ചൈനീസ് യുദ്ധക്കപ്പലുകള്‍ ഖത്വറിലെത്തി

Posted on: January 24, 2017 7:59 pm | Last updated: January 24, 2017 at 7:59 pm
SHARE

ദോഹ: ഗള്‍ഫ് പര്യടനം നടത്തുന്ന മൂന്ന് ചൈനീസ് യുദ്ധ കപ്പലുകള്‍ ഖത്വറിലെത്തി. മിസൈല്‍ വേധ യുദ്ധക്കപ്പലായ ഹര്‍ബിന്‍, മിസൈല്‍ വിക്ഷേപണ കപ്പലായ ഹാന്‍ഡന്‍, യുദ്ധ സാമഗ്രി വിതരണ കപ്പലായ ഡോങ്പിങു എന്നിവയാണ് ശനിയാഴ്ച ദോഹ തുറമുഖത്ത് നങ്കൂരമിട്ടതെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ചാനലായ സി സി ടി വി റിപ്പോര്‍ട്ട് ചെയ്തു. ദോഹയില്‍ ഖത്വര്‍ നേവി, ചൈനീസ് അംബാസഡര്‍, ദോഹയിലുള്ള ചൈനീസ് പ്രവാസികള്‍ ചേര്‍ന്ന് കപ്പലുകളെ സ്വീകരിച്ചു. സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളുടെയും നാവിക ഓഫിസര്‍മാര്‍ ആശയ വിനിമയം നടത്തുകയും സൗഹൃദം ഊഷ്മളമാക്കുകയും ചെയ്യുമെന്ന് 24ാം അകമ്പടി കപ്പല്‍പ്പടയുടെ കമാന്‍ഡര്‍ ബായ് യാവോപിങ് പറഞ്ഞു.

ഖത്വറുമായും മറ്റു ഗള്‍ഫ് രാജ്യങ്ങളുമായും ആയുധ വ്യാപാരം സജീവമാക്കുന്നതിന് ചൈന നേരത്തേ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സഊദിയില്‍ അഞ്ച് ദിവസം തങ്ങിയ ശേഷമാണ് കപ്പലുകള്‍ ഇവിടെയെത്തിയത്. ഖത്വറില്‍ അഞ്ച് ദിവസം തങ്ങിയ ശേഷം യു എ ഇയിലേക്കും പിന്നീട് കുവൈത്തിലേക്കും പോകും. 2010നു ശേഷം ഇതാദ്യമായാണ് ചൈനീസ് യുദ്ധക്കപ്പലുകള്‍ ഖത്വര്‍ തീരത്തെത്തുന്നത്. ചൈനീസ് നേവി പതിവായി ലോക സഞ്ചാരങ്ങള്‍ നടത്താറുണ്ട്. രാജ്യാന്തര കടല്‍ കൊള്ളക്കാര്‍ക്കെതിരായ നീക്കങ്ങളുടെ ഭാഗമായി യമന്‍, സോമാലിയ തീരങ്ങളില്‍ പട്രോള്‍ നടത്താനും ചൈനീസ് നേവി രംഗത്തുണ്ടാകാറുണ്ട്. 2014ല്‍ ആദ്യമായി ചൈനീസ് നേവി ഇറാനിലും സന്ദര്‍ശിച്ചിരുന്നു. സിറിയന്‍ സമാധാന ശ്രമങ്ങലിലുള്‍പ്പെടെ ഇടപെടാന്‍ ശ്രമിക്കുന്ന ചൈനയുടെ ഗള്‍ഫ് പര്യടനും ചൈനയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധന, സുരക്ഷാ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുമെന്നു വിലയിരുത്തപ്പെടുന്നു.