Connect with us

Gulf

തേന്‍ മേളയിലെ താരമായി സിദ്‌റ

Published

|

Last Updated

അല്‍ മസ്‌റൂഅ യാര്‍ഡിലെ കഴിഞ്ഞദിവസത്തെ തേന്‍ മേളയില്‍ നിന്ന്‌

ദോഹ: തേന്‍ ഫെസ്റ്റിവലുകളിലെ മുഖ്യ ആകര്‍ഷണമായി ഏറ്റവും ഗുണനിലവാരത്തിലുള്ള പ്രാദേശിക തേന്‍ ഇനങ്ങള്‍. സിദ്‌റ തേനിനാണ് ഏറ്റവുമധികം ഡിമാന്‍ഡുള്ളത്. ഉത്പാദിപ്പിക്കുന്ന തേനിന് വിപണിയിലും ആവശ്യക്കാരേറുന്നുണ്ട്. അല്‍ മസ്‌റുഅ്, അല്‍ഖോര്‍ ദഖീറ, അല്‍ വഖ്‌റ എന്നിവിടങ്ങളിലായി നടത്തിയ മേളയില്‍ തേനീച്ച വളര്‍ത്തുന്നതിനാവശ്യമായ അനുബന്ധ ഉത്പന്നങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.
പോളിഫ്‌ളോറല്‍ തേനും സിദ്‌റയുമാണ് കൂടുതലും മേളയിലുണ്ടായിരുന്നത്. സെപ്തംബറിലാണ് സിദ്‌റ തേന്‍ ഉത്പാദനം ആരംഭിക്കുന്നത്. സിദ്‌റ മരങ്ങളില്‍ കൂടുകെട്ടുന്ന തേനീച്ചകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന തേനുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രചാരം. ഔഷധ മൂല്യമുള്ളതാണ് പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന തേനുകള്‍. നേരിയ ഇരുണ്ട നിറത്തിലുള്ള ഏറ്റവും ഗുണമേന്മയുള്ള തേനാണ് സിദ്‌റ.

മികച്ച രുചിയും വേറിട്ട സുഗന്ധവുമാണ് സിദ്‌റ തേനിന്റെ പ്രത്യേകത. ഓരോ ആറ് മാസം കൂടുമ്പോഴും 400 കിലോ തേനാണ് ഫാമില്‍ ഉത്പാദിപ്പിക്കുന്നതെന്ന് അല്‍ താഹര്‍ ഫാമിലെ എന്‍ജിനീയര്‍ മുഹമ്മദ് അബു സെയ്ദ് പറഞ്ഞു. സിദ്‌റ തേനിന് 750 ഗ്രാമിന് 200 റിയാലാണ് മേളയിലെ വില. തേനീച്ച സന്ദര്‍ശിക്കുന്ന മരത്തിന്റെ ഇനം അനുസരിച്ചാണ് തേനിന്റെ നിറവും രുചിയും ഇനവും തിരിച്ചറിയുന്നത്. ദേശീയ തേന്‍ വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായാണ് തേന്‍ വിപണന മേള നടത്തുന്നത്. 2012 ല്‍ തുടക്കമിട്ട പദ്ധതിയിലൂടെ തേനീച്ച വളര്‍ത്തല്‍ ജനകീയമാക്കുന്നതിനുള്ള പരിപാടികളാണ് നടത്തുന്നത്. 2012 ല്‍ മുപ്പത് എണ്ണമായിരുന്ന ഫാമുകള്‍ 2014 അമ്പതായി വര്‍ധിച്ചു. നിലവില്‍ 130 തേനീച്ച ഉത്പാദന ഫാമുകളാണ് രാജ്യത്തുള്ളത്.ഖത്വറിലെ മൂന്നു ശൈത്യകാല കാര്‍ഷിക ചന്തകളിലുമായി സംഘടിപ്പിച്ച തേന്‍ ഫെസ്റ്റിവലിന് ഉപഭോക്താക്കളില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. അല്‍ മസ്‌റുഅ ചന്തയിലായിരുന്നു ആദ്യത്തെ തേന്‍ മേള. അല്‍ വഖ്‌റ കാര്‍ഷിക ചന്തയില്‍ നടത്തിയ അവസാനത്തെ തേന്‍മേളയും ഉപഭോക്താക്കളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. തേനീച്ചവളര്‍ത്തല്‍ കൃഷിയിലേര്‍പ്പെട്ട കര്‍ഷകര്‍ക്ക് മികച്ച വരുമാനമാണ് മൂന്നു ചന്തകളിലെയും ത്രിദിന ഫെസ്റ്റിവലുകളിലൂടെ ലഭിച്ചത്. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് മേള.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയും പ്രോത്സാഹനവും നല്‍കി തേന്‍ ഉത്പാദനം വര്‍ധിപ്പിക്കാനാണ് മന്ത്രാലയം പ്രാധാന്യം നല്‍കുന്നത്. തേനീച്ചവളര്‍ച്ചല്‍ കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിപണിയില്‍ വലിയ അവസരങ്ങള്‍ മുനിസിപ്പാലിറ്റി, പരിസ്ഥിതിമന്ത്രാലയം ലഭ്യമാക്കുന്നുണ്ട്. മികച്ച ഗുണനിലവാരമുള്ളതും ശുദ്ധവുമായ പ്രാദേശിക തേന്‍ കൂടുതലായി വിറ്റഴിഞ്ഞിരുന്നു. അല്‍ മസ്‌റുഅ യാര്‍ഡില്‍ നടന്ന മേളയുടെ ആദ്യ ദിനത്തില്‍ തന്നെ പങ്കെടുത്ത ഫാമിന്റെ മുഴുവന്‍ ഉത്പന്നങ്ങളും വിറ്റഴിച്ചിരുന്നു. പതിനാറ് ഫാമുകളും നാല് കമ്പനികളുമാണ് ഇത്തവണത്തെ മേളകളില്‍ പങ്കെടുത്തത്.

 

---- facebook comment plugin here -----

Latest