Connect with us

Gulf

സ്‌കൂള്‍ സീറ്റ് ബാലികേറാമല; 120 സീറ്റിന് 3,000 അപേക്ഷ

Published

|

Last Updated

അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ സീറ്റ് നറുക്കെടുപ്പിനെത്തിയ രക്ഷിതാക്കള്‍

അബുദാബി: അബുദാബിയില്‍ സ്‌കൂള്‍ സീറ്റ് ബാലികേറാമല. 120 സീറ്റിന് 3000 അപേക്ഷ. കെ ജി 1, ഒന്നാം ക്ലാസ് സീറ്റുകളിലേക്കാണ് ഉയര്‍ന്ന അപേക്ഷയുണ്ടായത്. കെ ജി 1 ലേക്കുള്ള 40 സീറ്റിന് വേണ്ടി 2000 രക്ഷിതാക്കളും ഒന്നാം ക്ലാസ്സിലേക്കുള്ള 80 സീറ്റിനായി 1000 രക്ഷിതാക്കളുമാണ് നറുക്കെടുപ്പിനായി എത്തിയത്. ശനിയാഴ്ച സ്‌കൂള്‍ അങ്കണത്തില്‍ നടന്ന നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനായി രാവിലെ എട്ടു മുതല്‍ തന്നെ രക്ഷിതാക്കള്‍ സ്‌കൂളില്‍ കുട്ടികളുമായെത്തിയിരുന്നു.

ഏറെ കണിശതയോടെയാണ് സ്‌കൂള്‍ അധികൃതര്‍ നറുക്കെടുപ്പ് നടത്തിയത്. 17നു തന്നെ പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ സ്വീകരിച്ചിരുന്നു. നറുക്കെടുത്ത കുട്ടിയുടെ പേര് വിളിച്ചാലുടന്‍തന്നെ രക്ഷിതാക്കള്‍ ബന്ധപ്പെട്ട രേഖകളുമായി എത്തണം. ആദ്യം വിളിച്ചത് രക്ഷിതാവ് കേട്ടില്ലെങ്കില്‍ രണ്ടുതവണകൂടി വിളിക്കും. നറുക്ക് വീണ കുട്ടിയുടെ പേര് മൂന്നുതവണ വിളിച്ചിട്ടും എത്തിയില്ലെങ്കില്‍ അവസരം നഷ്ടപ്പെടും. തുടര്‍ന്ന് അടുത്ത നറുക്കെടുത്ത് മറ്റുള്ളവര്‍ക്ക് നല്‍കും.
ഇതേ സ്‌കൂളില്‍ പഠിക്കുന്നവരുടെ സഹോദങ്ങള്‍ക്ക് നറുക്കെടുപ്പില്ലാതെതന്നെ ഇതിനോടകം പ്രവേശനം നല്‍കിയിരുന്നു. 130ഓളം കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ പ്രവേശനം ലഭിച്ചത്. എന്നാല്‍, ഇത്തരത്തിലുള്ള അപേക്ഷകരുടെ എണ്ണവും കൂടുതലായതിനാല്‍ വരുംവര്‍ഷങ്ങളില്‍ ഇവര്‍ക്കും നറുക്കെടുപ്പിലൂടെമാത്രമേ പ്രവേശനം സാധിക്കുകയുള്ളൂവെന്നാണ് സ്‌കൂള്‍ അധികാരികള്‍ പറയുന്നത്. അബുദാബിയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലും സീറ്റ് ക്ഷാമം രൂക്ഷമായിരുന്നു. സീറ്റ് പ്രശ്‌നം മറികടക്കുന്നതിന് പുതിയ സ്‌കൂള്‍ ആരംഭിക്കണമെന്നാവശ്യം ശക്തമാണെങ്കിലും ഒരു നടപടിയും അധികൃതര്‍ കൈകൊണ്ടിട്ടില്ല. പുതിയ അധ്യയനവര്‍ഷം തുടങ്ങാനിരിക്കേ എങ്ങും സീറ്റുകള്‍ക്കായുള്ള നെട്ടോട്ടമാണ്. ബനിയാസ്, മുസഫ്ഫ, അല്‍ വത്ബ എന്നിവിടങ്ങളില്‍ 2015-16 കാലഘട്ടത്തില്‍ ഇന്ത്യന്‍ പാഠ്യപദ്ധതി പ്രകാരമുള്ള പുതിയ സ്‌കൂളുകള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഉയര്‍ന്ന ഫീസ് കാരണം സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികള്‍ ഇന്ത്യന്‍ സ്‌കൂളില്‍തന്നെ പ്രവേശനം നേടാനാണ് ശ്രമിക്കുന്നത്. ഇതാണ് ഇത്രയും വലിയ തിരക്കിന് കാരണമാകുന്നത്. പുതിയ സ്‌കൂളുകളിലെ വാര്‍ഷിക ഫീസ് 10,000 ദിര്‍ഹത്തിലധികമാണ്. അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ ഇതിന്റെ പകുതിയേ ഈടാക്കുന്നുള്ളൂ. നഗരപരിധിക്കുള്ളിലാണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നതെന്നതും അപേക്ഷകര്‍ കൂടാന്‍ ഇടയായി.

സീറ്റ് ക്ഷാമം മറികടക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് കീഴില്‍ പുതിയ സ്‌കൂള്‍ ആരംഭിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest