Connect with us

Gulf

യുവതിയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് 6.5 കിലോ തൂക്കം വരുന്ന മുഴ നീക്കംചെയ്തു

Published

|

Last Updated

ആശുപത്രി അധികൃതര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: നാല്‍പത്തിരണ്ടുകാരിയും അവിവാഹിതയുമായ ബഹ്‌റൈനി സ്വദേശിയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് 6.5 കിലോഭാരമുള്ള മുഴ താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി നീക്കം ചെയ്തു. ദുബൈ ഇന്റര്‍നാഷനല്‍ മോഡേണ്‍ ആശുപത്രി ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്.

നീക്കം ചെയ്ത മുഴ

യു എ ഇയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിപ്പമുള്ള മുഴ താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി നീക്കം ചെയ്യുന്നതെന്ന് ആശുപത്രി സി ഇ ഒ ഡോ. കിഷന്‍ പക്കല്‍ പറഞ്ഞു. ഒന്‍പത് മാസം തികഞ്ഞ ഇരട്ടക്കുട്ടികളുടെ ഭാരവും വലിപ്പവുമുള്ള മുഴയായിരുന്നു നീക്കം ചെയ്തത്. മുഴയുടെ ചികിത്സക്കായി ലോകത്തിന്റെ പലഭാഗത്തും പോയെങ്കിലും ആരും ശസ്ത്രക്രിയക്ക് തയ്യാറായിരുന്നില്ലെന്ന് ബഹ്‌റൈന്‍ വനിത പറഞ്ഞു.
2014ല്‍ ജര്‍മനിയില്‍ മുഴ കരിച്ചുകളയുന്ന ചികിത്സ ചെയ്തു. രണ്ടു വര്‍ഷം കാത്തിരുന്നിട്ടും മുഴയുടെ വലിപ്പം കുറയുകയോ അസ്വസ്ഥത മാറുകയോ ചെയ്തില്ല.
107 വയസുള്ള സ്വദേശി വനിതക്ക് ശസ്ത്രക്രിയ നടത്തി ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഡോ. നികിതയുടെ നേതൃത്വത്തിലായിരുന്നു ഇന്റര്‍നാഷനല്‍ മോഡേണ്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടന്നത്. അവിവാഹിതയായ സ്ത്രീകളിലും ഭാവിയില്‍ കുട്ടികള്‍ വേണ്ടവരിലും ഗര്‍ഭാശയ മുഴ (ഫൈബ്രോയിഡ്) താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി നീക്കം ചെയ്യുക എന്നതാണ് ഫലപ്രദമായ ചികിത്സയെന്ന് ഡോ. നികിത പറഞ്ഞു.
ഇന്റര്‍നാഷനല്‍ മോഡേണ്‍ ആശുപത്രിയില്‍ എല്ലാത്തരം ശസ്ത്രക്രിയകളും നടത്താനുള്ള സംവിധാനം ഉള്ളതുകൊണ്ട് മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി താക്കോല്‍ദ്വാര ശസ്ത്രക്രിയയും വിജയകരമായി നടത്തിവരികയാണെന്ന് ഡോ. കിഷന്‍ പക്കല്‍ പറഞ്ഞു.
ഡോ.ലൈലാ മര്‍സൂഖി, ഡോ. സുഷും ശര്‍മ, ഡോ. ഹഫീസ് റഹ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

Latest