Connect with us

Gulf

റാസ് അല്‍ ഖൈമയില്‍ 'ഒറ്റയിരുപ്പ്' കോടതി സ്ഥാപിക്കാന്‍ കിരീടാവകാശി ഉത്തരവിട്ടു

Published

|

Last Updated

റാസ് അല്‍ ഖൈമ: ഒറ്റയിരുപ്പില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കാന്‍ റാസ് അല്‍ ഖൈമ കിരീടാവകാശിയും ജുഡീഷ്യറി കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉത്തരവിട്ടു. സിവില്‍, വ്യാപാര സംബന്ധമായ കേസുകള്‍ മാത്രമായിരിക്കും ഇത്തരം കോടതിയില്‍ തീര്‍പ്പ് കല്‍പിക്കുക. അതും അഞ്ച് ലക്ഷത്തിലധികം ദിര്‍ഹം മൂല്യമില്ലാത്ത കേസുകള്‍.

വ്യത്യസ്ത കാരണങ്ങള്‍കൊണ്ട് കേസുകളുടെ വിചാരണ നീട്ടിവെക്കലും അതിലൂടെ തീര്‍പ്പുകല്‍പിക്കുന്നതിന് കാലതാമസം നേരിടുന്നതും പൊതുവില്‍ കോടതികളുടെ രീതിയാണ്. നിസാരമായ കേസുകളില്‍വരെ പലപ്പോഴും ഈ കാലതാമസം അനുഭവപ്പെടാറുണ്ട്. എന്നാല്‍ നീട്ടിവെക്കലുളില്ലാതെ ഒറ്റയിരുപ്പില്‍തന്നെ കേസില്‍ അന്തിമ തീര്‍പ്പ് സാധ്യമാക്കുന്നതാണ് റാസ് അല്‍ ഖൈമ കിരീടാവകാശി ഉത്തരവിട്ട ഒറ്റയിരുപ്പ് കോടതി.
വ്യവസായ സംബന്ധമായതും മറ്റു സിവില്‍ കേസുകളും മാത്രമായിരിക്കും ഇത്തരം കോടതികളില്‍ പരിഗണിക്കുക. ഇത്തരം കേസുകളില്‍തന്നെ പരാതിക്കാരന്‍ തീര്‍പ്പ് ആവശ്യപ്പെട്ട തുക അഞ്ച് ലക്ഷം ദിര്‍ഹമില്‍ കൂടാത്തതുമാകണം. എമിറേറ്റില്‍ കോടതികളോടും നിയമവ്യവസ്ഥകളോടും ജനങ്ങള്‍ക്കുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് കിരീടാവകാശിയുടെ ഒറ്റയിരുപ്പ് കോടതി സ്ഥാപിക്കാനുള്ള ഉത്തരവെന്ന് റാക് കോടതി വിഭാഗം ചെയര്‍മാന്‍ അഹ്മദ് മുഹമ്മദ് അല്‍ ഖാതരി പറഞ്ഞു.
ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുക, നിയമ വ്യവസ്ഥ കൃത്യമായ രീതിയില്‍ ജനങ്ങളിലെത്തിച്ച് അവര്‍ക്ക് സംതൃപ്തി നല്‍കുക തുടങ്ങിയ ഭരണാധികാരികളുടെ കാഴ്ചപ്പാടിന്റെ ഭാഗംകൂടിയാണ് ഇത്തരം നീക്കങ്ങളെന്നും അല്‍ ഖാതരി വ്യക്തമാക്കി. ഒറ്റയിരുപ്പ് കോടതി റാസ് അല്‍ ഖൈമ ജുഡീഷ്യറിയുടെ ചരിത്രത്തിലെ പുതിയ അധ്യായമായിരിക്കുമെന്നും അല്‍ ഖാതരി വിശദീകരിച്ചു.