സുതാര്യമാകട്ടെ സര്‍ക്കാര്‍ കാര്യങ്ങള്‍

Posted on: January 24, 2017 6:02 am | Last updated: January 24, 2017 at 12:04 am

മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തുന്നത് സംബന്ധിച്ച വിവാദം പുകയുകയാണ് സംസ്ഥാനത്ത്. മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. എല്ലാ തീരുമാനങ്ങളും പുറത്തുവിടുന്നത് ലക്ഷ്യം നേടുന്നതിന് തടസ്സം സൃഷ്ടിക്കും. പുറത്ത് പറയുന്നതിന് മുമ്പ് നടപ്പാക്കേണ്ടതായിരിക്കും തീരുമാനങ്ങളില്‍ ചിലതെല്ലാം. പുറത്ത് വിട്ടാല്‍ അവ നടപ്പാക്കുന്നതിന് തടസ്സം നേരിടും. ഈ സാഹചര്യത്തില്‍ വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വിവേചനം വേണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഭരണമുന്നണിയില്‍ തന്നെ പലര്‍ക്കും യോജിപ്പില്ല ഈ വീക്ഷണത്തോട്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശക്തമായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ചത്. ഭരണ നിര്‍വഹണം സുതാര്യവും അഴിമതി വിമുക്തവുമാക്കാ നാണ് വിവരാവകാശനിയമം കൊണ്ടുവന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ അതിന്റെ പരിധിയില്‍ വരില്ലെന്ന് ആരു പറഞ്ഞാലും അംഗീകരിക്കില്ലെന്നാണ് കാനത്തിന്റെ പ്രതികരണം. ജനങ്ങള്‍ക്ക് വേണ്ടിയാണ് മന്ത്രിസഭാ തീരുമാനങ്ങള്‍. ജനം അതറിയണം. അതറിയാനുള്ള അവകാശം ജനത്തിനുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര വിവരാവകാശ നിയമം അനുശാസിക്കുന്നത.് അതിനപ്പുറം പുതുതായി എന്തെങ്കിലും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തില്ലെന്ന നിലപാട് ബ്രിട്ടീഷ് ഭരണ കാലത്തെ ഔദ്യോഗിക രഹസ്യനിയമം പുനഃസ്ഥാപിക്കുന്നതിന് തുല്യമാണെന്നും കാനം കുറ്റപ്പെടുത്തുന്നു.

ഭരണത്തില്‍ അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതവും വര്‍ധിച്ച സാഹചര്യത്തില്‍ ഭരണനിര്‍വഹണം സുതാര്യവും അഴിമതിമുക്തവുമാക്കാനാണ് വിവരാവകാശ നിയമം കൊണ്ടുവന്നത്. ഇന്നലെകളില്‍ അതീവ രഹസ്യമായി ചെയ്തിരുന്ന പല കാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാനും അതുവഴി അഴിമതിക്കാരെ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടാനും കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും ഈ നിയമത്തിലൂടെ സാധിച്ചിട്ടുണ്ട്. ടൂജി അഴിമതി, കല്‍ക്കരി കുംഭകോണം, ഏഷ്യന്‍ ഗെയിംസ് അഴിമതി തുടങ്ങി പല വന്‍ വെട്ടിപ്പുകളും പുറംലോകം അറിഞ്ഞത് ഈ നിയമം മൂലമാണെന്നതിനാല്‍ രാജ്യത്തെ നിയമനിര്‍മാണ ചരിത്രത്തിലെ ഒരു നാഴികക്കല്ലായാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാറിന്റെ പ്രവര്‍ത്തനം തീര്‍ത്തും സുതാര്യമായിരിക്കേണ്ടതുണ്ട്. ജനായത്ത ഭരണത്തില്‍ ജനങ്ങള്‍ അറിയാന്‍ പറ്റാത്ത ഒന്നുമുണ്ടാകരുത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതോ, ക്രമസമാധാനത്തെ ബാധിക്കുന്നതോ ആയ കാര്യങ്ങളൊഴിച്ചുള്ളതെല്ലാം ഇതിന്റെ പരിധിയില്‍ വരുന്നുണ്ട്. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അവ വെളിപ്പെടുത്തണമെന്നും കഴിഞ്ഞ ജൂലൈ ഒന്നിന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതുമാണ്. സര്‍ക്കാറിന്റെയും പൊതുഅധികാരകേന്ദ്രങ്ങളിലെയും രേഖകളെല്ലാം ജനങ്ങളുമായി ബന്ധപ്പെട്ടതാണ്. പൊതുജനത്തില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുത്. സര്‍ക്കാര്‍ നടപടികള്‍ ലക്ഷ്യ പ്രാപ്തിയിലെത്തുന്നുണ്ടോ, നികുതിപ്പണം എങ്ങനെ ചെലവഴിച്ചു, എന്തിനെല്ലാം വിനിയോഗിച്ചു എന്നറിയുന്നതിനുള്ള അവകാശം ഓരോ പൗരനുമുണ്ട്. ലക്ഷ്യപ്രാപ്തിയിലെത്താതെ പൊതുപണം മറ്റുവഴിയിലൂടെ ചോര്‍ന്നുപോകുന്ന അവസ്ഥ ഒഴിവാക്കുന്നതിന് അത് ഉപകരിക്കും. ഇത്തരം വിവരങ്ങള്‍ വെളപ്പെടുത്താതിരിക്കുന്നത് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യങ്ങളെ ഇല്ലാതാക്കും.

മന്ത്രിസഭയുടെ എല്ലാ തീരുമാനങ്ങളും പരസ്യപ്പെടുത്തേണ്ടതില്ലെന്ന് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചു ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ അവസാനകാലത്തെ മന്ത്രിസഭാ തീരുമാനങ്ങളാവശ്യപ്പെട്ടു നല്‍കിയ വിവരാവകാശ അപേക്ഷ പൊതുഭരണ വകുപ്പ് തളളുകയുണ്ടായി. വിവരാവകാശനിയമ പ്രകാരം നല്‍കാവുന്നതും നിയമത്തിന്റെ പരിധിയില്‍ വരാത്തതുമായ വിവരങ്ങള്‍ മന്ത്രിസഭായോഗങ്ങളില്‍ ഉണ്ടാകാറുണ്ടെന്നും ഇതു വേര്‍തിരിച്ച് നല്‍കുന്നത് അപ്രായോഗികമാണെന്നുമുളള വാദമുയര്‍ത്തിയാണ് അപേക്ഷകള്‍ നിരസിച്ചത്. യു ഡി എഫിന്റെ മേല്‍ തീരുമാനത്തെ വിവരാവകാശ നിയമത്തിന്മേലുള്ള അട്ടിമറിയെന്നാണ് അന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയത്.
അതേസമയം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതു പോലെ വിവരാവകാശ നിയമത്തെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നവരുണ്ട്. മാത്രമല്ല, നിയമക്കുരുക്കിലേക്ക് എത്തിച്ച് നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാനും ശ്രമിക്കാം. കോടതി വ്യവഹാരങ്ങളെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണിത്. ഇത്തരം ദുരുപയോഗങ്ങള്‍ തടയേണ്ടത് അനിവാര്യമാണ്. ഇതിനായി സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ നിയമത്തിന്റെ അന്തസ്സത്ത തന്നെ ഇല്ലാതാക്കുന്ന തരത്തിലാകരുത്. നിയമം അനുശാസിക്കുന്ന എല്ലാ വിവരങ്ങളും പൊതുജനത്തിന് താമസമന്യേ ലഭ്യമാക്കിക്കൊണ്ട് തന്നെ ദുപയോഗം തടയാനുള്ള നടപടികള്‍ ആവിഷ്‌കരിക്കുകയാണ് വേണ്ടത്.