വേദനിക്കുന്നവര്‍ക്ക് താങ്ങായി ‘കൂടെയുണ്ട് ഞങ്ങള്‍’

Posted on: January 24, 2017 12:25 am | Last updated: January 24, 2017 at 12:25 am
എസ് വൈ എസ് സാന്ത്വനവാരത്തില്‍ പങ്കാളിയായി സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍
സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തൃശൂര്‍ മനപ്പാടിയില്‍ കിടപ്പിലായ
രോഗിയുടെ വീട്ടിലെത്തി ശ്വസനയന്ത്രം നല്‍കുന്നു

കോഴിക്കോട:് വേദനിക്കുന്നവര്‍ക്ക് താങ്ങായി ‘കൂടെയുണ്ട് ഞങ്ങള്‍’ എന്ന സന്ദേശവുമായി എസ് വൈ എസ് സംസാഥാന കമ്മിറ്റി നടത്തുന്ന സാന്ത്വനവാരത്തിന് ഉജ്ജ്വല തുടക്കം. നേരത്തെ സര്‍വേയിലൂടെ കണ്ടെത്തിയ കിടപ്പിലായ രോഗികള്‍ക്കും കുടുംബത്തിനും സാന്ത്വനമേകി നേതാക്കളും പ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിച്ചു.

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി വയനാട് തലപ്പുഴയില്‍ കിടപ്പിലായ രോഗികളുടെ വീട് സന്ദര്‍ശിച്ച് സാന്ത്വനവാരത്തില്‍ പങ്കാളിയാകുന്നു

തൃശൂര്‍ ജില്ലയിലെ മനപ്പാടിയില്‍ കിടപ്പിലായ രോഗിയുടെ വീട്ടിലെത്തി ശ്വസനയന്ത്രം നല്‍കി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സാന്ത്വനവാരത്തില്‍ പങ്കാളിയായി. വേദനിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതും സമൂഹത്തിന്റെ കടമയാണെന്നും അത് രോഗികളുടെയും കുടുംബത്തിന്റെയും അവകാശമാണെന്നും കാന്തപുരം പറഞ്ഞു. വേദനിക്കുന്ന മനുഷ്യന് സാന്ത്വനമേകുന്നത് ഏറ്റവും വലിയ പുണ്യമായാണ് ഇസ്‌ലാം കാണുന്നത്. അവിടെ ജാതിയും മതവും നോക്കേണ്ടതില്ല. മാനുഷിക മൂല്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. എസ് വൈ എസ് മുന്നോട്ട് വെക്കുന്ന സമഗ്ര ജീവകാരുണ്യ പദ്ധതിയില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും കാന്തപുരം അഭ്യര്‍ഥിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയും കാന്തപുരത്തോടൊപ്പമുണ്ടായിരുന്നു.

തിരുവനന്തപുരം കണിയാപുരം മൈപ്പള്ളി റോഡില്‍ കിടപ്പിലായ രോഗിക്ക് മെഡിക്കല്‍ ഉപകരണം നല്‍കി സഹകരണ ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുന്നു

തിരുവനന്തപുരം കണിയാപുരം മൈപ്പള്ളി റോഡില്‍ കിടപ്പിലായ രോഗിക്ക് മെഡിക്കല്‍ ഉപകരണം നല്‍കി സഹകരണ ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു. കൃത്യമായ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ അര്‍ഹരായ കിടപ്പുരോഗികള്‍ക്കും കുടുംബത്തിനും ആശ്വാസമേകാനുള്ള എസ് വൈ എസിന്റെ യജ്ഞത്തിന് സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, നേമം സിദ്ദീഖ് സഖാഫി സംബന്ധിച്ചു.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി വയനാട് തലപ്പുഴയില്‍ കിടപ്പിലായ രോഗികളുടെ വീട് സന്ദര്‍ശിച്ച് സാന്ത്വനവാരത്തില്‍ പങ്കുചേര്‍ന്നു. കാസര്‍കോട് കെ കുഞ്ഞിരാമന്‍ എം എല്‍ എ, മലപ്പുറത്ത്് മന്ത്രി കെ ടി ജലീല്‍, കോഴിക്കോട് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പാലക്കാട് കെ വി വിജയദാസ് എം എല്‍ എ, എറണാകുളം അന്‍വര്‍ സാദത്ത് എം എല്‍ എ, കണ്ണൂര്‍ ആര്‍ പി ഹുസൈന്‍, ഇടുക്കി അബ്ദുസ്സലാം സഖാഫി, പത്തനംതിട്ട സ്വലാഹുദ്ദീന്‍ മദനി, ആലപ്പുഴ മുഹമ്മദ് ഹാശിം സഖാഫി, കൊല്ലം നൗഷാദ് എം എല്‍ എ, തമിഴ്‌നാട്ടിലെ നീലഗിരിയില്‍ ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ സംബന്ധിച്ചു.