വരുന്നു, കൂടുതല്‍ സൈക്കിള്‍ പാതകള്‍

Posted on: January 21, 2017 12:26 pm | Last updated: January 21, 2017 at 12:26 pm

ദുബൈ: സൈക്കിള്‍ സവാരികാര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ദുബൈയില്‍ നഖീലിന് കീഴിലെ താമസക്കാര്‍ക്കായി 105 കിലോമീറ്റര്‍ ചുറ്റളവില്‍ സൈക്കിള്‍ സവാരിക്കായി പ്രത്യേക പാത ഒരുങ്ങുന്നു. 2019 രണ്ടാം പകുതിയോടെ പാത പ്രവര്‍ത്തന സജ്ജമാകും
നഖീലിന്റെ വിവിധ പദ്ധതി പ്രദേശങ്ങളായ ജുമൈറ ഐലന്‍ഡ്, ജുമൈറ വില്ലജ്, ദി ഗാര്‍ഡന്‍സ്, ഡിസ്‌കവറി ഗാര്‍ഡന്‍സ് തുടങ്ങി മറ്റു കേന്ദ്രങ്ങളെ കൂടി ബന്ധിപ്പിക്കുന്ന പാതയുടെ നിര്‍മാണത്തിനായി 15 കോടി ദിര്‍ഹം ചിലവിടുമെന്നു നഖീല്‍ അധികൃതര്‍ അറിയിച്ചു.
അല്‍ ഫുര്‍ജാന്‍, ദി ഗാര്‍ഡന്‍സ്, ഡിസ്‌കവറി ഗാര്‍ഡന്‍സ്, ഗാര്‍ഡന്‍ വ്യൂ വില്ല എന്നിവിടങ്ങളെ ചുറ്റത്തക്ക രീതിയില്‍ ആദ്യ ഘട്ടത്തില്‍ 40 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. അടുത്ത ഘട്ടത്തില്‍ ജുമൈറ വില്ലേജ് സര്‍ക്കിളില്‍ 27 കിലോമീറ്റര്‍ ഭാഗത്തെ പാതയുടെ പൂര്‍ത്തീകരണം നടക്കും. നാദ് അല്‍ ഷിബ മേഖലയിലെ അഞ്ച് കിലോമീറ്റര്‍ പാതയുടെ നിര്‍മാണവും ഇതോടൊപ്പമുണ്ടാകും.

പദ്ധതിയനുസരിച്ച് പൊതു ജനങ്ങള്‍ക്ക് വ്യാപാര കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, സുഹൃത്തുക്കളുടെ ഭവനങ്ങള്‍ തുടങ്ങിയവിടങ്ങളിലേക്ക് ടാക്‌സികളെയും മറ്റ് വാഹനങ്ങളെയും ആശ്രയിക്കാതെ യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് നഖീല്‍ ചെയര്‍മാന്‍ അലി റാശിദ് ലൂത്ത പറഞ്ഞു. പദ്ധതിയോടൊപ്പം വേഗതക്ക് പ്രാമുഖ്യം നല്‍കി രണ്ട് പ്രത്യേക ലൂപ്പുകളുടെ നിര്‍മാണവും നടക്കുന്നുണ്ട്. 10 കിലോമീറ്റര്‍ നീളത്തില്‍ സൂപ്പര്‍ ലൂപ്പ് പാതയും അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ അതിന് ചെറിയതും നിര്‍മിക്കുന്നുണ്ട്. പാം ജുമൈറ റസിഡന്റ്‌സ് മേഖലയെ പദ്ധതിയുടെ അവസാന ഘട്ടത്തില്‍ ഉള്‍പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.