ജിദ്ദയില്‍ പൊതുഗതാഗത സംവിധാനത്തിന് പച്ചക്കൊടി

Posted on: January 23, 2017 11:36 pm | Last updated: January 23, 2017 at 11:36 pm
SHARE

ദമ്മാം: മക്കയിലെ പൊതുഗതാഗത മേല്‍നോട്ട വിഭാഗം സ്വകാര്യ പങ്കാളിത്തത്തോടെ ജിദ്ദയില്‍ മൂന്നു ഗതാഗതപൊതുസംവിധാനങ്ങള്‍ക്ക് പച്ചക്കൊടി കാട്ടി. ജിദ്ദയിലെ കിഴക്ക് തീരദേശ പാതക്ക് സമാന്തരമായി കോര്‍ണിഷ് ട്രാം, ജിദ്ധയുടെ മധ്യ വടക്ക് ഭാഗത്തെ ശാറ അബ്ഹറുമായി ബന്ധിപ്പിക്കുന്ന മറൈന്‍ ടാക്‌സി, അബ്ഹര്‍ തെക്ക് വടക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന അബ്ഹര്‍ പാലം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മക്ക ഗവര്‍ണറും രാജാവിന്റെ ഉപദേഷ്ടാവുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ അദ്ധ്യക്ഷതയിലാണ് പദ്ധതിക്കായുള്ള മന്ത്രി തല മീറ്റിംഗ് നടന്നത്. സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പൊതുഗതാഗത പദ്ധതി ഏറെ ഉപകരിക്കുമെന്ന് പ്രിന്‍സ് ഖാലിദ് പറഞ്ഞു.

മക്കയില്‍ നിലവില്‍ വിജയിച്ച പൊതുഗതാഗത സംവിധാനം വിഷന്‍ 2030 ന്റെ ഭാഗമായി പരിപോഷിപ്പിക്കാനും പദ്ധതിയുള്ളതായി അദ്ദേഹം ഊന്നിപ്പറഞ്ഞു. രണ്ട് വിശുദ്ധ പള്ളികളിലേക്കുള്ള കവാടം എന്ന നിലയിലും അല്ലാഹുവിന്റെ അതിഥികള്‍ വന്നിറങ്ങുന്ന ആദ്യ ഇടം എന്ന നിലയിലും ജിദ്ദ പ്രൊജക്ടിന് പ്രാധാന്യമേറെയുണ്ട്. തദ്ദേശ ഗ്രാമ വികസന മന്ത്രി അബ്ദുല്‍ ലത്വീഫ് ആലു ശൈഖ്, ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്‍തന്‍, ഗതാഗത മന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍, ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദാന്‍ എന്നിവരും മീറ്റിംഗില്‍ സംബന്ധിച്ചു. സംഗമത്തില്‍ മക്കയേയും ജിദ്ദയേയും ബന്ധിപ്പിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മക്കയില്‍ നിലവില്‍ മെട്രോ സേവനവും കൂടാതെ െ്രെടന്‍ എത്താത്ത 60 ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വീസും ആണുള്ളത്. ജിദ്ദയിലേക്കും ഇത് വ്യാപിപ്പിക്കും. അതിന്റെ 30 ശതമാനം ആസൂത്രണം പൂര്‍ത്തിയായിട്ടുണ്ട്.

അഞ്ച് മെട്രോ സ്‌റ്റേഷനുകള്‍ക്ക് ജിദ്ദയില്‍ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. അല്‍ ബൈഅ സ്‌ക്വയര്‍, പ്രിന്‍സ് മുഹമ്മദ് അബ്ദുല്‍ അസീസ് സ്ട്രീറ്റ് മദീന റോഡ് എന്നിവയുടെ സംഗമ സ്ഥലം, പഴ മക്ക ജിദ്ദ റോഡിലെ കിലോ 10, അസീസ് മാള്‍, അല്‍ അറബ് മാള്‍ എന്നിവയാണ് സ്‌റ്റേഷനു വേണ്ടി കണ്ടെത്തിയ സ്ഥലങ്ങള്‍.