സുഹൃത്തും വഴികാട്ടിയുമായ നേതാവ്

സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന രംഗത്ത് അസാധാരണമായ ആവേശത്തോടെ തങ്ങള്‍ എല്ലാ കാലത്തും നിറഞ്ഞു നിന്നിരുന്നു. സത്യത്തിനോടൊപ്പമായിരുന്നു അവിടുത്തെ നിലപാട് എപ്പോഴുമുണ്ടായിരുന്നത്. പ്രവര്‍ത്തന രംഗത്ത് വെല്ലുവിളികളുയര്‍ത്താന്‍ ചിലരൊക്കെ ശ്രമിച്ചപ്പോള്‍ വലിയ ആത്മവിശ്വാസവും പ്രാര്‍ഥനകളും പിന്തുണയും നല്‍കി ഏറ്റവും അടുത്തു നിന്ന സ്‌നേഹിതനായിരുന്നു എനിക്ക് തങ്ങള്‍. വലിയ ധീരനായിരുന്നു തങ്ങള്‍. ഉറച്ച നിലപാടുകളെടുത്തു. സുന്നത്ത് ജമാഅത്തിന്റെ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല. അരുതാത്തത് കണ്ടാല്‍ തിരുത്താന്‍ മുന്നില്‍ നിന്നു.
Posted on: January 22, 2017 1:05 am | Last updated: January 22, 2017 at 1:05 am

ജീവിതം കൊണ്ട് വലിയ മാതൃകകള്‍ സൃഷ്ടിച്ച മഹാനായ പണ്ഡിതനും സയ്യിദും ആത്മീയ രംഗത്തെ പ്രമുഖ സാന്നിധ്യവുമായിരുന്ന സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ വിടപറഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കേണ്ടവരാണ് ഓരോ വിശ്വാസികളും. എഴുപത് വര്‍ഷക്കാലത്തെ ജീവിതം ദീനീ സേവനത്തിനും വൈജ്ഞാനിക മുന്നേറ്റത്തിനും ആത്മീയ വളര്‍ച്ചക്കും പ്രചാരണത്തിനും വേണ്ടി വിനിയോഗിച്ച മഹാനായിരുന്നു തങ്ങള്‍.
സയ്യിദ് യൂസുഫുല്‍ ജീലാനി തങ്ങളുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത് ഏതാണ്ട് നാലു പതിറ്റാണ്ട് മുമ്പാണ്. മടവൂര്‍ സി എം വലിയുല്ലാഹിയുമായുള്ള ബന്ധമായിരുന്നു തങ്ങളെ പരിചയപ്പെടാനും നിമിത്തമായത്. എഴുപതുകളിലെ ആദ്യ വര്‍ഷങ്ങളിലായിരുന്നു എന്നാണെന്റെ ഓര്‍മ്മ. പാലക്കാട് കൂടൂര്‍ എന്ന സ്ഥലത്ത് മുജാഹിദുകളുമായി ഇ കെ ഹസന്‍ മുസ്‌ലിയാരുടെ സംവാദം നിശ്ചയിച്ചു. എന്നാല്‍ അദ്ദേഹത്തിന് പെട്ടെന്ന് ഹജ്ജിനായി പോവേണ്ടി വന്നു. അതോടെ സംവാദത്തിന് മുജാഹിദുകള്‍ വെല്ലുവിളിച്ചു. സുന്നികള്‍ സംവാദത്തിന് തയ്യാറാണെന്ന് കെ മുഹമ്മദ് കോയ അറിയിച്ചു. സമസ്തയുടെ പണ്ഡിതന്‍മാര്‍ തുടര്‍ന്ന് യോഗം ചേര്‍ന്നു. സംവാദത്തില്‍ സംസാരിക്കാന്‍ എന്നെ ചുമതലപ്പെടുത്തി. അതിനു മുമ്പ് വലിയ സംവാദങ്ങളൊന്നും നടത്തിയിട്ടില്ലായിരുന്നുവെന്നതിനാല്‍ ഞാന്‍ സി എം വലിയുല്ലാഹിയെ കണ്ട്, പ്രാര്‍ഥന നടത്താന്‍ ആഗ്രഹിച്ചു. പക്ഷെ, നാല് തവണ പോയപ്പോഴും അദ്ദേഹം സ്ഥലത്തില്ലായിരുന്നു. അങ്ങനെ സംവാദത്തിന് വേണ്ടി പുറപ്പെട്ടു. മഞ്ഞക്കുളം മഖാമില്‍ സിയാറത്ത് നടത്തി പുറത്തിറങ്ങുമ്പോള്‍ സി എം വലിയുല്ലാഹിയുടെ ഖാദിമായ മടവൂര്‍ സ്വദേശി അബ്ദുര്‍റഹ്മാന്‍ സലാം ചൊല്ലി. സംവാദം നടത്താന്‍ സി എം വലിയുല്ലാഹി സമ്മതിച്ചിട്ടുണ്ടെന്നും വിജയിക്കുമെന്നും അദ്ദേഹം അറിയിച്ചു. അങ്ങനെ സംവാദം നടന്നു. സുന്നി ആശയങ്ങള്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും മറ്റ് അടിസ്ഥാന ഗ്രന്ഥങ്ങളുടെയും പിന്‍ബലത്തില്‍ സമര്‍ഥിച്ചപ്പോള്‍ അതിന് കൃത്യമായി മറുപടി പറയാന്‍ മുജാഹിദ് പക്ഷത്തിന് കഴിഞ്ഞില്ല. മതപരമായ അവരുടെ അജ്ഞതയെ ആ പ്രദേശവാസികളും സംവാദത്തിനെത്തിയവരും മനസ്സിലാക്കി. കൂടൂരും പരിസരത്തുമായി തൊണ്ണൂറ് വീട്ടുകാര്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വഴിയിലേക്ക് വന്നു. പിന്നീട് ഞാന്‍ സി എം വലിയുല്ലാഹിയെ കാണാന്‍ ചെന്നപ്പോള്‍ മഹാനവര്‍കളുടെ കൂടെയാണ് ആദ്യമായി സയ്യിദ് യൂസുഫുല്‍ ജീലാനി തങ്ങളെ കാണുന്നത്. ഞാന്‍ പേര് ചോദിച്ചപ്പോള്‍ യൂസുഫ് എന്ന് മറുപടി പറഞ്ഞു. പിന്നീട് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് സയ്യിദ് യൂസുഫുല്‍ ജീലാനി തങ്ങളാണെന്നും വൈലത്തൂരാണ് സ്വദേശമെന്നുമൊക്കെ എനിക്ക് മനസ്സിലായത്. അന്ന് തുടങ്ങിയ ആത്മബന്ധമാണ് തങ്ങളുമായിട്ടുള്ളത്. ഞങ്ങളുടെ ആദ്യ സംഗമത്തിനും പിന്നീട് ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം നിമിത്തമായത് സി എം വലിയുല്ലാഹിയുമായുള്ള ആത്മീയ ബന്ധമായിരുന്നു. സി എം വലിയുല്ലാഹിക്ക് വളരെ ഇഷ്ടമായിരുന്നു തങ്ങളോട്. സി എം വലിയുല്ലാഹി ഈ ലോകത്ത് നിന്ന് വിടപറയും വരെ തങ്ങള്‍ അവരുടെ കൂടെ ഉണ്ടായിരുന്നു.
സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന രംഗത്ത് അസാധാരണമായ ആവേശത്തോടെ തങ്ങള്‍ എല്ലാ കാലത്തും നിറഞ്ഞു നിന്നിരുന്നു. സത്യത്തിനോടൊപ്പമായിരുന്നു അവിടുത്തെ നിലപാട് എപ്പോഴുമുണ്ടായിരുന്നത്. ആ സത്യം അവിടുത്തേക്ക് ലഭിച്ചത് സി എം വലിയുല്ലാഹിയുമായുള്ള അടുത്ത ആത്മീയ സഹവാസത്തിലൂടെയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ തങ്ങള്‍ തന്ന ഊര്‍ജം ഒരിക്കലും മറക്കാന്‍ കഴിയില്ല.
എസ് വൈ എസിന്റെയും മുസ്‌ലിം ജമാഅത്തിന്റെയും നേതൃത്വത്തില്‍ നിന്ന് തങ്ങള്‍ ആവേശത്തോടെ പ്രവര്‍ത്തിച്ചു. ഏറ്റവും താഴെക്കിടയിലുള്ള അണികളിലേക്ക് ഇറങ്ങിവന്നു. എല്ലാവര്‍ക്കും ആശ്വാസം നല്‍കുംവിധം ധൈര്യം നല്‍കി. ഇന്നലെ അവിടുത്തെ വസതിയിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് വിശ്വാസികളുടെ മുഴുവന്‍ മുഖത്ത് ഏറ്റവും പ്രിയപ്പെട്ട ആത്മീയ നേതാക്കളിലൊരാള്‍ വിടപറഞ്ഞതിന്റെ സങ്കടമുണ്ടായിരുന്നു. കാരണം തങ്ങളുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെട്ടവരാണ് ആയിരക്കണക്കിന് വിശ്വാസികള്‍. സുന്നത്ത് ജമാഅത്തിന്റെ ഏത് പരിപാടിക്ക് ക്ഷണിച്ചാലും അദ്ദേഹം ആവേശത്തോടെ വന്നു. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഉറച്ച നിലപാടുകള്‍ സ്വീകരിച്ചു. പാണ്ഡിത്യത്തിന്റെ ശോഭയുള്ള ഉപദേശങ്ങള്‍ നല്‍കി. അവിടുത്തെ പ്രസംഗങ്ങള്‍ കേട്ടവര്‍ക്കറിയാം, വിശുദ്ധ ഖുര്‍ആനിലെയും ഹദീസിലെയുമൊക്കെ വചനങ്ങള്‍ ഓരോ സന്ദര്‍ഭത്തിലും അവിടുന്ന് ഉപയോഗിക്കുന്നതും വിശ്വാസികളെ ഉപദേശിക്കുന്നതും.
മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ പ്രവര്‍ത്തനത്തോട് വലിയ താത്പര്യമായിരുന്നു തങ്ങള്‍ക്കുണ്ടായിരുന്നത്. സി എം വലിയുല്ലാഹിക്ക് മര്‍കസിനോടുള്ള താത്പര്യവും തങ്ങളുടെ പ്രിയത്തിന് തീര്‍ച്ചയായും നിമിത്തമായിരുന്നു. രണ്ട് പതിറ്റാണ്ടിലധികമായി മര്‍കസിന്റെ വൈസ് പ്രസിഡന്റായി സേവനം ചെയ്യുന്ന തങ്ങള്‍ എല്ലാ പ്രധാന സമ്മേളനങ്ങള്‍ക്കും ആദ്യമെത്തും. അവിടുന്ന് ഓരോ പരിപാടിയും ശ്രദ്ധയോടെ കേള്‍ക്കും. ആവശ്യമുള്ള സമയത്ത് ആത്മീയോപദേശങ്ങള്‍ തരും. പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങി വന്ന് അവരിലൊരാളായി മാറും. എല്ലാ പ്രസംഗങ്ങളിലും സി എം വലിയുല്ലാഹിയെ പരാമര്‍ശിക്കും. ജീവിതത്തിലും മര്‍കസ് പ്രവര്‍ത്തന രംഗത്തും വെല്ലുവിളികളുയര്‍ത്താന്‍ ചിലരൊക്കെ ശ്രമിച്ചപ്പോള്‍ വലിയ ആത്മവിശ്വാസവും പ്രാര്‍ഥനകളും പിന്തുണയും നല്‍കി ഏറ്റവും അടുത്തു നിന്ന സ്‌നേഹിതനായിരുന്നു എനിക്ക് തങ്ങള്‍.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തങ്ങള്‍ അവസാനമായി മര്‍കസിലേക്ക് വന്നത്. മര്‍കസിന്റെ നാല്‍പ്പതാം വാര്‍ഷിക സ്വാഗതസംഘ രൂപവത്കരണത്തിന് നേതൃത്വം നല്‍കാനായിരുന്നു അന്നെത്തിയത്. ആ യോഗത്തിലെ അധ്യക്ഷന്‍ തങ്ങളായിരുന്നു. നിരവധി പണ്ഡിതന്‍മാരെയും പ്രവര്‍ത്തകന്‍മാരെയും മുന്നിലിരുത്തി നല്ലൊരുപദേശവും അവിടുന്ന് നല്‍കി. സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന രംഗത്ത് അടിയുറച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ടായിരുന്നു തങ്ങളുടെ ആ സംസാരം. എപ്പോഴും സുന്നിയായിരിക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരെ ഉണര്‍ത്തി. മഹാന്‍മാരെ ആദരിക്കാന്‍ പറഞ്ഞു. മര്‍കസിന്റെ പരിപാടികളിലേക്ക് അകലെയുള്ള തന്റെ വീട്ടില്‍ നിന്ന് വാഹനത്തില്‍ വന്നാലും എണ്ണയുടെ പണം പോലും തങ്ങള്‍ വാങ്ങിക്കില്ല. എത്ര നിര്‍ബന്ധിപ്പിച്ച് കൊടുക്കാന്‍ ശ്രമിച്ചാലും പറയും, എനിക്കാവശ്യമില്ല. ദീനി സംരംഭങ്ങള്‍ക്കെത്താന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എന്റെ കൈയില്‍ തന്നെ പണമുണ്ട്.
വലിയ ധീരനായിരുന്നു തങ്ങള്‍. ഉറച്ച നിലപാടുകളെടുത്തു. സുന്നത്ത് ജമാഅത്തിന്റെ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല. അരുതാത്തത് കണ്ടാല്‍ തിരുത്താന്‍ മുന്നില്‍ നിന്നു. ആത്മീയ ശാന്തി തേടുന്നവര്‍ക്ക് വലിയ അഭയമായി. സി.എം വലിയുല്ലാഹി പകര്‍ന്ന ആധ്യാത്മിക ചിന്തകളും സ്വഭാവങ്ങളും ജീവിതത്തിലുടനീളം സൂക്ഷിച്ചു.
പിതാവ് വഴി പ്രവാചക പരമ്പരയിലെ ബുഖാരി ഖബീലയിലും മാതാവ് വഴി ജീലാനി ഖബീലയിലുമായാണ് തങ്ങളുടെ ജനനം. തിരുനബി(സ)യോട് വലിയ ആദരവായിരുന്നു അവിടുത്തേക്ക്. മര്‍കസിന്റെ നേതൃത്വത്തില്‍ മീലാദ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചപ്പോഴൊക്കെ ആദ്യാവസാനം വരെ തങ്ങളുടെ സാന്നിധ്യം വേദിയിലുണ്ടാവും. മക്കളെയൊക്കെ വലിയ ആലിമീങ്ങളാക്കാന്‍ അവിടുന്ന് കണിശത കാണിച്ചു.
ജീവിതകാലത്ത് ചുറുചുറുക്കോടെ സുന്നത്ത് ജമാഅത്തിന് വേണ്ടി നിലകൊണ്ട തങ്ങളുടെ വിയോഗം സമസ്തക്കും മര്‍കസിനും സുന്നി സംഘടനകള്‍ക്കുമെല്ലാം വലിയ നഷ്ടമാണ്. വിശ്വാസികളുടെ പ്രാര്‍ത്ഥനകളില്‍ തങ്ങളുണ്ടാവണം. ഇനിയുള്ള അവിടുത്തെ ജീവിതത്തിലെ പദവികള്‍ ഉന്നതമാവാന്‍ നമ്മളെല്ലാം പ്രാര്‍ഥിക്കണം. അല്ലാഹു മഹാനായ സയ്യിദിനൊപ്പം പാരത്രിക ലോകത്ത് സന്തോഷത്തോടെ സംഗമിക്കാന്‍ നമുക്ക് അവസരം നല്‍കട്ടെ.., ആമീന്‍.