Connect with us

Gulf

എന്നിലെ എഴുത്തുകാരനുണ്ടായത് എന്റെ അജ്ഞതയില്‍ നിന്ന്: സേതു

Published

|

Last Updated

ഷാര്‍ജയില്‍ സാഹിത്യകാരന്‍ സേതു വായനക്കാരുമായി
സംവദിക്കുന്നു

ഷാര്‍ജ: എന്റെ അജ്ഞതയില്‍ നിന്നും അറിവുകേടില്‍ നിന്നുമാണ് എന്നിലെ എഴുത്തുകാരന്‍ ഉണ്ടായതെന്ന് സാഹിത്യകാരന്‍ സേതു. സേതു എഴുത്തിന്റെ അമ്പതു വര്‍ഷത്തിലൂടെ കടന്നുപോകുന്ന വേളയില്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ സഹകരണത്തോടെ അക്ഷരക്കൂട്ടം സംഘടിപ്പിച്ച കാലദേശങ്ങള്‍ക്കിടയില്‍ സേതു എന്ന പരിപാടിയില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ബേങ്കിംഗ് എന്തെന്നറിയാതെ ബേങ്കിംഗ് രംഗത്തും സാഹിത്യം പഠിക്കാതെ സാഹിത്യ രംഗത്തും പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ബിരുദം വരെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠനം പൂര്‍ത്തിയാക്കിയ എനിക്ക് ഗ്രാമീണ വായനശാലയാണ് എഴുത്തിലേക്കും അറിവിലേക്കും വഴിവിളക്കായത്. പാഠപുസ്തകങ്ങളല്ല, ലൈബ്രറി പുസ്തകങ്ങള്‍ വായിക്കണമെന്നായിരുന്നു അമ്മ അന്ന് നിര്‍ദേശിച്ചത്. അക്കാലത്ത് തന്നെ ഭാരതത്തിലെയും ലോകത്തിലെയും ക്ലാസിക്കുകള്‍ വായിക്കാന്‍ സാധിച്ചു. മലയാളം ഔദ്യോഗികമായി പഠിക്കാന്‍ സാധിക്കാത്തിടത്ത് ഇത്തരം വായന തന്റെ എഴുത്തു ജീവിതത്തിന് കരുത്തു പകര്‍ന്നതായി അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍ എഴുതുന്നത് ഭാവിതലമുറയെ മുന്നില്‍ കണ്ടായിരിക്കണം. എഴുത്തില്‍ ഗ്രാമീണജീവിതം കൊണ്ടുവരാന്‍ സാധിച്ചത് വലിയ കാര്യമായി തോന്നുന്നു. അത്തരം കൃതികളെല്ലാം ശ്രദ്ധേയമായിട്ടുണ്ട്. വായനക്കാരുടെ സൗന്ദര്യബോധം ഉണരുന്നതുകൊണ്ടാണ് പാണ്ഡവപുരം എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നത്. എന്നാല്‍ കൈമുദ്രകളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ നോവല്‍. മലയാള സാഹിത്യകാരന്മാര്‍ ലോകോത്തര നിലവാരത്തിലുള്ളവരാണ്. വൈക്കം മുഹമ്മദ് ബഷീറിനെ വായനക്കാര്‍ ആഘോഷിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തെ വേണ്ടത്ര പഠിക്കാന്‍ ശ്രമിക്കുന്നില്ല. ഉറൂബ്, വി കെ എന്‍, എ പി നാരായണപ്പിള്ള എന്നിവരെയും വേണ്ടത്ര വായിച്ചിട്ടില്ല. കാരൂര്‍ നീലകണ്ഠപിള്ള മലയാളത്തിലെ “പൂര്‍ണനായ” എഴുത്തുകാരനായിരുന്നു. പുതു തലമുറയിലും പ്രവാസ ലോകത്തും ഒട്ടേറെ മികച്ച എഴുത്തുകാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവാദത്തില്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍ മോഡറേറ്ററായിരുന്നു. ശിവപ്രസാദ്, ഇസ്മാഈല്‍ മേലടി എന്നിവര്‍ പ്രസംഗിച്ചു.