Connect with us

Gulf

റിപ്പബ്ലിക് ദിനാഘോഷം: ജനറല്‍ ശൈഖ് മുഹമ്മദിനെ സ്വീകരിക്കാന്‍ ന്യൂഡല്‍ഹിയൊരുങ്ങി

Published

|

Last Updated

രാജ്പഥ് സ്ട്രീറ്റില്‍ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്
സ്വാഗതമോതി സ്ഥാപിച്ച ബോര്‍ഡ്

അബുദാബി: ഇന്ത്യയുടെ 47-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മുഖ്യാതിഥി അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ സ്വീകരിക്കാന്‍ ഇന്ത്യയുടെ തലസ്ഥാനനഗരി അണിഞ്ഞൊരുങ്ങി. കേവലം ഒരാഘോഷപരിപാടിയില്‍ സംബന്ധിക്കുക എന്നതിലപ്പുറം ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വിവിധതലങ്ങളിലെ സൗഹൃദം കൂടുതല്‍ ഊഷ്മളമാക്കാനും ഇരുരാജ്യങ്ങള്‍ക്കും അതിലൂടെ നേട്ടങ്ങള്‍ കൈവരിക്കാനും ഉപയുക്തമാകുന്ന തരത്തിലുള്ള സംഗമമായിട്ടാണ് പരിപാടിയെ വിലയിരുത്തപ്പെടുന്നത്.

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ അതിഥിയായി ശൈഖ് മുഹമ്മദ് ന്യൂഡല്‍ഹിയിലെത്തുമെന്ന് മാസങ്ങള്‍ക്ക് മുമ്പേ വാര്‍ത്തയായിരുന്നെങ്കിലും സന്ദര്‍ശനം യു എ ഇ അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം മാത്രമാണ്. ശൈഖ് മുഹമ്മദിന്റെ ഇന്ത്യാ സന്ദര്‍ശനം വന്‍ പ്രാധാന്യത്തോടെയാണ് യു എ ഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട സ്ഥിതിക്ക്, സന്ദര്‍ശനത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ പ്രാധാന്യവും ഇന്ത്യയും യു എ ഇയും തമ്മില്‍ നിലവിലുള്ള ബന്ധത്തിന്റെ ആഴവുമൊക്കെ വിശദീകരിച്ച് നിരവധി പേജുകളുമായാണ് ചില അറബ് പത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂഡല്‍ഹിയില്‍ യു എ ഇ സായുധസേനയുടെ പ്രകടനങ്ങളുമുണ്ടാകുമെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു.
ശൈഖ് മുഹമ്മദിനെയും സംഘത്തേയും സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ന്യൂഡല്‍ഹിയില്‍ നടന്നുവരുന്നത്. നഗരത്തിന്റെ തെരുവുകളില്‍ മുഖ്യാതിഥിയായ ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങളുള്‍കൊള്ളുന്ന ഫഌക്‌സുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. നഗരത്തിന്റെ പ്രധാനഭാഗത്തെ ചില റോഡരികിലും റൗണ്ട്എബൗട്ടുകളിലും ഈത്തപ്പന മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ തന്ത്രപ്രധാന ഭാഗവും ആഘോഷപരിപാടികള്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്ന രാജ്പഥിലാണ് വര്‍ണവിളക്കുകളും മറ്റു അലങ്കാരങ്ങളും കൂടുതലുള്ളത്.