കഴിഞ്ഞ വര്‍ഷം റാഫിന്റെ സഹായം ലഭിച്ചത് 1.87 കോടി പേര്‍ക്ക്‌

Posted on: January 24, 2017 9:24 pm | Last updated: January 24, 2017 at 9:24 pm

ദോഹ: ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസിന്(റാഫ്) കഴിഞ്ഞ വര്‍ഷം എട്ട് ശതമാനം അധികം സംഭാവന സ്വരൂപിക്കാനായി. കഴിഞ്ഞ വര്‍ഷം 1.87 കോടി ജനങ്ങള്‍ക്ക് റാഫിന്റെ പദ്ധതികളുടെ പ്രയോജനം ലഭിച്ചു. 2015ല്‍ 1.27 കോടി ജനങ്ങള്‍ക്കായിരുന്നു പ്രയോജനം ലഭിച്ചത്. കഴിഞ്ഞദിവസം പുറത്തിറക്കിയ റാഫിന്റെ വാര്‍ഷിക പ്രവര്‍ത്തനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

കഴിഞ്ഞ വര്‍ഷം വ്യക്തികളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും സംഭാവനയായി ലഭിച്ചത്് 66.05 കോടി റിയാലാണ്. 2015 ല്‍ ഇത് 61.1 കോടി റിയാല്‍ ആയിരുന്നു. 55.69 കോടി റിയാലാണ് റാഫ് കഴിഞ്ഞ വര്‍ഷം ചെലഴവിച്ചത്. വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഇതില്‍ 42.84 കോടി റിയാല്‍ വിദേശരാജ്യങ്ങളിലും 12.84 കോടി റിയാല്‍ ഖത്വറിലുമാണ് ചെലവഴിച്ചത്. റാഫിന്റെ കാരുണ്യപദ്ധതികളുടെ ഗുണഭോക്താക്കളില്‍ നല്ലൊരുപങ്കും അഭയാര്‍ഥികള്‍, വീട് നഷ്ടപ്പെട്ടവര്‍, പ്രകൃതി ദുരന്തത്തിന്റെ ഇരകള്‍ എന്നിവരാണെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. മുഹമ്മദ് സലാ ഇബ്‌റാഹിം പറഞ്ഞു. 204 രാജ്യാന്തര സന്നദ്ധ സംഘടനകളുമായി സഹകരിച്ച് 93 രാജ്യങ്ങളില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കി. ഖത്വറിലെ സഹായം അര്‍ഹിക്കുന്ന പ്രവാസികള്‍ക്കും പൗരന്മാര്‍ക്കുമായി ഇരുപത് പദ്ധതികളും പോയവര്‍ഷം നടപ്പാക്കി. വായ്പാതിരിച്ചടവുകള്‍ക്കും വീട്ട് വാടക, വൈദ്യുതി ബില്‍, സ്‌കൂള്‍ ഫീസ് എന്നിവ നല്‍കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനുമായി 4.64 കോടി റിയാലില്‍ അധികം ചെലവഴിച്ചു. ഖത്വരി യുവജനങ്ങള്‍ക്ക് വിവാഹത്തിനായും പാവപ്പെട്ടവര്‍ക്ക് ചികിത്സാ ബില്‍ അടക്കാനും സാമ്പത്തിക സഹായവും കൈമാറി. ദാരിദ്ര്യമനുഭവിക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമായി 9,82,000 ഭക്ഷണ പൊതികള്‍, 617 റേഷന്‍ കൂപ്പണുകള്‍, മാംസം വാങ്ങുന്നതിനായി 47,400 കൂപ്പണുകള്‍ എന്നിവ വിതരണം ചെയ്തു. 46.4 മില്യണ്‍ റിയാലാണ് ഇതിനായി ചെലവഴിച്ചത്. ഖത്വറുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലുമായി നിരവധി ദുരിതാശ്വാസ, സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, വികസന പദ്ധതികളും കഴിഞ്ഞവര്‍ഷം നടപ്പാക്കി.
ആകെ ചെലവഴിച്ചതിന്റെ 36 ശതമാനവും (141.6 മില്യന്‍ റിയാല്‍) സിറിയ, ഇറാഖ്, യമന്‍, മ്യാന്‍മര്‍, മധ്യആഫ്രിക്ക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. സാമൂഹികപദ്ധതികള്‍ക്കായി 25 ശതമാനവും (100.9 മില്യന്‍ റിയാല്‍) വിദ്യാഭ്യാസപദ്ധതികള്‍ക്കായി 20 ശതമാനവും (77.8 മില്യന്‍ റിയാല്‍) വികസന ആരോഗ്യപദ്ധതികള്‍ക്കായി യഥാക്രമം 54.7 മില്യന്‍ റിയാലും 21.6 മില്യന്‍ഡ റിയാലും ചെലവഴിച്ചു. പാവപ്പെട്ടവര്‍ക്കായി നിരവധി അനാഥമന്ദിരങ്ങളും വീടുകളും നിര്‍മിച്ചുനല്‍കി.
ഏഷ്യന്‍ രാജ്യങ്ങളില്‍ 66.4 മില്യന്‍ റിയാല്‍ ചെലവഴിച്ച് 258 സാമൂഹിക പദ്ധതികളും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 32.8 മില്യന്‍ റിയാല്‍ ചെലവഴിച്ച് 275പദ്ധതികളും യൂറോപ്യന്‍ രാജ്യങ്ങളില്‍ 1.7 മില്യന്‍ റിയാല്‍ ചെലവില്‍ 13 പദ്ധതികളും നടപ്പാക്കി.

നിരവധി മത, സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു. വിശുദ്ധ ഖുര്‍ആന്റെ പത്ത് ലക്ഷം കോപ്പികള്‍ വിതരണം ചെയ്തതായും റാഫിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.