Connect with us

Palakkad

ജലചൂഷണത്തിനെതിരെ കര്‍ശന നിരീക്ഷണം വേണം: മന്ത്രി എ കെ ബാലന്‍

Published

|

Last Updated

പാലക്കാട്: വരള്‍ച്ച രൂക്ഷമാവുന്ന സാഹചര്യത്തില്‍ വ്യവസായ സ്ഥാപനങ്ങളുടെ അനധികൃത ജല ചൂഷണം തടയാന്‍ ഭൂഗര്‍ജല വിഭാഗം നിരീക്ഷണം കര്‍ശനമാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ശീതളപാനീയ കമ്പനിക്കെതിരെയുള്ള ആരോപണം പരിശോധിച്ച് സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി എ.കെ.ബാലന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ജില്ലാ കലക്ടറേറ്റ് സമ്മേളനഹാളില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന വരള്‍ച്ചാ പ്രതിരോധനടപടികളുടെ അവലോകന യോഗത്തിലാണ് നിര്‍ദേശം. കമ്പനിക്ക് കോടതി വിധിപ്രകാരം പ്രതിദിനം അനുവദിക്കപ്പെട്ട അളവില്‍ കൂടു—തല്‍ ജലം ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. നബാര്‍ഡിന്റെ സഹായത്തോടെ നിര്‍വഹിച്ചു വരുന്ന കുളം നവീകരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുകുളങ്ങളുള്‍പ്പെടെ മൊത്തം കുളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കണമെന്നും സ്വകാര്യ കുളങ്ങളുടെ നവീകരണ സാധ്യത പരിശോധിച്ച് പൊതു ആവശ്യത്തിന് ഉപയോഗിക്കാമെന്ന് ഉടമസ്ഥന്റെ സമ്മതം ലഭ്യമാണെങ്കില്‍ അത്തരത്തില്‍ ഉപയോഗപ്പെടുത്താന്‍ നടപടി വേണമെന്നും മന്ത്രി നിര്‍ദേശിച്ചു. കുളം നവീകരണത്തിന്റെ പേരിലുള്ള മണലൂറ്റലിനെതിരെ ജില്ലാ കലക്ടര്‍ കര്‍ശന നടപടി എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിലവില്‍ ജില്ലയിലുള്ള 10000-ത്തോളം കുളങ്ങളില്‍ 200-ലേറെ കുളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
ആവശ്യമുള്ളവ കണ്ടെത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. നിലവില്‍ 56 കുളങ്ങളുടെ നവീകരണത്തിന് 15.31 കോടിയുടെ ഭരണാനുമതി ലഭിച്ചതായും 27 എണ്ണത്തിന്റെ നവീകരണം പൂര്‍ത്തിയായ—തായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജില്ലയില്‍ 120-ഓളം ഹാന്‍ഡ് പമ്പുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ഭൂഗര്‍ഭ ജലവിഭവ വകുപ്പ് അധികൃതര്‍ മന്ത്രിയെ അറിയിച്ചു. 640 എണ്ണത്തിന്റെ നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചതായും അവയുടെ നിര്‍മാണ പ്രവൃത്തികള്‍ 15 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വരള്‍ച്ച നേരിടാന്‍ ഭൂഗര്‍” ജല വകുപ്പിന് സര്‍ക്കാര്‍ അനുവദിച്ച 12.44 കോടിക്ക് പുറമേ പമ്പുകളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി പഞ്ചായത്ത്തല ഫണ്ട് ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാനും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇതിനു പുറമെ അനധികൃത കുഴല്‍കിണര്‍ നിര്‍മാണം കര്‍ശന നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. പറമ്പിക്കുളം-ആളിയാര്‍ അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം തമിഴ്‌നാട് കേരളത്തിന് നല്‍കാനുള്ള 340 ക്യൂസെക് ജലത്തില്‍ നിലവില്‍ 100 കുസെക് മാത്രമാണ് ലഭ്യമുവുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. കരാര്‍പ്രകാരമുള്ള ജലലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
മലമ്പുഴ, പോത്തുണ്ടി, മംഗലം ഡാമുകളില്‍ നിലവില്‍ നിശ്ചിത ശതമാനം ജലം കുടിവെള്ളത്തിനായി മാറ്റിവെച്ചിട്ടുള്ളതായി ജലവിഭവ വകുപ്പ് അധികൃതര്‍ അറിയിച്ചു.
മൊത്തം 28602 ഹെക്ടറില്‍ നെല്‍കൃഷി ചെയ്തതില്‍ 8385 ഹെക്ടര്‍ വരള്‍ച്ചയെ തുടര്‍ന്ന് നശിച്ചതായും കൃഷിനാശം വിത്ത് വിതരണം എന്നിവയെ തുടര്‍ന്ന് 19.99 കോടിയുടെ കുടിശ്ശികയുണ്ടെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇതിലും അടിയന്തര നടപടികള്‍ കൈക്കാള്ളുമെന്ന് മന്ത്രി അിറയിച്ചു.
വരള്‍ച്ചാ പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തന നടപടികള്‍ അടങ്ങിയ റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രണ്ട് ദിവസത്തിനകം മന്ത്രിക്ക് സമര്‍പ്പിക്കണമെന്നും മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. യോഗത്തില്‍ എം എല്‍ എമാരായ കെ വി വിജയദാസ്, കെ കൃഷ്ണന്‍കുട്ടി, കെ ബാബു, മുഹമ്മദ് മുഹ്‌സിന്‍, ഷാഫി പറമ്പില്‍, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി. എ ഡി എം എസ് വിജയന്‍ എന്നിവര്‍ പങ്കെടുത്തു.