നജീബിന്റെ തിരോധാനം: ഒരാള്‍ അറസ്റ്റില്‍

Posted on: January 22, 2017 11:09 am | Last updated: January 23, 2017 at 6:13 pm
SHARE

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. നജീബിനെ വിട്ടുതരണമെങ്കില്‍ മോചന ദ്രവ്യമായി 20 ലക്ഷം രൂപ കുടുംബത്തോട് ഇയാള്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് എംഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബിനെ കാണാതായത്. കേസ് പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. നേരത്തെ നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം പൊലീസ് 10 ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തെതുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 15 മുതലാണ് നജീബിനെ ഹോസ്റ്റലില്‍നിന്ന് കാണാതാവുന്നത്. ഇതേതുടര്‍ന്ന് രണ്ടു ദിവസം കഴിഞ്ഞ് പരാതി നല്‍കിയെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പ്രതിഷേധത്തെതുടര്‍ന്ന് നവംബറിലാണ് കേസ് എടുത്തത്.

അന്വേഷണം എങ്ങുമത്തൊത്തതിനെ തുടര്‍ന്ന് നജീബിന്റെ മാതാവ് ഹൈകോടതിയെ സമീപിച്ചു. അന്വേഷണസംഘത്തിന് കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടാകുകയും എത്രയും പെട്ടെന്ന് വിദ്യാര്‍ഥിയെ കണ്ടത്തൊന്‍ ആവശ്യപ്പെടുകയും ചെയ്തു. കോടതി ഇടപെടലിനെതുടര്‍ന്നാണ് പൊലീസ് നജീബ് താമസിച്ച മുറിയും പരിസരവും പരിശോധിക്കാന്‍ തയാറായത്. തുടക്കത്തില്‍ നജീബിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപയായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചത്.