ജല്ലിക്കെട്ട്: പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി ഒമാനിലെ തമിഴര്‍

Posted on: January 21, 2017 2:19 pm | Last updated: January 21, 2017 at 2:19 pm
SHARE
തമിഴ്‌നാട്ടിലെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഡ്യവുമായി റൂവിയില്‍ ഒത്തുചേര്‍ന്ന മസ്‌കത്തിലെ തമിഴ്‌നാട് സ്വദേശികള്‍

മസ്‌കത്ത്: ജല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ ആളിപ്പടരുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒമാനിലും തമിഴരുടെ സംഗമം. സുപ്രീം കോടതിയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് റൂവി അല്‍ മാസ ഹാളില്‍ നടന്ന പ്രതിഷേധത്തില്‍ മാത്രം നൂറുകണക്കിന് തമിഴ്‌നാട് സ്വദേശികളാണ് പങ്കെടുത്തത്.

‘വി സപ്പോര്‍ട്ട് ജെല്ലിക്കെട്ട്’, ‘വി വാണ്ട് ജെല്ലിക്കെട്ട്’ എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചും ജല്ലിക്കെട്ടിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും തമിഴ് മക്കള്‍ ഐക്യദാര്‍ഡ്യത്തില്‍ അണിനിരന്നു. പ്രതിഷേധം തമിഴ്‌നാട്ടില്‍ കത്തുന്നതിനിടെ ഇന്നലെ അവധി ദിനം എത്തിയതോടെയാണ് പ്രവാസികള്‍ ഐക്യദാര്‍ഡ്യവുമായി ഒത്തുചേര്‍ന്നത്. തങ്ങളുടെ കുടംബവും നാട്ടുകാരും പ്രതിഷേധത്തിലാണെന്നും ഇതിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നതും പ്രതിഷേധത്തിനെത്തിയ ചെന്നൈ സ്വദേശി പറഞ്ഞു. നൂറ്റാണ്ടാകളുടെ പഴക്കമുള്ള കായിക വിനേദം നിരോധിക്കേണ്ട എന്ത് കാരണമാണ് ഇപ്പോഴുണ്ടായിരിക്കുന്നത് എന്നാണ് മറ്റൊരാള്‍ ചോദിച്ചത്.
ഒമാനിലെ നിയമം പാലിക്കുന്നത് കൊണ്ടാണ് മറ്റു പ്രതിഷേധ പ്രകടനങ്ങളിലേക്ക് കടക്കാത്തതെന്നും തമിഴ്‌നാടിന്റെ എല്ലാ ഭാഗങ്ങളിലും ഇനിയും ജല്ലിക്കെട്ടുകള്‍ തുടരുമെന്നും ഐക്യദാര്‍ഡ്യവുമായി എത്തിയവര്‍ പറഞ്ഞു. ജെല്ലിക്കെട്ട് തമിഴ്‌നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇത് മൂലം നാടിന്റെ പ്രശസ്തി ഉയരുകയാണ് ഉണ്ടായിട്ടുള്ളത്. ഇവിടുത്തെ മാതൃകയില്‍ ലോകത്തിന്റെ പലഭാഗത്തും ജെല്ലിക്കെട്ടുകള്‍ നടന്നു വരുന്നുണ്ടെന്നും മൃഗങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കിയാണ് ജെല്ലിക്കെട്ട് നടന്നുവരുന്നതെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ ജല്ലിക്കെട്ട് നിരോധനത്തിനെതിരായ തമിഴ്‌നാട്ടിലെ ജനകീയ പ്രക്ഷോഭം വിജയത്തിലേക്കെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇത് സന്തേഷം തരുന്ന വാര്‍ത്തയാണെന്ന് തമിഴര്‍ പറഞ്ഞു. ജല്ലിക്കെട്ട് നിരോധനം നീക്കിയുള്ള ഓര്‍ഡിനന്‍സ് ഇന്ന് പുറപ്പെടുവിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയാറാക്കിയിരുന്നു. ഇത് ഉടന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. സാംസ്‌കാരിക പൈതൃകമെന്ന നിലയില്‍ ജെല്ലിക്കെട്ട് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തതോടെ നിരോധനം പിന്‍വലിക്കരുതെന്ന ഹര്‍ജിയില്‍ വിധിപറയുന്നത് കോടതി മാറ്റിവെക്കുകയും ചെയ്തു. മുഖ്യമന്ത്രി പനീര്‍സെല്‍വം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ സുപ്രീംകോടതിയില്‍ കേന്ദ്രം ജെല്ലിക്കെട്ടിന് അനുകൂല നിലപാടെടുക്കുകയായിരുന്നു.
ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നും ജെല്ലിക്കെട്ട് നടത്തണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. യുവാക്കളും ചലച്ചിത്ര പ്രവര്‍ത്തകരുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് ചെന്നൈ മറീന ബീച്ചില്‍ ഒത്തുകൂടിയിരിക്കുന്നത്. നാട്ടിലായിരുന്നുവെങ്കില്‍ മറീന ബീച്ചിലെ പ്രക്ഷോപകരില്‍ ഒരു അംഗമാകുമായിരുന്നുവെന്നും മസ്‌കത്തിലെ തമിഴര്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here