ബജറ്റ് നീട്ടണമെന്ന പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി

Posted on: January 24, 2017 12:40 am | Last updated: January 24, 2017 at 12:28 am

ന്യൂഡല്‍ഹി: അടുത്തമാസം ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന പൊതു ബജറ്റ് നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച്. അഞ്ച് സംസ്ഥാങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റ് അവതരിപ്പിച്ചാല്‍ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും അതുകൊണ്ടുതന്നെ ഈ സമയത്ത് ബജറ്റ് അവതരിപ്പിക്കുന്നത് ചട്ടലംഘനമാകുമെന്നുമുള്ള ഹരജിയിലെ വാദങ്ങള്‍ കോടതി തള്ളി. ചീഫ് ജസ്റ്റിസ് ജെ എസ്. ഖേഹാര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹരജി പരിഗണിച്ചത്.
അഭിഭാഷകനായ എം എല്‍ ശര്‍മയാണ് ഹരജി സമര്‍പ്പിച്ചത്. ധനസഹായങ്ങള്‍, പ്രത്യേക പദ്ധതികള്‍ തുടങ്ങിയവ പ്രഖ്യാപിക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിനെ വിലക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരി 31നാണ് ഇത്തവണ പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി രണ്ടാം വാരം ബജറ്റ് സമ്മേളനം തുടങ്ങുകയും 28ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുകയുമാണ് പതിവ്. ഇത് മാറ്റിയാണ് ഒരു മാസം നേരത്തെ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന് പുറമെ 92 വര്‍ഷത്തെ കീഴ്‌വഴക്കം അവസാനിപ്പിച്ച് റെയില്‍വേ ബജറ്റും കേന്ദ്ര ബജറ്റിന് കീഴിലാക്കിയിട്ടുണ്ട്.

സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ബജറ്റ് വിഹിത വിനിയോഗം തുടങ്ങാന്‍ സൗകര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബജറ്റ് അവതരണം നേരത്തെയാക്കിയത്.