സഊദിയിലെ സ്ത്രീ ശാക്തീകരണം ചര്‍ച്ചയാക്കി ആഗോള സമ്മേളനം

Posted on: January 22, 2017 9:58 am | Last updated: January 22, 2017 at 9:58 am

ദമ്മാം: തുര്‍ക്കിയില്‍ നടന്ന ആഗോള വികസന സമ്മേളനത്തി സഊദിയുടെ പുരോഗതിയില്‍ സ്ത്രീശാക്തീകരണത്തിന്റെ പങ്ക് പ്രധാന ചര്‍ച്ചാവിഷയമായി. സാങ്കേതിക തൊഴില്‍ പരിശീലന കോര്‍പറേഷന്‍ വനിതാവിഭാഗം മാധ്യമ പൊതുജന സമ്പര്‍ക്ക മേധാവി ഫൗസിയ അല്‍ ഹര്‍ബിയാണ് ഇക്കാര്യം സമ്മേളനത്തില്‍ അവതരിപ്പിച്ചത്. സഊദി വിഷന്‍ 2030 ന്റെ മൂലഭാഗമാണ് സ്ത്രീശാക്തീകരണം. തൊഴില്‍ വിപണിയിലെ ലഭ്യത 22 ല്‍ നിന്ന് 30 ശതമാനമാക്കല്‍, മൊത്ത അഭ്യന്തര ഉല്‍പാദനത്തില്‍ ചെറികിട ഇടത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള പങ്കാളിത്തം 20 ല്‍ നിന്ന് 35 ശതമാനമാക്കല്‍ വനിതാ തൊഴിലില്ലായ്മ 12.6 ശതമാനത്തില്‍ നിന്ന് 7 ആയി കുറച്ച് കൊണ്ടുവരല്‍ എന്നിവയെല്ലാം വിഷന്‍ 2030 ല്‍ പെടുന്നു.

രാജ്യത്തിന്റെ സംതുലിത വികസനത്തിന്റെ നല്ലൊരു ഭാഗം സ്ത്രീകളുടെ സംഭാവനയാണ്. അബ്ദുല്ല രാജാവിന്റെ കാലത്ത് തുടക്കമിട്ട ശാക്തീകരണ ശ്രമങ്ങള്‍ സല്‍മാന്‍ രാജാവും തുടരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പുകളിലും ശൂറാ കൗണ്‍സിലിലും ഇതിനകം പങ്കാളിത്തം ലഭിച്ചത് സ്ത്രീ ശാക്തീകരണത്തിന് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയുടെ നല്ല ഉദാഹരണങ്ങളാണ്. ഇന്ന് സഊദി ബാങ്കുകളില്‍ 45 ബില്യന്‍ റിയാലും റിയല്‍ എസ്‌റ്റേറ്റില്‍ 130 ബില്യന്‍ റിയാലും സ്ത്രീകളുടേതാണ്. മറ്റു ജീവകാരുണ്യ മാനവിക പ്രവര്‍ത്തനങ്ങളിലും കൂട്ടായ്മകളിലും അവരുടെ പങ്കാളിത്തം ചെറുതല്ല. സാമ്പത്തിക സാമൂഹ്യ പുരോഗതിയില്‍ സ്ത്രീകള്‍ക്ക് ഇനിയും പലതും നിര്‍വ്വഹിക്കാനുണ്ട്, ഫൗസിയ പറഞ്ഞു. തുര്‍ക്കിയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ 30 രാജ്യങ്ങളില്‍ നിന്ന് 300 ലധികം പ്രതിനിധികള്‍ പങ്കെടുത്തു.