Connect with us

Malappuram

നിലമ്പൂരില്‍ പ്ലാസ്റ്റിക് ക്യാരി ബേഗുകള്‍ക്ക് നിയന്ത്രണം വരുന്നു

Published

|

Last Updated

നിലമ്പൂര്‍: നഗരസഭയെ സമ്പൂര്‍ണ ശുചിത്വ നഗരസഭയാക്കുന്നതിന്റെ ഭാഗമായി നഗരസഭ പരിധിയില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബേഗുകള്‍ നിരോധിക്കുന്നു. ഈ മാസം 26 മുതലാണ് നിരോധനം നടപ്പില്‍ വരുന്നത്. വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ശേഖരിക്കുകയോ വില്‍പന നടത്തുകയോ കൈകാര്യം ചെയ്യുകയോ പാടില്ല. വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ക്യാരി ബേഗുകള്‍ നഗരസഭ തീരുമാനിച്ചിട്ടുള്ള വില ഈടാക്കി മാത്രമേ വില്‍പന നടത്താവൂ.

50 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരി ബേഗുകള്‍ വില്‍പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങളും തെരുവ് കച്ചവടക്കാരും നഗരസഭയില്‍ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം. കൂടാതെ പ്ലാസ്റ്റിക് ക്യാരി ബേഗുകള്‍ക്ക് വില ഈടാക്കുന്നതാണെന്ന വിവരം വ്യക്തമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴയുള്‍പ്പെടെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ഭക്ഷ്യാവശ്യത്തിന് തയ്യാറാക്കി വെച്ച വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്‌തെടുത്ത പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച ക്യാരി ബേഗുകളിലോ കണ്ടെയ്‌നറുകളിലോ സൂക്ഷിക്കാനോ വില്‍ക്കാനോ പാടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുവാന്‍ പാടില്ലെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, സെക്രട്ടറി അറിയിച്ചു.

 

---- facebook comment plugin here -----

Latest