി സമിതി യോഗം ചേര്‍ന്നില്ലെന്നും മെഡലിന് പരിഗണിക്കേണ്ടവരുടെ പട്ടിക സമയത്ത് തയ്യാറാക്കിയിരുന്നില്ലെന്നും കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മെഡല്‍ പട്ടികയില്‍ നിന്ന് കേരളം പുറത്തായതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

 

Latest