ഭാര്യ തടങ്കലില്‍: ഹേബിയസ് കോര്‍പ്പസുമായി ഭര്‍ത്താവ് ഹൈക്കോടതിയില്‍

Posted on: January 21, 2017 4:05 pm | Last updated: January 21, 2017 at 4:05 pm
SHARE

മഞ്ചേരി: ഭാര്യയെ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വെച്ചതായി ഭര്‍ത്താവ് ഹൈക്കോടതിയില്‍. ഭാര്യയെ വീണ്ടെടുത്തു തരണമെന്നാവശ്യപ്പെട്ടാണ് മഞ്ചേരി പുല്‍പ്പറ്റ ഷാപ്പിന്‍കുന്ന് ഷാക്കിര്‍ (28) ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. മഞ്ചേരിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ അഞ്ജു കൃഷ്ണന്‍ (20) ഉം ഷാക്കിറും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും ഭര്‍തൃ വീട്ടില്‍ താമസിച്ചു വരവെ ഡിസംബര്‍ 27 ന് രാത്രി പത്തര മണിക്ക് അമ്മാവന്‍മാരായ ഉണ്ണി, ദേവന്‍ എന്നിവര്‍ അഞ്ജുവിനെ ബലമായി പിടിച്ചിറക്കി കൊണ്ടു പോയിയെന്നാണ് പരാതി. 2016 നവംബര്‍ 17ന് ഒളിച്ചോടിയ ഇരുവരും ഡിസംബര്‍ 21ന് മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് സത്യന്‍ മഞ്ചേരി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ഇക്കഴിഞ്ഞ ഡിസംബര്‍ 25ന് മഞ്ചേരി പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പെണ്‍കുട്ടിയുടെ ഇഷ്ട പ്രകാരം ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. ഇതു സംബന്ധിച്ച് ഷാക്കിര്‍ ഡിസംബര്‍ 28ന് മഞ്ചേരി പോലീസിലും ജനുവരി ഒന്നിന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഈ മാസം 25ന് അഞ്ജുവിനെ ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി.