Connect with us

Editorial

ജെല്ലിക്കെട്ടും കോടതിയുടെ ചുവടുമാറ്റവും

Published

|

Last Updated

അമ്പരപ്പുളവാക്കുന്നതാണ് ജെല്ലിക്കെട്ട് പ്രശ്‌നത്തില്‍ സുപ്രീംകോടതിയുടെ അപ്രതീക്ഷിത നിലപാട് മാറ്റം. മൃഗങ്ങളോടുള്ള ക്രൂരതയാണ് ജെല്ലിക്കെട്ട് മത്സരമെന്ന് വിലയിരുത്തിയ കോടതി, ഒടുവില്‍ അത് നടത്താനുള്ള സൗകര്യത്തിനായി കേസിലെ വിധി പ്രഖ്യാപനം ഒരാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കയാണ്. ജെല്ലിക്കെട്ട് നിരോധം നീക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയാനിരുന്ന വിധിപ്രസ്താവമാണ് പരമോന്നത കോടതി നീട്ടിയത്. തികച്ചും അന്യായമെന്ന് കോടതി തന്നെ പരാമര്‍ശിച്ച തമിഴരുടെ പ്രക്ഷോഭത്തിന്റെ പശ്ചാതലത്തില്‍ കേന്ദ്ര, തമിഴ്‌നാട് സര്‍ക്കാറുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കോടതിയുടെ ഈ ചുവടുമാറ്റം. ജെല്ലിക്കെട്ട് നിരോധം നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭം പരിഗണിക്കണമെന്ന ആവശ്യം വ്യാഴാഴ്ച സുപ്രീംകോടതി നിരാകരിച്ചതാണ്. കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പിന്നീട് അത് പരിഗണിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഈ അപൂര്‍വ നടപടി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
പരമ്പരാഗത വിനോദമെന്ന നിലയില്‍ തമിഴ്‌നാട്ടില്‍ നടന്നുവന്നിരുന്ന ജെല്ലിക്കെട്ട് 2011-ല്‍ യുപിഎ സര്‍ക്കാര്‍ നിരോധിച്ചതോടെയാണ് ഇതുസംബന്ധിച്ച പ്രശ്‌നം ഉടലെടുക്കുന്നത്. മൃഗസ്‌നേഹികളുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പി ഇ ടി എ) സുപ്രീം കോടതിയില്‍ നിന്ന് ജെല്ലിക്കെട്ടിനെതിരെ സ്‌റ്റേയും സമ്പാദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 12ന് ഇറക്കിയ ഇടക്കാല ഉത്തരവില്‍ ഈ ക്രൂരവിനോദം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. പടുകൂറ്റന്‍ കാളയും കുറേ യുവാക്കളും ചേര്‍ന്ന് നടത്തുന്ന ജെല്ലിക്കെട്ട് മത്സരത്തില്‍ കാളയെ കീഴ്‌പ്പെടുത്താനുള്ള മത്സരാര്‍ഥികളുടെ ശ്രമത്തിനിടയില്‍ അവര്‍ക്കും കാളകള്‍ക്കും മാരകമായ പരുക്കേല്‍ക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ കണക്കില്‍ മാത്രം നൂറോളം പേര്‍ മരിക്കുകയും പതിനായിരങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി മൃഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് സര്‍ക്കാര്‍ നിരോധമേര്‍പ്പെടുത്തിയത്. ഇത് കാരണം കഴിഞ്ഞ വര്‍ഷം ജെല്ലിക്കെട്ട് നടന്നില്ല. ഈ വര്‍ഷം ഏതുവിധേനയും നടത്തണമെന്ന വാശിയിലാണ് തമിഴ്ജനത. കോടതി വിധി മറികടക്കാന്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചത് ഈ പശ്ചാതലത്തിലാണ്.
തമിഴ്‌നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കി കരട് കേന്ദ്രത്തിന് സമര്‍പ്പിക്കുകയും കേന്ദ്ര നിയമ, പരിസ്ഥിതി, സാംസ്‌കാരിക മന്ത്രാലയങ്ങള്‍ ചെറിയ ഭേദഗതികളോടെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീം കോടതി വിധിപറയാന്‍ മാറ്റി വെച്ച വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി ഓര്‍ഡിനന്‍സിന് അനുമതി നല്‍കാന്‍ വിസമ്മതിച്ച പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പിന്നീട് അനുകൂല നിലപാട് സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന എന്ത് നീക്കത്തിനും പൂര്‍ണ പിന്തുണ നല്‍കുമെന്ന് മോദി പനീര്‍ശെല്‍വത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നുമാണ് വിവരം. പരമ്പരാഗത കായികവിനോദമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറിന് ഓര്‍ഡിനന്‍സ് ഇറക്കാനാകുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഉപദേശം നല്‍കിയിട്ടുമുണ്ട്. ഇനി രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണ് ഓര്‍ഡിനന്‍സിന് മുമ്പിലുള്ള കടമ്പ. രാഷ്ട്രപതി വിലങ്ങു നില്‍ക്കില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഭക്ഷ്യാവശ്യത്തിന് കാളകളെയും പശുക്കളെയും അറുക്കുന്നതില്‍ ക്രൂരത കാണുകയും അസഹ്യത ദര്‍ശിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും സാംസ്‌കാരിക നായകന്മാരും കേവല വിനോദത്തിനായി കാളകളെ ക്രൂരമായി പീഡിപ്പിക്കുന്നതിനെ അനുകൂലിക്കുന്നത് വിരോധാഭാസമാണ്. അറവിനായി കാലികളെ കൂട്ടത്തോടെ വാഹനങ്ങളില്‍ തിക്കിഞെരുക്കി കടത്തുന്നതിനെതിരെ അടുത്ത നാളുകളില്‍ തമിഴ്‌നാട്ടില്‍ വന്‍ തോതിലുള്ള പ്രതിഷേധവും നിയമ നടപടികളുമുണ്ടായിരുന്നുവെന്നതും പ്രസ്താവ്യമാണ്. ജെല്ലിക്കെട്ടിന് പരിശീലനം നല്‍കുന്ന ഘട്ടത്തിലും മത്സര വേളയിലും കാളകള്‍ കൊടിയ പീഡനമാണ് ഏല്‍ക്കേണ്ടി വരുന്നത്. കാളകളെ ദേഷ്യം പിടിപ്പിക്കാന്‍ മത്സരാര്‍ഥികള്‍ അവയുടെ വാലില്‍ ശക്തമായി കടിക്കുകയും കണ്ണില്‍ മുളക് തേക്കുകയും ചെയ്യുക പതിവാണ്. രാഷ്ട്രീയ നേട്ടമാണ് ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നതിലൂടെ രാഷ്ട്രീയ കക്ഷികള്‍ ലക്ഷ്യമാക്കുന്നത്. ഇവിടെ മൃഗങ്ങള്‍ അനുഭവിക്കുന്ന കൊടിയ പീഡനം അവര്‍ക്ക് പ്രശ്‌നമേയല്ല. സാംസ്‌കാരിക നായകന്മാരും നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് മുമ്പില്‍ കടമകളും ധര്‍മങ്ങളും വിസ്മരിക്കുകയാണ്.
എഴുപതുകളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്നതാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ അരങ്ങേറിയ പ്രക്ഷോഭം. ഭരണകൂടത്തിനും കോടതി വിധികള്‍ക്കുമെതിരെ ജനകീയ സമരങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യ വ്യവസ്ഥയില്‍ ശുഭോദര്‍ക്കമാണ്. പക്ഷേ, ന്യായയുക്തമായിരിക്കണം അതിന്റെ നിദാനമെന്ന് മാത്രം. ജെല്ലിക്കെട്ടിനായുളള പ്രക്ഷോഭമോ അതിന് വഴങ്ങുന്ന ഭരണകൂട നിലപാടോ ന്യായീകരണമര്‍ഹിക്കുന്നില്ല.