മൊറോക്കോ പൊരുതി ജയിച്ചു

Posted on: January 22, 2017 10:20 am | Last updated: January 22, 2017 at 10:20 am

ലെബ്രിവെലെ: ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ ഗ്രൂപ്പ് സിയിലെ ആവേശകരമായ പോരില്‍ മൊറോക്കോ ടോഗോയെ കീഴടക്കിയപ്പോള്‍ ഐവറികോസ്റ്റ് രണ്ട് തവണ പിറകില്‍ നിന്ന ശേഷം കോംഗോക്കെതിരെ സമനില സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മൊറോക്കോയുടെ ജയം.
ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഡെമോക്രാറ്റിക് റിപബ്ലിക് കോംഗോ നാല് പോയിന്റുമായി മുന്നില്‍. മൂന്ന് പോയിന്റുള്ള മൊറോക്കോയാണ് രണ്ടാം സ്ഥാനത്ത്. രണ്ട് പോയിന്റുമായി ഐവറികോസ്റ്റും ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തുന്നു.
ഒരു പോയിന്റുമായി ഗ്രൂപ്പില്‍ നാലാം സ്ഥാനത്തുള്ള ടോഗോക്കും സാധ്യത അവശേഷിക്കുന്നു. അവസാന മത്സരത്തില്‍ കോംഗോയെ വീഴ്ത്തിയാല്‍ ടോഗോക്ക് വഴി തെളിയും.
മൊറോക്കോയും ഐവറികോസ്റ്റും തമ്മിലാണ് മറ്റൊരു മത്സരം. നാല് ടീമുകള്‍ക്കും തുല്യസാധ്യതയുള്ളതിനാല്‍ തന്നെ ചൊവ്വാഴ്ച നടക്കുന്ന അവസാന റൗണ്ട് മത്സരങ്ങള്‍ അത്യന്തം ആവേശകരവും നാടകീയതയും നിറഞ്ഞതാകും. അഞ്ചാം മിനുട്ടില്‍ ഡൊസെവിയുടെ ഗോളില്‍ മുന്നിലെത്തി ടോഗോയെ ആദ്യപകുതിയില്‍ തന്നെ പിറകിലാക്കിയാണ് മൊറോക്കോ മറുപടി നല്‍കിയത്. പതിനാലാം മിനുട്ടില്‍ ബൊഹഡോസും ഇരുപത്തൊന്നാം മിനുട്ടില്‍ സെയ്‌സുമാണ് മൊറോക്കോയെ മുന്നിലെത്തിച്ചത്. എഴുപത്തിരണ്ടാം മിനുട്ടില്‍ എന്‍ നെസ്‌റിയിലൂടെ വിജയഗോള്‍. കോഗോ ഒമ്പതാം മിനുട്ടില്‍ ഐവറികോസ്റ്റിനെ ഞെട്ടിച്ചു. ഇരുപത്താറാം മിനുട്ടില്‍ ബോണിയിലൂടെ ഐവറി മറുപടി നല്‍കി. രണ്ട് മിനുട്ടിനുള്ളില്‍ കോംഗോ കബാനാഗയുടെ ഗോളില്‍ ലീഡെടുത്തു. അറുപത്തേഴാം മിനുട്ടില്‍ സെറെ ഡിയിലൂടെ ഐവറി സമനില പിടിച്ചു.