ഫൈസല്‍ വധം: തത്പര കക്ഷികള്‍ക്ക് മുതലെടുക്കാന്‍ അവസരം നല്‍കരുത്: എസ് വൈ എസ്‌

Posted on: January 21, 2017 4:09 pm | Last updated: January 21, 2017 at 4:09 pm
SHARE

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് അന്വേഷണത്തിലെ അലംഭാവം തത്പര കക്ഷികള്‍ക്ക് മുതലെടുക്കാന്‍ അവസരം സൃഷ്ടിക്കരുതെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അതി ദാരുണമായി വര്‍ഗീയ ഫാസിസ്റ്റുകളാല്‍ കൊല്ലപ്പെട്ട ഫൈസലിന്റെ പേരില്‍ നാട്ടില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്നും ഇത്തരം കക്ഷികള്‍ മാറിനില്‍ക്കണം.

കൊലപാതകാനന്തരം കൊടിഞ്ഞിയിലും പരിസര പ്രദേശങ്ങളിലും ജനങ്ങള്‍ തികഞ്ഞ ആത്മ സംയമനം പാലിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.
തല്‍പര കക്ഷികളുടെ ഈ വിഷയത്തില്‍ ഇടപെടാനുള്ള കുത്സിത ശ്രമം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കാനും സാധിച്ചിരുന്നു. കേസന്വേഷണത്തിന്റെ ആദ്യ ദിവസങ്ങളിലുണ്ടായ പുരോഗതിയും ജാഗ്രതയും തുടര്‍ന്നു കൊണ്ടു പോവുന്നതില്‍ പോലീസിനുണ്ടായ പരാജയം തല്‍പര കക്ഷികള്‍ക്ക് രംഗ പ്രവേശനത്തിനുള്ള അവസരമൊരുക്കുകയായിരുന്നു.
ഗൂഢാലോചനയിലെ പ്രധാന പ്രതികളും അതിനായി ഒത്തുകൂടിയ സ്ഥാപനവും ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരുടെ പരിധിക്ക് പുറത്ത് നില്‍ക്കുന്നത് പരിഹാസ്യമാണ്. യഥാര്‍ഥ പ്രതികളെയും ഗൂഢാലോചകരെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണം.
ഫാസിസ്റ്റുകളെ വെള്ള പൂശുന്ന ഉദ്യോഗസ്ഥ ലോബിയെ നിയന്ത്രിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.
ഇതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവനാളുകളും ഒന്നിക്കുകയാണ് വേണ്ടതെന്നും മറിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതും ഒരു നിലക്കും അംഗീകരിച്ചു കൂടാ എന്നും യോഗം ഉണര്‍ത്തി.

യോഗത്തില്‍ സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ടി അലവി പുതുപ്പറമ്പ്, സയ്യിദ് സീതിക്കോയ തങ്ങള്‍, എന്‍ എം സ്വാദിഖ് സഖാഫി, വി പി എം ബശീര്‍, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുര്‍ റഹീം മാസ്റ്റര്‍ കരുവള്ളി, കെ പി ജമാല്‍ കരുളായി, ഇ കെ മുഹമ്മദ് കോയ സഖാഫി സംബന്ധിച്ചു.