Connect with us

National

പാക്കിസ്ഥാന്‍ തടവിലുള്ള ഇന്ത്യന്‍ സൈനികനു മോചനം; വാഗ അതിര്‍ത്തി വഴി തിരിച്ചയക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാക്ക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയക്കാന്‍ തീരുമാനിച്ചു. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ചന്ദു ബാബുലാല്‍ ചൗഹാനെന്ന ജവാനെയാണ് മോചിപ്പിക്കുന്നത്. ചൗഹാനെ വാഗ അതിര്‍ത്തി വഴി തിരിച്ചക്കും. പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ജവാന്‍ നിയന്ത്രണരേഖ കടന്നത്. മാനുഷിക പരിഗണന വച്ചാണ് ജവാനെ വിട്ടയയ്ക്കുന്നതെന്ന് പാകിസ്ഥാന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ മിന്നലാക്രമണം നടത്തിയ വാര്‍ത്ത പുറത്തുവന്നു മണിക്കൂറുകള്‍ക്കകമാണ് സൈനികന്‍ പാക്കിസ്ഥാന്റെ പിടിയിലായെന്ന് വ്യക്തമായത്. പിടിയിലായ ജവാന്‍ മിന്നലാക്രമണം നടത്തിയ സംഘത്തിന്റെ ഭാഗമല്ലെന്നും ജോലിക്കിടെ അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതാണെന്നും സൈന്യം അന്നു തന്നെ വ്യക്തമാക്കിയിരുന്നു.

ഇത്തരത്തില്‍ സൈനികര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുന്നത് പതിവാണെന്നും നിലവിലെ സംവിധാനങ്ങള്‍ വഴി അവരെ തിരികെ എത്തിക്കാറുണ്ടെന്നും അന്നു സൈന്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest