Connect with us

National

കമ്പള നിരോധം പിന്‍വലിച്ചില്ലെങ്കില്‍ 18ന് കര്‍ണാടക ബന്ദ്

Published

|

Last Updated

ബെംഗളൂരു:കര്‍ണാടകയിലെ പരമ്പരാഗത കാളയോട്ട മത്സരമായ കമ്പളക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ ഫെബ്രുവരി 18ന് കര്‍ണാടക ബന്ദ് നടത്തുമെന്ന് കന്നഡ വട്ടാള്‍പക്ഷ നേതാവ് വട്ടാല്‍ നാഗരാജിന്റെ മുന്നറിയിപ്പ്. കമ്പള നിലനിര്‍ത്തുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അവലംബിക്കുന്ന മൗനം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
തുളുനാട്ടിലെ പാടശേഖരങ്ങളിലെ നാട്ടുത്സവമായ കമ്പള എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനായി ഹൈക്കോടതിയും സര്‍ക്കാറും നടപടി സ്വീകരിക്കണമെന്നതാണ് സംഘടനകളുടെ ആവശ്യം. കമ്പള പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 28ന് മംഗളൂരുവില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ കന്നഡ ചലച്ചിത്ര ലോകത്ത് നിന്ന് ഉള്‍പ്പെടെ അരലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്ന് കംബള കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.
രാവിലെ 11.30 മുതല്‍ വൈകീട്ട് അഞ്ച് വരെ പരമ്പരാഗത കാളയോട്ട മത്സരങ്ങള്‍ നടക്കും. 200 ജോഡി എരുമകളെ പ്രതിഷേധ മാര്‍ച്ചിന് അകമ്പടി നടത്തുമെന്നും അവര്‍ പറഞ്ഞു. കമ്പള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് തുളുനാട് ദക്ഷിണ വേദികെ ഇന്നലെ മംഗളൂരുവില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് ( പെറ്റ) നല്‍കിയ ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റീസ് എസ് കെ മുഖര്‍ജി ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് 2016 നവംബറില്‍ കമ്പളക്ക് നിരോധനം ഏര്‍പ്പെടുത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് കമ്പള കമ്മിറ്റികള്‍ ഇടക്കാല അപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജികള്‍ 30ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് 28ന് കംബള മത്സരങ്ങള്‍ നടത്താന്‍ സംഘടനകള്‍ തയ്യാറെടുക്കുന്നത്.

 

---- facebook comment plugin here -----

Latest