പരിസ്ഥിതി സൗഹൃദ ഗതാഗതം; നടപടികള്‍ ഊര്‍ജിതമാക്കുന്നു

Posted on: January 21, 2017 12:12 pm | Last updated: January 21, 2017 at 12:12 pm
ദുബൈയിലെ ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷന്‍

ദുബൈ: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ദുബൈ നഗരത്തില്‍ 10 ശതമാനം പുതിയ വാഹനങ്ങളും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളായിരിക്കുമെന്ന് അധികൃതര്‍.
ദുബൈ നഗരത്തില്‍ കാര്‍ബണ്‍ പ്രസരണം കുറക്കുന്നതിന് വേണ്ടി ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) എന്നിവയുമായി സഹകരിച്ച് ദുബൈ ഊര്‍ജ ഉന്നതാധികാര സമിതി നടപ്പില്‍ വരുത്തുന്നതാണ് പുതിയ പദ്ധതി.

2021 ആകുമ്പോഴേക്കും നഗരത്തിലെ കാര്‍ബണ്‍ പ്രസരണതോത് 16 ശതമാനം കുറക്കും. ദുബൈ ഗവണ്‍മെന്റിന് കീഴിലെ എല്ലാ സ്ഥാപനങ്ങളും ഹൈബ്രിഡ് ഇലക്ട്രോണിക് വാഹനങ്ങള്‍ തങ്ങളുടെ വാഹന വ്യൂഹത്തിലുള്‍പെടുത്തണം, അധികൃതര്‍ വിശദീകരിച്ചു. 2016 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ നിരത്തിലിറക്കുന്ന വാഹനങ്ങളില്‍ 10 ശതമാനവും പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് അനുയോജ്യമായിട്ടുള്ളതാകും. 2020ഓടെ ദുബൈ നഗരത്തിലെ വാഹനങ്ങളില്‍ രണ്ട് ശതമാനവും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാകാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 2030ഓടെ ഇത് മൊത്തം വാഹനങ്ങളില്‍ 10 ശതമാനം എന്ന നിലയിലെത്തിക്കും. കൂടുതല്‍ ഇലക്ട്രിക് വാഹനഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നഗരത്തിന്റെ വിവിധയിടങ്ങളില്‍ 100 ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ ഏര്‍പെടുത്തുമെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദുബൈ വിമാനത്താവളങ്ങള്‍, നഗരസഭാ കാര്യാലയം, ഷോപ്പിംഗ് മാളുകള്‍, പെട്രോള്‍ പമ്പുകള്‍, ഹോട്ടലുകള്‍, പാര്‍കിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയിവിടങ്ങളില്‍ ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ ദിവ ഒരുക്കിയിരുന്നു.
അന്തരീക്ഷ മലിനീകരണം കുറച്ച് നഗരത്തിന്റെ സുസ്ഥിര പാരിസ്ഥിതിക പുരോഗതി കൈവരിക്കുന്നതിന് വേണ്ടിയാണ് ഗതാഗത സമ്പ്രദായത്തെ നവീകരിച്ച് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ ഉള്‍പെടുത്തുന്നത്. കൂടുതല്‍ പരിസ്ഥിതി സൗഹൃദ നടപടികള്‍ ഊര്‍ജിതമാക്കി ദുബൈ നഗരത്തെ കൂടുതല്‍ സ്മാര്‍ടാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്, ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

പരിസ്ഥിതി സൗഹൃദ ഗതാഗതം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ആര്‍ ടി എയും കൂടുതല്‍ നവീന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. നിലവില്‍ ആര്‍ ടി എക്കു കീഴിലുള്ള ദുബൈ ടാക്‌സി കോര്‍പറേഷനില്‍ 300 ഹൈബ്രിഡ് ടാക്‌സികള്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇത് ദുബൈ നഗരത്തിലോടുന്ന മൊത്തം ടാക്‌സികളുടെ ആറ് ശതമാനം വരും. 2021 ഓടെ 50 ശതമാനം ടാക്‌സികളും ഹൈബ്രിഡ് സംവിധാനത്തിലോടുന്നവയായിരിക്കും. ഇത്തരം വാഹനങ്ങള്‍ മറ്റ് വാഹനങ്ങള്‍ പുറത്തു വിടുന്നതിനേക്കാളും 33 ശതമാനം കുറവില്‍ മാത്രാമാണ് കാര്‍ബണ്‍ പുറംതള്ളുകയുള്ളു, ആര്‍ ടി എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു. വിവിധ ബഹുനില പാര്‍കിംഗ് കേന്ദ്രങ്ങളില്‍ ഇലക്ട്രിക് കാര്‍ ചാര്‍ജര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ആര്‍ ടി എയുടെ നേതൃത്വത്തില്‍ സാധ്യതാപഠനം പുരോഗമിക്കുന്നുണ്ട്. ദിവയുമായി സഹകരിച്ചു പ്രധാന കേന്ദ്രങ്ങളില്‍ 10 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയിലാണ്. ഈ വര്‍ഷം അവസാനത്തോടെ ഇത് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.